Loading ...

Home cinema

പപ്പു പിഷാരടിയായിവേഷപ്പകര്‍ച്ച ‘ഇന്ദ്രന്‍സിന്റെ ആളൊരുക്കം’

പതിനാറു വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നോട് പിണങ്ങി നാട് വിട്ടു പോയ മകനെ അന്വേഷിച്ചാണ് പപ്പുപിഷാരടി എന്ന വൃദ്ധന്‍ കുന്നത്ത് കാവ് എന്ന കുഗ്രാമത്തില്‍ നിന്ന് ഇപ്പോള്‍ ഈ നഗരത്തില്‍ എത്തിയത്. ഈ ഒന്നര പതിറ്റാണ്ട് കാലത്തിന് ശേഷം അവന്‍ തന്നെ തിരിച്ചറിയുമോ, സ്വീകരിക്കുമോ എന്നിങ്ങനെയുള്ള ചിന്തയൊന്നും അയാളെ അലട്ടുന്നില്ല. പിണങ്ങി പോകുമ്പോള്‍ അവനു പ്രായം ഇരുപത് വയസ്സാണ്. അവന്റെ കളിക്കൂട്ടുകാരിയായിരുന്ന അനുജത്തിയും അമ്മയും മരിച്ചപ്പോള്‍ പോലും അവന്‍ മടങ്ങി വന്നിട്ടില്ല. പപ്പുപിഷാരടിയെ സംബന്ധിച്ചിടത്തോളം അവസാന കാലത്തെ ആശ്രയം മാത്രമല്ല ആ മകന്‍. ഉറ്റവരുടെ വിയോഗത്തിന് ശേഷം ജീവിതത്തില്‍ അവശേഷിക്കുന്ന ഏക ആഗ്രഹം അവനെ ഒന്ന് കാണുക എന്നത് മാത്രമാണ്.
ആയ കാലത്ത് പേരുകേട്ട ഓട്ടന്‍തുള്ളല്‍ കലാകാരനായിരുന്നു കുന്നത്ത് കാവ് പപ്പുപിഷാരടി. തികച്ചും യാഥാസ്ഥിതികമായ കുടുംബാന്തരീക്ഷത്തില്‍ ജനിച്ച് വളര്‍ന്ന അയാളില്‍ ഗ്രാമീണമായ ചിന്തകളാണ് എപ്പോഴും നിറഞ്ഞു നിന്നിരുന്നത്. ഭാര്യ സരോജിനിയും മരണപ്പെട്ടതോടെ അയാള്‍ ഗ്രാമത്തിലെ തറവാട് വീട്ടില്‍ ഒറ്റയ്ക്കായി. ചില അടുത്ത ബന്ധുജനങ്ങള്‍ സമീപത്തായി താമസമുണ്ടെങ്കിലും അവര്‍ക്കൊക്കെ അയാളുടെ സമ്പാദ്യത്തില്‍ മാത്രമായിരുന്നു കണ്ണ്.അങ്ങനെയാണ് അയാള്‍ കൊല്ലങ്ങള്‍ക്ക് മുമ്പ് പുറപ്പെട്ടുപോയ മകന്‍ സജീവനെ അന്വേഷിച്ചിറങ്ങിയത്.

