Loading ...

Home cinema

ഇതാണു ഞങ്ങളുടെ ഗിഫ്റ്റ് - by വി എൻ രാഖി

കുടുംബത്തോടെ കാണാവുന്ന നല്ല സിനിമകൾ നിർമ്മിച്ച് മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടിയ അച്ഛൻ. സ്വന്തം ‘ഓപ്പോളാ’യി മലയാളികൾ സ്വീകരിച്ച മികച്ച അഭിനേത്രിയായ അമ്മ. സിനിമ പഠിച്ചു പഠിച്ച് സിനിമയുടെ പിന്നാമ്പുറക്കാഴ്ചകളെക്കുറിച്ചല്ലാതെ മറ്റൊന്നും ചിന്തിക്കാത്ത മകൾ. യുവനായികയായി തിളങ്ങിയ അനിയത്തി, സിനിമയെ സ്നേഹിച്ചു സ്നേഹിച്ച് കൊതി തീരാതെ വന്നപ്പോൾ ഈ കുടുംബത്തിനു തോന്നി മലയാള സിനിമയ്ക്ക് ഒരിക്കലും മറക്കാത്ത ഒരു ഗിഫ്റ്റ് കൊടുക്കണമെന്ന്. അന്നു മുതല്‍ അവർ നാലുപേരും ഒരുമിച്ച് ഹൃദയത്തിൽ പണിതു തുടങ്ങിയ സ്വപ്നമാണ് രേവതി കലാമന്ദിർ ഫിലിം അക്കാദമി. ഇതാ, ഇപ്പോൾ വീടിന്റെ പടി കടന്നാൽ മുറ്റത്ത് വിടർന്നു നിൽക്കുന്ന പൂക്കൾക്കു പോലും പറയാനുളളത് പുതിയ സം‌രഭത്തിന്റെ വിശേഷങ്ങളാണ്. അക്കാദമിയുടെ ആവ ശ്യങ്ങള്‍ക്കായിട്ടാണെങ്കിലും രണ്ടു മക്കളേയും അവരുടെ അച്ഛനേയും കുറച്ചു ദിവസം ഒരുമിച്ചു വീട്ടിൽ കിട്ടിയതിന്റെ സന്തോഷത്തിൽ മേനക പറഞ്ഞു തുടങ്ങി.‘‘ഞങ്ങളൊക്കെ അഭിനയിക്കുന്ന കാലത്ത് സിനിമയ്ക്കുവേണ്ടി ഒരു സ്ഥാപനം എന്നൊന്നും കേട്ടിട്ടു കൂടിയില്ല. മുഖത്ത് ലൈറ്റ് വീഴാതെ ചെയ്യ്, റൈറ്റ് ക്യാച്ച് ചെയ്യ് എന്നൊക്കെ സംവിധായകൻ പറയും. നമ്മൾ ചെയ്യും. അതാണ് പഠനം. പക്ഷേ, ഇപ്പോൾ കാലം എത്രയാ മാറിയത്.... നമ്മളും മാറാതെ പറ്റില്ലല്ലോ’’ ഭാര്യയുടെ വാക്കുകൾ കൗതുകത്തോടെ കേട്ടിരുന്ന സുരേഷ് കുമാർ പെട്ടെന്ന് ഉ‌ഷാറായി. ‘‘ദിവസവും എത്രയോ പേർ കഥ പറയാൻ വരുന്നു. നമ്മൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കും. പക്ഷേ, വരുന്നവർക്ക് അവരുടെ സ്വന്തം അനുഭവങ്ങളും ജീവിത കഥയുമൊക്കെയാണ് സിനിമയാക്കേണ്ടത്. നാടകീയമായ വഴി ത്തിരിവുകൾ, പുതുമയുടെ സ്പർശം ഇതൊന്നുമില്ലാത്ത, ഒരു തരിപോലും സ്പാർക്ക് ഇല്ലാത്ത കഥ കേൾക്കേണ്ടി വരുമ്പോൾ വല്ലാത്ത നിരാശ തോന്നും. അപ്പോഴൊക്കെ വിചാരിച്ചിട്ടുണ്ട്. പുതിയ തലമുറയെ സിനിമയിലേക്ക് ഫോക്കസ് ചെയ്യാൻ സഹായിക്കുന്ന ഒരു സ്ഥാപനം വേണമെന്ന്.

