Loading ...

Home Music

ഇവിടെയുണ്ട് പഴമ; ഒരു കാലം പോലെ - by അനൂപ് അനന്തന്‍

ഇന്ന് നാടന്‍കലാ ദിനം
വടകര: ഇന്നലെയുടെ ശേഷിപ്പുകള്‍, അതൊരു കാലത്തിന്‍െറ കാഴ്ചയാണ്. പുതിയ കാലത്തിന്‍െറ പരക്കം പാച്ചിലിനിടയില്‍ ആര്‍ക്കാണിവ സംരക്ഷിക്കാന്‍ സമയമെന്ന് ചോദിക്കാന്‍ വരട്ടെ. അതിന് അപവാദമായി വടകരക്കാരുടെ സ്വന്തം പാട്ടുപുര നാണുവുണ്ട്. വീണ്ടുമൊരു നാടന്‍കലാദിനം കടന്നുപോകുമ്പോള്‍ പഴമയുടെ ജീവതാളം തേടുന്ന നാണുവിന്‍െറ വഴികള്‍ ഒരു പാഠപുസ്തകമാവുകയാണ്. നാടന്‍ പാട്ടുകളുമായി കേരളത്തിലുടനീളം രണ്ടായിരത്തിലേറെ വേദികള്‍, കുരുത്തോല കളരി, കാര്‍ഷികോപകരണങ്ങളുടെ പ്രദര്‍ശനം എന്നിവയിലൂടെ വടക്കന്‍ കേരളത്തിലെ പതിനായിരക്കണക്കിന് കുട്ടികള്‍ക്ക് പഴമയുടെ കാഴ്ചകള്‍ സമ്മാനിച്ചു.പുതിയ കാലത്തിന് നഷ്ടപ്പെടാനിടയുള്ള നാടന്‍ തനിമയുള്ള പാട്ടുകള്‍ ഹൃദിസ്ഥമാക്കുക കുട്ടിക്കാലത്തുതന്നെ നാണുവിന് ശീലമായിരുന്നു. ഒപ്പം പഴയകാലത്തെ ഉപകരണങ്ങള്‍ സൂക്ഷിച്ചുവെക്കലും പതിവായി. ഇവയൊക്കെ ഒരു പ്രദര്‍ശന ഇനമായി നാടുനീളെ കൊണ്ടുനടക്കേണ്ടിവരുമെന്ന് അന്ന് കരുതിയില്ല. ജലചക്രം, വത്തേ്, ഏത്തം, തേപ്പമുറം, കൃഷിയിടങ്ങളില്‍ മൃഗങ്ങളെയും കീടങ്ങളെയും അകറ്റാനുള്ള ഏളത്തിരി, നരിമൂളി, കവണം, ചെല്ലിക്കോല്‍, കൂവക്കോല്‍, പഴയകാലത്തെ വിവിധതരം പെട്ടികള്‍, പാത്രങ്ങള്‍ എന്നിങ്ങനെ നിരവധി ഇനങ്ങള്‍ ഇദ്ദേഹത്തിന്‍െറ ശേഖരത്തിലുണ്ട്.പല സമുദായങ്ങളുടെയും ആചാരങ്ങളുമായി ബന്ധപ്പെട്ട പാട്ടുകള്‍ പഠിച്ച് അവയെ ആസ്വാദകരിലത്തെിച്ചു. ആദിവാസിനൃത്തം, ഗോത്രനൃത്തം, കാളകളിപ്പാട്ട്, കുതിരക്കോലം, ദാരികവധം, വാള്‍പ്പയറ്റ് എന്നിവയെല്ലാം നാണു അവതരിപ്പിക്കും. കൂളിപ്പാട്ട്, താലോലം പാട്ട്, ഒസ്സമ്മായിപ്പാട്ട്, മാപ്പിളരാമായണം എന്നിവയും വിശേഷപ്പെട്ട ഇനങ്ങളാണ്. മൂവായിരത്തിലേറെ വേദികളിലെങ്കിലും പരിപാടി അവതരിപ്പിച്ചു.കുരുത്തോലക്കളരിയുടെ ആശാന്‍ കൂടിയാണ് നാണു. കഴിഞ്ഞ പതിനഞ്ചുവര്‍ഷം മുമ്പ് തിരുവള്ളൂര്‍-തുരുത്തിയിലെ നെല്ലിയുള്ള പറമ്പത്ത് നാണുവും ഭാര്യ ശോഭയും മക്കളായ ദ്രാമശോണിതയും ദ്രാമശോദിലയും സ്മൃതിലാലും ചേര്‍ന്ന കുടുംബമാണ് ‘പാട്ടുപുര’ രൂപവത്കരിച്ചത്.
ഒറ്റമുറിയുള്ള ഓലക്കൂരയാണ് പാട്ടുപുരയുടെ ആസ്ഥാനം. അടുത്തിടെ മകളുടെ കല്യാണത്തിന് നാട്ടുകാരുടെ സഹായത്തോടെ ചെറിയ മാറ്റങ്ങള്‍ വരുത്തി. തെയ്യക്കോലങ്ങളും ചമയങ്ങളും ഒരുക്കുന്നതില്‍ വിദഗ്ധന്‍കൂടിയാണ് നാണു. പാട്ടുനിറഞ്ഞ ജീവിതം ദുരിതമയമായതിനെക്കുറിച്ച് വേവലാതികൊള്ളാന്‍ നാണുവിന് സമയമില്ല.
സ്കൂളുകളില്‍നിന്ന് സ്കൂളുകളിലേക്ക് നാട്ടുവഴിയിലെ കലാസമിതി വേദികളില്‍ നിന്ന് മറ്റൊരിടത്തേക്ക്. ഇതിനിടയില്‍ സ്വന്തം ജീവിതത്തെ കുറിച്ചോര്‍ക്കാനോ വിശ്രമിക്കാനോ നാണുവിന് സമയമില്ല. വെറുമൊരു നാടന്‍പാട്ട് സംഘമല്ല നാണുവും കുടുംബവും. അവയുടെ സംരക്ഷകര്‍കൂടിയാണ്. നാടന്‍കലാ രംഗത്തെ പുരോഗമന പ്രസ്ഥാന പ്രവര്‍ത്തനങ്ങളിലും ഇദ്ദേഹം സജീവമാണ്.

Related News