Loading ...

Home cinema

മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററിലേക്ക്; സര്‍ക്കാരിന് വന്‍ ലാഭം, പ്രതീക്ഷിക്കുന്നത് 35 കോടി നികുതി

കൊച്ചി : ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യാനിരുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍ തിയേറ്ററുകളിലെത്തുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത് വന്‍ ലാഭം.

മോഹന്‍ലാല്‍ നായകനായെത്തുന്ന അഞ്ച് ചിത്രങ്ങളാണ് തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാനൊരുങ്ങുന്നത്. ഇതോടെ വിനോദ നികുതി ഇനത്തില്‍ സര്‍ക്കാരിന് ഏകദേശം 35 കോടി രൂപ ലഭിക്കും. ഇത് കൂടാതെ സാംസ്‌കാരിക ക്ഷേമനിധി വിഹിതമായി 15 കോടിയോളം രൂപ ലഭിക്കുമെന്നാണ് വിവരം.

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം', പ്രിയദര്‍ശന്റെ തന്നെ 'ബോക്‌സര്‍', പൃഥ്വിരാജ് സംവിധാനം ചെയ്ത 'ബ്രോ ഡാഡി', ജീത്തു ജോസഫിന്റെ 'ട്വല്‍ത് മാന്‍', ഷാജി കൈലാസ് ഒരുക്കിയ 'എലോണ്‍' എന്നിവയാണ് തിയേറ്ററുകളെ ഇളക്കിമറിക്കാനെത്തുന്ന ലാലേട്ടന്‍ ചിത്രങ്ങള്‍. സര്‍ക്കാരുമായി നടത്തിയ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെയാണ് മറ്റ് മോഹന്‍ലാല്‍ ചിത്രങ്ങളും തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.

കൊറോണ കാരണം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന തിയേറ്റര്‍ ഉടമകളുടെ ബുദ്ധിമുട്ട് കൂടി പരിഗണിച്ചാണ് ഈ തീരുമാനം. എന്നാല്‍ സിനിമകള്‍ തിയേറ്ററുകളില്‍ ഇറക്കുന്നതിലൂടെ സര്‍ക്കാര്‍ ലാഭം കൊയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഒരു ടിക്കറ്റ് 3 രൂപയാണ് ക്ഷേമനിധിയിലേക്കു നല്‍കേണ്ടത്. ഈ ചിത്രങ്ങള്‍ ചേര്‍ന്നു ചുരുങ്ങിയത് 350- 375 കോടി വരെ കളക്ഷന്‍ നേടാന്‍ സാദ്ധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. ചിത്രങ്ങള്‍ വന്‍ വിജയമായാല്‍ സര്‍ക്കാരിനു ലഭിക്കുന്ന വരുമാനവും ഉയരും.

കൊറോണ പ്രതിസന്ധിക്കിടയിലും തിയേറ്ററുകളിലെ കാണികളുടെ പ്രവേശനത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്നുള്ള സൂചനകളും ലഭിക്കുന്നുണ്ട്. നിലവില്‍ പകുതി സീറ്റുകളില്‍ മാത്രമാണ് കാണികളെ പ്രവേശിപ്പിക്കുന്നത്. വൈകാതെ തന്നെ 75 ശതമാനം സീറ്റുകളില്‍ ആളുകളെ പ്രവേശിപ്പിച്ചേക്കും.


Related News