നല്ല സിനിമകൾ വരട്ടെമേനക : രതിനിർവ്വേദം പ്രൊഡ്യൂസ് ചെയ്യാൻ തീരുമാനിച്ചപ്പോൾ മക്കൾ ചോദിച്ചു. എന്തിനാ ഇങ്ങനെയൊരു പടം പിടിക്കുന്നത് എന്ന്. പഴയ രതിനിര്‍വേദം എ സർട്ടിഫിക്കറ്റ് ആണെങ്കിൽ പുതിയത് യു എ സർട്ടിഫിക്കറ്റ് ആണ്. പടം കണ്ട പലരും പറഞ്ഞു അയ്യോ ചേച്ചി പറ്റിച്ചല്ലോ. ഞങ്ങൾ പ്രതീക്ഷിച്ചപോലൊന്നും ഇല്ലല്ലോ എന്ന്.സുരേഷ് : മലയാള സിനിമ ബീപ് ശബ്ദങ്ങളോടെ ഘോഷയാത്രയായി മാറുന്നതിനോട് ഒട്ടും യോജിക്കാനാവുന്നില്ല. കുടുംബത്തോടൊപ്പം സിനിമകൾ കാണുന്നതാണ് മലയാളിക്ക് അന്നും ഇന്നും ഇഷ്ടം. അതുകൊണ്ട് പുതിയ സിനിമ പ്ലാൻ ചെയ്യു മ്പോൾ തന്നെ നാലു പേരും ചർച്ച ചെയ്യും. ആരെങ്കിലും ഒരാളാണ് കഥ കേട്ടതെങ്കിലും എല്ലാവരോടും കഥ പറയും. എല്ലവരും അഭിപ്രായങ്ങൾ പറയും. അതിനുശേഷമേ ആ കഥ ഏറ്റെടുക്കണോ എന്നു തീരുമാനിക്കൂ.‘‘അച്ഛനാണ് കേട്ടോ ഞങ്ങളുടെ അക്കാദമിയുടെ മാസ്റ്റർ ബ്രെയിനും ചെയര്‍മാനും’’ എന്നു പറഞ്ഞ് മൂത്ത മകൾ രേവതിയെത്തി.മേനക: ഈ രേവതിക്ക് ഡാൻസ് എന്നു വച്ചാൽ ഒരു പാട് ഇഷ്ടമാണ്. കുട്ടിയായിരിക്കുമ്പോൾ പാത്രത്തിൽ കൊട്ടിയാൽ പോലും രേവതി ഡാൻസ് ചെയ്യുമായിരുന്നു. ഭരതനാട്യത്തിൽ മാസ്റ്റേഴ്സ് ഡിഗ്രിയും ചെയ്യുന്നുണ്ട്. പദ്മ സുബ്രഹ്മണ്യത്തിന്റെ ശിക്ഷ്യകളാണ് ഞങ്ങൾ രണ്ടു പേരും. സൂര്യാ ഫെസ്റ്റി വലിൽ ഇവൾ ന‍ൃത്തം ചെയ്തു. കുറച്ചു സ്റ്റേജുകളിൽ ഞങ്ങൾ ഒരുമിച്ച് പെർഫോം ചെ‌യ്തിട്ടുമുണ്ട്.രേവതി : കീർത്തി പിന്നെ കോസ്റ്റ്യൂം ഡിസൈനിങ് ആണ് പഠിച്ചത് . കോഴ്സ് മുഴുവനാക്കും മുമ്പേ പ്രിയൻ അങ്കിൾ അവളെ ഗീതാഞ്‍ജലിയില്‍ നായികയാക്കി. തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമാണ് ഇപ്പോള്‍ കൂടുതൽ ഓഫറുകൾ. അതുകൊണ്ട് കാണാൻ കിട്ടുന്നത് തന്നെ വല്ലപ്പോഴുമാണ്. എന്നാലും അക്കാദമിയുടെ കാര്യങ്ങളെല്ലാം അപ്പോഴപ്പോൾ കീര്‍ത്തിയെ അറിയിക്കും.‘‘ഞാനും സജഷൻസ് പറയാറുണ്ട്’’ എന്നു‌ പറഞ്ഞ് കീർത്തി ഓടി വന്ന് എല്ലാവർക്കും നടുവിലായി ഇരുന്നു.