Loading ...

Home charity

പുലിക്കുന്നേല്‍ എന്ന വൈദികന്‍


മനുഷ്യനും മനുഷ്യപുത്രനും മധ്യേ നീട്ടിപ്പിടിച്ച ഒരു മുഖക്കണ്ണാടിയാണ് വ്യാഴാഴ്ച അന്തരിച്ച കത്തോലിക്കാ മതപണ്ഡിതന്‍ ജോസഫ് പുലിക്കുന്നേല്‍.
ആ കണ്ണാടിയിലൂടെ മനുഷ്യന്‍ സ്വന്തം ഊര്‍ജസ്വല മുഖം ദര്‍ശിച്ചു; മനുഷ്യപുത്രന്റെ ഹൃദ്യവും കരുണാമയവുമായ മുഖവും ദര്‍ശിച്ചു.

അതുകൊണ്ടുതന്നെയാണ് പുലിക്കുന്നേലിന്റെ ”ഓശാന” പള്ളിമേടകളുടേയും കന്യാസ്ത്രീമഠങ്ങളുടേയും വിശ്വാസി ഭവനങ്ങളുടേയും ഇരുണ്ട മുറികളില്‍ വീണ്ടും വീണ്ടും വായിക്കപ്പെട്ടത്. ”ഓശാന” ക്രിസ്ത്യന്‍ വായനക്കാരില്‍ മാത്രമല്ല, ക്രിസ്തുവിനെ പുനര്‍വായിക്കാന്‍ ശ്രമിച്ച സര്‍വരിലേക്കും എത്തിയത്.
”സഭയുടെ ഈ വാതായനങ്ങള്‍ ഒന്നു തുറന്നിടൂ. ആത്മാവിന്റെ ശുദ്ധവായു അകത്തേക്ക് കടക്കട്ടെ” എന്ന ജോണ്‍ 23-ാമന്റെ വിഖ്യാത വാക്കുകള്‍ മലയാളത്തില്‍ അന്വര്‍ഥമാക്കിയവരില്‍ ജോസഫ് പുലിക്കുന്നേല്‍ ഉയര്‍ന്നുനില്‍ക്കുന്നു.

രണ്ടാം വത്തിക്കാന്‍ സുന്നഹദോസിന്റെ ഉദ്ഘാടന പ്രസംഗത്തില്‍, പ്രതീകാത്മകമായി ഓരോ ജനാലയ്ക്കലേക്കും നടന്നുചെന്ന്, അവ തുറന്നിട്ടുകൊണ്ട് ജോണ്‍ മാര്‍പ്പാപ്പ അന്നു പറഞ്ഞത്, ക്രിസ്തീയ നവോത്ഥാനത്തിന്റെ പുതിയ പന്ഥാവ് തുറക്കലായി.വത്തിക്കാന്‍ സുന്നഹദോസും കത്തോലിക്കാ സഭയും സമൂഹത്തിനോട് പറയാതിരുന്നത്, അഥവാ പറയാന്‍ വിട്ടുപോയത് പൂരിപ്പിക്കുന്ന ദൗത്യം കേരളത്തില്‍ ഏറ്റെടുത്തതു പുലിക്കുന്നേലിനെപോലെയുള്ളവരാണ്.

കത്തോലിക്കാസഭയുടെ ചരിത്രം പല കാലങ്ങളിലും കല്ലേറുകാരുടേതായതുകൊണ്ട്, അന്ന് ക്രിസ്തുവിനുനേരെ ഉയര്‍ന്ന അതേ കല്ലുകള്‍, ഇപ്പോള്‍ പുലിക്കുന്നേലിനെപോലുള്ളവര്‍ക്ക് നേരെയും ഉയര്‍ന്നതു സ്വാഭാവികം.ക്രിസ്തു പിലാത്തോസിന്റെ ”എന്താണു സത്യം?” എന്ന ചോദ്യത്തിനു മുമ്പില്‍ മൗനിയായി നിന്നതിന്റെ – ആ മഹാമൗനത്തിന്റെ പൊരുള്‍ തേടിയിറങ്ങിയ മനുഷ്യനിരയിലെ അവസാനിക്കാത്ത ഒരു കണ്ണിയായി പുലിക്കുന്നേല്‍.

കേരളത്തില്‍ അവരുടെ എണ്ണം തുലോം കുറവാണെങ്കിലും. ഒരു ഫാദര്‍ വടക്കന്‍, അല്ലെങ്കില്‍ ബിഷപ്പ് പൗലോസ് മാര്‍ പൗലോസ്, അല്ലെങ്കില്‍ ഏതെങ്കിലുമൊക്കെ ആശ്രമങ്ങളിലോ വീടുകളിലോ, ആരുമറിയാതെ തങ്ങളില്‍ എളിയവരെ സ്‌നേഹിച്ചുകഴിയുന്ന ഫ്രാന്‍സിസ് ആചാര്യമാര്‍… ആ കണ്ണി നേര്‍ത്തു നേര്‍ത്തു വരുന്നു.അവരിന്നും അസീസിയിലെ ഫ്രാന്‍സിസ് കണ്ട അതേ സ്വപ്നം, ലാറ്ററന്‍ ദേവാലയം തകര്‍ന്നു വീഴുന്ന അതേ രംഗം വീണ്ടും കണ്ടുകൊണ്ടേയിരിക്കുന്നു. അവരുടെ ലാറ്ററന്‍ ദേവാലയം, ഏലിയട്ട് പാടിയ ലണ്ടന്‍ ബ്രിഡ്ജാണ്. ഒരു തരിശുഭൂമിയിലേക്ക് തകര്‍ന്നടിയുന്ന ലണ്ടന്‍ബ്രിഡ്ജ്.

