Loading ...

Home Gulf

തൊഴിലാളികള്‍ക്ക് കൂടുതല്‍ സംരക്ഷണം പുതിയ തൊഴില്‍ നിയമം പ്രഖ്യാപിച്ച്‌ യു.എ.ഇ

ദുബായ്: തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി നിലവിലെ തൊഴില്‍ നിയമങ്ങള്‍ പരിഷ്‌കരിച്ച്‌ യു.എ.ഇ ഭരണകൂടം.

2021ലെ ഫെഡറല്‍ ഉത്തരവ് നിയമം നമ്ബര്‍ 33 ഹ്യൂമന്‍ റിസോഴ്സ് പ്രകാരം,​ യു.എ.ഇ. മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാറാണ് പുതിയ നിയമം പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷം ഫെബ്രുവരി രണ്ടു മുതല്‍ പുതിയ നിയമം പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്തെ തൊഴില്‍ ബന്ധങ്ങള്‍ കൂടുതല്‍ സുതാര്യവും ജീവനക്കാര്‍ക്ക് കൂടുതല്‍ സംരക്ഷണം ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടും കൂടിയാണ് യു.എ.ഇ ഭരണകൂടം പുതിയ നിയമം നടപ്പിലാക്കുന്നത്.പുതിയ തൊഴില്‍ നിയമം നടപ്പിലാക്കുന്നതിലൂടെ സഹപ്രവര്‍ത്തകര്‍ അല്ലെങ്കില്‍ മേലുദ്യോഗസ്ഥര്‍ നടത്തുന്ന ഭീഷണിപ്പെടുത്തല്‍, ലൈംഗികപീഡനം, രേഖകള്‍ അനധികൃതമായി കൈവശപ്പെടുത്തല്‍ എന്നിവയില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം ലഭിക്കും. തൊഴിലാളികള്‍ക്ക് നല്‍ക്കുന്ന പ്രൊബേഷന്‍ കാലാവധി ആറുമാസത്തില്‍ കൂടരുതെന്നും നിയമത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ഫുള്‍ടൈം, പാര്‍ട്ട് ടൈം ഉള്‍പ്പെടെ എല്ലാ ജീവനക്കാര്‍ക്കും പുതിയ നിയമം ബാധകമാണ്. ഒരു സ്ഥാപനത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ അനുവദിക്കുകയും,​ തൊഴില്‍ കാലാവധിയുടെ അവസാനം യു.എ.ഇ.

വിടാന്‍ ഉടമ നിര്‍ബന്ധിക്കുന്നതില്‍ നിന്ന് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്യുന്നതാണ് പുതിയ നിയമം.തൊഴില്‍ കേസുകളെ ജുഡീഷ്യല്‍ ഫീസില്‍ നിന്ന് ഒഴിവാക്കും. എമിറാത്തി കേഡറുകളുടെ പങ്കാളിത്തവും മത്സരശേഷിയും വര്‍ദ്ധിപ്പിക്കുകയും തൊഴില്‍ വിപണിയില്‍ സ്ത്രീ ശാക്തീകരണം പ്രോത്സാഹിപ്പിക്കുവാനും നിയമം സഹായിക്കുമെന്നും വിദഗ്ദര്‍ വിലയിരുത്തുന്നു. അതേ സമയം രാജ്യത്തെ ബിസിനസ് രംഗത്തെ മെച്ചപ്പെടുത്താനും തൊഴില്‍ വിപണിയുടെ മത്സര ക്ഷമതയും ഉല്‍പാദന ക്ഷമതയും പ്രോത്സാഹിപ്പിക്കുന്നതിനും പുതിയ നിയമം സഹായിക്കുമെന്ന് മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ അല്‍ അവാര്‍ പറഞ്ഞു.

Related News