കീർത്തി : സെറ്റില്‍ നിന്ന് സെറ്റിലേക്കുളള ഓട്ടമാണിപ്പോള്‍. തമിഴിൽ ഇപ്പോൾ രണ്ട് പടങ്ങൾ കഴിഞ്ഞു. എ.എൽ.വിജയ് സംവിധാനം ചെയ്ത ‘ഇത് എന്ന മായ’വും ‘രജനി മുരുഗ’നും. ‘നേര’ത്തിലെ വില്ലന്‍ ബോബി സിൻഹ നായകനായ ‘പാമ്പു സട്ടൈ’യും ചെയ്തു. തെലുങ്കു പടവും ചെയ്യുന്നുണ്ട്. എന്റെ ഡേറ്റ്സ് മാനേജ് ചെയ്യുന്നതും കഥകള്‍ കേൾക്കുന്നതുമൊക്കെ ദാ, ഈ ഇരിക്കുന്ന ആളാണ്, എന്റെ അമ്മ.സുരേഷ്: അച്ഛൻ പടമെടുക്കുമ്പോൾ നിന്റെ ഡേറ്റ്സ് തരണം എന്നു പറഞ്ഞാൽ അതൊക്കെ എന്റെ മാനേജരോട് സംസാരിച്ചാൽ മതി, കാശ് കറക്ടായി തന്നാൽ നോക്കാം എന്നൊക്കെ ഇവൾ ജാഡയിടും. അവൾക്കു ഞാൻ കാശു കൊടുത്തതു തന്നെ.
Suresh Menaka Revathy Keerthy
സുരേഷ്, മേനക, രേവതി, കീർത്തി
മേനക: ഏതു റോൾ ചെയ്യുമ്പോഴും വൾഗർ ആകാതെ നോക്കണമെന്ന് എപ്പോഴും കീർത്തിയോടു ഞാൻ പറയാറുണ്ട്. ഗ്ലാമറസ് ആകുന്നതും വൾഗർ ആകുന്നതും രണ്ടും രണ്ടാണ്. മലയാളത്തിൽ നിന്നു പോകുന്ന നടിമാർക്കുണ്ടാകാറുളള വലിയ പ്രശ്നമാണത്. കീർത്തിയുടെ കാര്യത്തിൽ, കംഫർട്ടബിൾ അല്ലെന്നു തോന്നിയാൽ അവൾ തു‌റന്നു പറയും. മറ്റു കാര്യങ്ങളെല്ലാം അവൾ തനിയെ മാനേ‌ജ് ചെയ്യും.സുരേഷ്: രേവതിക്ക് ചെറുപ്പം മുതലേ സിനിമയ്ക്ക് പുറകിൽ നിൽക്കാനാണ് താല്‍പര്യം. ചിക്കാഗോയിൽ നിന്ന് ഫിലിം ആൻഡ് ആനിമേഷൻ സ്പെഷ്യലൈസേഷനോടെ വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബാച്ചിലേഴ്സ് ഡിഗ്രിയെടുത്തു. ഫ്ലോറിഡ യിൽ വിഷ്വൽ ഇഫക്ടിൽ ഹയർ സ്റ്റഡീസ് ചെയ്തു. ഷാറൂഖ് ഖാന്റെ നിര്‍മാണക്കമ്പനി റെഡ് ചില്ലീസിൽ ജോലി ചെയ്യുകയായിരുന്നു ഒരു വർഷം. ഇപ്പോൾ ചെറിയൊരു ബ്രേക്കെടുത്തതാണ്, അക്കദമിയുടെ ചുമതലയുമായി.ഓഫർ കിട്ടിയാല്‍ റെഡിയാണ്മറ്റു ഭാഷകളിലാണ് അഭിനയിക്കുന്നതെങ്കിലും വർഷത്തിലൊരു നല്ല മലയാള പടമെങ്കിലും ചെയ്യണമെന്നുണ്ടെന്ന് കീർത്തി പറയുന്നു. ‘‘അച്ഛന്റെ സിനിമയിൽ കൊസ്റ്റ്യൂം ഡി‌സൈൻ ചെയ്യണമെന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു. അഭിനയവും ഡിസൈനിങ്ങും കൂടി ഏതായാലും മന്നോട്ടു പോവില്ല. സിനിമയ്ക്കു പുറകിൽ നിൽക്കാനാണ് താൽപര്യമെന്നു പറഞ്ഞാലും ചേച്ചിക്കും അഭിനയിക്കാൻ മോഹമുണ്ട്. നല്ല ഓഫർ വന്നാൽ ചെയ്യുമെന്നാണ് ചേച്ചി പറയുന്നത്.