ആര്‍ക്കും താങ്ങി നിര്‍ത്താനറിയാത്ത, അഥവാ അതിനു ഇതുവരെ മനുഷ്യന്‍ ആര്‍ജിച്ച മുഴുവന്‍ ജ്ഞാനത്തിന്റെയും അപ്പുറത്തെ വിജ്ഞാനം ആവശ്യമായി വരുന്ന കാലത്ത് പുലിക്കുന്നേലുമാര്‍ നഷ്ടപ്പെടുന്നതു ഒരു നക്ഷത്രം നഷ്ടമാകുംപോലെയാണ്.

കോട്ടയം ഇടമറ്റത്തെ ഓശാന മൗണ്ട് ക്യാമ്പസ് കാലങ്ങളെ അതിജീവിക്കുമോ എന്നറിയില്ല. ജോസഫ് പുലിക്കുന്നേല്‍ അവിടെ ആരംഭിച്ച ക്രിസ്റ്റ്യന്‍ സ്റ്റഡീസ് സെന്ററും ജീവകാരുണ്യ പ്രസ്ഥാനങ്ങളും രചിച്ച പതിനാലോളം ഗ്രന്ഥങ്ങളും ‘ഓശാന’ മാസികയുടെ പേര്‍ത്തും പേര്‍ത്തും വായിക്കപ്പെട്ട പകര്‍പ്പുകളും അദ്ദേഹമിറക്കിയ ലഘുലേഖകളും ഒരു പക്ഷേ ചിതലുകള്‍ക്ക് കീഴ്‌പ്പെട്ടേക്കാം. എങ്കിലും ഓശാന ബൈബിള്‍ മലയാളത്തില്‍ നിലനില്‍ക്കണം; എന്നും പരിമളം പരത്തുന്ന മലയാളഭാഷയുടെ ഒരു നറുപുഷ്പമായി.ഒരിക്കല്‍, ഇടമറ്റത്തെ പ്രൗഢഗംഭീരമായ തറവാട് വരാന്തയില്‍ ഒരു വിദ്യാര്‍ഥിയായി മുമ്പിലിരിക്കെ ജോസഫ് സാര്‍ എന്നോട് പറഞ്ഞു: ”അതിന് ചെറിയ വിലയേ ഉള്ളെടോ. മലയാളി വാങ്ങി വായിക്കട്ടെ. അത് കലര്‍പ്പില്ലാത്ത ബൈബിളാ..”

ബൈബിളിന്റെ പല ഭാഗങ്ങളും തങ്ങളുടെ പരിമിതമായ അറിവിന്റെ അളവുകോലുകള്‍ വച്ചു തൂക്കിനോക്കി, സൗകര്യപൂര്‍വം പലതും ഒഴിവാക്കി ഇറങ്ങുന്ന പ്രവണതയോടുള്ള കലഹം കൂടിയായിരുന്നു ഓശാന ബൈബിള്‍. അതിന്റെ ഭാഷ സാമ്യമകന്നതും.അല്‍പനേരം പുലിക്കുന്നേലിന്റെ സാമിപ്യം അനുഭവിക്കുകയെന്നാല്‍ ഉള്ളിലെവിടെയോ ഒരു ഓപ്പണ്‍ സെസമി സംഭവിക്കുന്ന പ്രതീതി. ഷെയ്ക്‌സ്പിയറും ശമുവേലും യെശയ്യാവുമൊക്കെ അനര്‍ഗളമായി മീനച്ചലാറുപോലെ ഒഴുകിയിറങ്ങുന്ന ഒരു ജലധോരണി.ഓശാനമൗണ്ട് അങ്ങനെ എല്ലാവര്‍ക്കുമായി പുലിക്കുന്നേല്‍ തുറന്നിട്ടു.

അവിടെ വന്നു താമസിച്ച് അറിവ് ആവോളം വാരിക്കുടിച്ച്, ധ്യാനിച്ച്, മനസിനെ ഉണര്‍ത്തി, വെറുതേ സ്വപ്നം കണ്ട്, ആര്‍ക്കും മടങ്ങിപോകാവുന്ന വീട്ടില്‍ നിന്നും അകലെയുള്ള ഒരു വീട്.ഇത്ര അഗാധമായി, ഹൃദയസ്പൃക്കായി ക്രിസ്ത്യന്‍ നവോത്ഥാനത്തിനു പുലിക്കുന്നേല്‍ ഇറങ്ങിയതു കൊണ്ടാവാം ഒട്ടേറെപേരും അദ്ദേഹം പട്ടം കിട്ടിയ ഒരു വൈദികനാണെന്നാണ് ധരിച്ചത്. പക്ഷേ പുലിക്കുന്നേല്‍ വൈദികനായിരുന്നില്ല. രണ്ടാം ക്രിസ്തു എന്നു ലോകം ആദരിക്കുന്ന ഫ്രാന്‍സിസ് അസീസിയും വൈദികനായിരുന്നില്ല. അവരൊക്കെ അതിനുമപ്പുറം എന്തോ ആണ്.

ജോസ്  ഡേവിഡ് 

Related News