രേവതി : കീർത്തിക്ക് കിട്ടിയ പോലെ നല്ല ഓഫർ കിട്ടിയാൽ റെഡിയാണ്. നല്ല സ്ക്രിപ്റ്റിനെ നല്ല രീതിയിൽ സ്ക്രീനിൽ അവതരിപ്പിക്കുന്ന സംവിധായിക ആകാനാണ് കൂടുതൽ ഇഷ്ടമെന്നു മാത്രം.മേനക: അവര് മൂന്നുപേരും അവരവരുടെ രീതിയിൽ ബിസിയാണ്. നാലുപേരും കൂടുന്നതേ അപൂർവം. അപ്പോഴാണ് ‘ഒറ്റയ്ക്കിരുന്ന് മുഷിയേണ്ട. താനിനി വേണമെങ്കിൽ അഭിനയിച്ചോ, പഴയ ചങ്ങാതിമാരെയൊക്കെ കാണാമല്ലോ’ എന്ന് സുരേഷ് പറഞ്ഞത്. തമിഴ് സീരിയലിൽ ഞാൻ അഭിനയി‌ച്ചു തുടങ്ങിയത് അങ്ങനെയാണ്.സുരേഷ്: മന:പൂർവം വീട്ടിലിരിക്കാത്തതല്ല... പല ചുമതലകള്‍ വരുമ്പോൾ കുടുംബത്തോടൊപ്പം ചെലവിടാൻ സമയം തികയാതെ വരുന്നതാണ്.മേനക : ചില ദിവസം ഞാൻ രാവിലെ യോഗ കഴിഞ്ഞു വരുമ്പോൾ പത്രം വായിച്ചിരിക്കുന്നതു കാണാം. പിന്നെ കാണുന്നത് രാത്രിയാകും. പത്രം, മൊബൈൽ, ഫ്രണ്ട്സ്‌... ഇതൊക്കെ കഴിഞ്ഞ് നേരം വേണ്ടേ?സുരേഷ്: ഉം..... ഭാര്യയ്ക്ക് ലാസ്റ്റ് പ്രയോറിറ്റി എന്നാണ് പറ‍ഞ്ഞു വരുന്നത്. എല്ലാവർക്കുമുളള പരാതി തന്നെ.മേനക: ഇപ്പോൾ ഇഷ്ടം പോലെ സമയമുണ്ട്. നല്ല ക്യാരക്ടർ വന്നാൽ അഭിനയിക്കുമെന്ന് തീരുമാനിച്ചു. ഇവിടെ ഇമേജ് വലിയൊരു പ്രശ്നമാണ്. ഒരു നടനോ നടിക്കോ ഒരേ ടൈപ്പ് ക്യരക്ടേഴ്സ് മാത്രമേ കിട്ടൂ. സുകുമാരിചേച്ചി മാത്രമാണ് അങ്ങനെ ടൈപ്പ് ചെയ്യപ്പെടാതെ, ഒന്നിനൊന്നു വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്ത നടി.സിനിമയിൽ പെൺകുട്ടികള്‍ വരാൻ മടിക്കുന്നതാണ് എന്നെ സങ്കടപ്പെടുത്തിയ മറ്റൊരു കാര്യം. അക്കാദമിയുടെ അഡ്മിഷൻ ഇന്റർവ്യൂ ഹോട്ടലിലാണ് എന്നു പറഞ്ഞ് വരാതിരുന്ന പെൺകുട്ടികളുണ്ട്. എല്ലാ മേഖലയിലും അതിക്രമങ്ങളില്ലേ? എന്നിട്ടും ആ ജോലിക്കെല്ലാം പെണ്‍കുട്ടികൾ പോകുന്നുണ്ടല്ലോ. സിനിമയിലേക്ക് മക്കളെ അയയ്ക്കാൻ ഇപ്പോഴും അച്ഛനമ്മമാർക്ക് മടി യാണ്.രേവതി: സിനിമ ഒരു ടീം വര്‍ക്കാണ്. അങ്ങനെയാണെങ്കിൽ ഐ.ടി. ഫീൽഡിൽ രാത്രി ഷിഫ്റ്റിൽ പെൺകുട്ടികൾ ജോലി ചെയ്യുന്നില്ലേ? സ്ത്രീകൾ സിനിമയിൽ വരരുത് എന്നൊക്കെ പറയുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ല. നല്ല സംവിധായ കന്മാർ മാത്രം പോരാ, നല്ല സംവിധായികമാര്‍ കൂടി വേണം നമുക്ക്.കീർത്തി: ചേച്ചിയുടെ സീരിയസ് ടോക്ക് കേട്ട് പേടിക്കേണ്ട. പറയാനുളളത് സീരിയസായി പറയുമെങ്കിലും ക്യാരക്ടർ അത്ര സീരിയസൊന്നുമല്ല.രേവതി: എപ്പോഴും എന്തെങ്കിലുമൊക്കെ ചിന്തിച്ചുകൊണ്ടിരിക്കും ഞാൻ. ചിലപ്പോൾ അമ്മ വിളിച്ചാൽ പോലും കേൾക്കില്ല. പലരും എന്റെ സീരിയസ് മുഖം കണ്ട് സംസാരിക്കാൻ മടിക്കാറുണ്ട്. ഒരു ദിവസത്തെ പരിചയക്കുറവ് മാറിയാൽ പിന്നെ സംസാരിച്ചു തുടങ്ങും. ഇവളാണെങ്കിൽ സെറ്റിലൊക്കെ വായാടിയാണ്. വീട്ടിൽ വന്നാൽ വലിയ മിണ്ടാട്ടമൊന്നുമുണ്ടാവില്ല.സുരേഷ്: വീട്ടിലുളളവരോടു പെരുമാറുന്നത് വിഷയമേ അല്ല. മറ്റുളളവരോടെല്ലാം ഒരു പോലെ, മനുഷ്യത്വത്തോടെ പെരുമാ റണമെന്ന് ഞാനിവരോട് പറയാറുണ്ട്. ആർഭാടം. അസൂയ, അഹങ്കാരം, അത്യാഗ്രഹം- ഈ നാല് ‘അ’കള്‍ പാടില്ലെന്ന് ഞാൻ ഇവരോട് എപ്പോഴും പറയാറുണ്ട്. രേവതിയാണ് ഞങ്ങളുടെ അക്കാദമിയുടെ വൈസ് ചെയർമാൻ. ഒരു പ്രസ്ഥാന ത്തിന്റെ തലപ്പത്തിരിക്കുമ്പോൾ അതിനെക്കുറിച്ച് വ്യക്തമായ വിഷൻ ഉണ്ടാവണം എന്നു രേവതിയോടു പറയാറുണ്ട്.രേവതി: അക്കാദമി ഡയറക്ടർ എഡിറ്റർ സണ്ണി ജോസഫും ഡീൻ രഞ്ജിത്ത് ശങ്കറുമെല്ലാം വളരെക്കാലത്തെ എക്സ്പീ രിയൻസ് ഉളളവരാണ്. പ്രിയൻ അങ്കിളിനെപ്പോലെ ഓരോ മേഖലയിലും പ്രശസ്തരായവരുടെ ക്ലാസുകളുമുണ്ടാവും. സംവിധാനം. അഭിനയം, ഛായാഗ്രഹണം, എഡിറ്റിങ്, തിരക്കഥാ രചന തുടങ്ങി എല്ലാ മേഖലയിലും പ്രാക്ടിക്കൽ ക്ലാസുകളോടെ കുട്ടികളെ നല്ല സിനിമകള്‍ ചെയ്യാൻ കോൺഫിഡന്റ് ആക്കും. പിന്നെ, കുട്ടികൾ ചെയ്ത നല്ല ചിത്രങ്ങൾ തിയറ്ററിൽ റിലീസ് ചെയ്ത് അവർക്ക് പ്ലാറ്റ്ഫോം ഒരുക്കി കൊടുക്കുകയും ചെയ്യും. അപ്പോഴല്ലേ എല്ലാവരും പറയൂ രേവതി കലാമന്ദിർ അക്കാദമി വ്യത്യസ്തമാണെന്ന്.

Related News