നഗരം അയാള്‍ക്ക് അപരിചിതത്വം നിറഞ്ഞതായിരുന്നു. മകന്‍ എവിടെയാണുള്ളത് എന്നൊരുറപ്പുമില്ലാതെ അയാള്‍ ദിവസങ്ങളോളം അലഞ്ഞു തിരിഞ്ഞു. അവന്റേതെന്ന് അയാള്‍ക്ക് കാണിക്കാനുള്ളത് ഒരു പഴയൊരു ഫോട്ടോ മാത്രമായിരുന്നു. അലച്ചിലുകള്‍ക്കൊടുവില്‍ കയ്യിലെ പണവും ഊര്‍ജ്ജവും തീര്‍ന്നപ്പോള്‍ അയാള്‍ ഒരു രാത്രി നേരത്ത് വഴിയരികില്‍ തളര്‍ന്നു വീണു.
അവിടെ നിന്ന് പപ്പുപിഷാരടി എത്തുന്നത് ശാന്തിനികേതന്‍ എന്ന ചാരിറ്റി ഹോസ്പിറ്റലിലേക്കാണ്. ഒരു ആശുപത്രി എന്നതിലുപരിയായി രോഗികള്‍ക്കു കരുണയും അത്താണിയുമായി നിലകൊള്ളുന്ന ആ സ്ഥാപനം ഡോ. ഉലഹന്നാന്‍ എന്നയാളിന്റേതാണെങ്കിലും അത് നോക്കിനടത്തുന്നത് അദ്ദേഹത്തിന്റെ ശിഷ്യയായ ഡോ.സീതയാണ്. അവര്‍ മറ്റു രോഗികള്‍ക്കൊപ്പം നിരാലംബനായ പപ്പുപിഷാരടിയ്ക്കും അവിടെ ചികിത്സ നല്‍കി. അവിടെ മറ്റു രോഗികളോടും അന്തേവാസികളോടും ജീവനക്കാരോടും വളരെ വേഗം അദ്ദേഹം സൗഹൃദത്തിലായി. ആ ആശുപത്രിയില്‍ വിനു എന്ന ചെറുപ്പക്കാരന്‍ അദ്ദേഹത്തിന്റെ പ്രധാന കൂട്ടുകാരനുമാവുന്നു.
പപ്പുപിഷാരടി നഗരത്തിലേക്ക് വന്നതിന് പിന്നിലെ ഉദ്ദേശമറിഞ്ഞതോടെ ഡോ.സീത തന്റെ സുഹൃത്തും മാധ്യമ പ്രവര്‍ത്തകനുമായ പ്രിയന്റെ സഹായം തേടി. പ്രിയനും സബ് ഇന്‍സ്‌പെക്ടര്‍ കബീര്‍ മുഹമ്മദും ചേര്‍ന്ന് പപ്പുപിഷാരടിയുടെ മകനെ കണ്ടു പിടിക്കാനുള്ള അന്വേഷണം ആരംഭിച്ചു. പക്ഷെ അയാള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തില്‍ അവര്‍ക്ക് യാതൊരു ഉറപ്പുമുണ്ടായിരുന്നില്ല. തുടര്‍ന്ന് അമ്പരപ്പിക്കുന്ന കഥാഗതിയിലേക്ക് ആളൊരുക്കം സഞ്ചരിക്കുന്നു.
ഇന്ദ്രന്‍സ് മുഴുനീള ഓട്ടന്‍തുള്ളല്‍ കലാകാരനായി അഭിനയിക്കുന്ന ‘ആളൊരുക്കം’ മാധ്യമ പ്രവര്‍ത്തകനായ വി സി അഭിലാഷ് രചനയും സംവിധാനവും നിര്‍വഹിക്കുന്നു. ജോളിവുഡ് മൂവീസിനു വേണ്ടി ജോളി ലോനപ്പനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സമകാലിക പ്രസക്തമായ ഗൗരവമുള്ള ഒരു വിഷയമാണ് ആളൊരുക്കം പറയുന്നത്.
കലാമണ്ഡലത്തില്‍ നിന്നുള്ള വിദ്ഗദരായ കലാകാരന്മാര്‍ ചിത്രത്തിന് വേണ്ടി ഇന്ദ്രന്‍സിനെ ഓട്ടന്‍തുള്ളല്‍ അഭ്യസിപ്പിക്കുന്നു. രാമായണത്തില്‍ ഹനുമാന്റെ സഭാ പ്രവേശം ആസ്പദമാക്കി പുതിയതായി എഴുതിയ ഓട്ടന്‍ തുള്ളല്‍ കൃതി ചിത്രത്തില്‍ ചേര്‍ത്തിട്ടുണ്ട്. കലാമണ്ഡലം നാരായണന്‍, കലാമണ്ഡലം നിഖില്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഈ ഗാനം അണിയിച്ചൊരുക്കുന്നത്.
ഏറെക്കാലത്തിനു ശേഷം സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍ ഇന്ദ്രന്‍സിന് വേണ്ടി ഈ ചിത്രത്തില്‍ ഗാനമാലപിച്ചിട്ടുണ്ട്. റോണി റാഫേലാണ് ചിത്രത്തിന്റെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നത്.
ഇന്ദ്രന്‍സിനു പുറമെ കൊച്ചിയിലെ പ്രശസ്ത അഭിനയ കളരിയായ ആക്ട് ലാബില്‍ നിന്നുള്ള പത്തോളം കലാകാരന്മാര്‍ ആളൊരുക്കത്തില്‍ വേഷമിടുന്നു. മറ്റ് അഭിനേതാക്കള്‍ : ശ്രീകാന്ത് മേനോന്‍, അലിയാര്‍, വിഷ്ണു അഗസ്ത്യ, സീത ബാല, എസ് ഷാജി ജോണ്‍, ദീപക് ജയപ്രകാശ്, ബേബി ത്രയ, കലാഭവന്‍ നാരായണന്‍കുട്ടി, സജിത്ത് നമ്പ്യാര്‍, സജിത സന്ദീപ്, എം ഡി രാജമോഹന്‍, എം കെ ഗോപാലകൃഷ്ണന്‍, പത്മന്‍ കല്ലൂര്‍ക്കാട്, ഈശ്വരന്‍ നമ്പൂതിരി, ശ്രീഷ്മ.
എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ : വര്‍ഗീസ് ഫെര്‍ണാണ്ടസ്, ക്യാമറ: സാംലാല്‍.പി.തോമസ്, എഡിറ്റര്‍ : വിഷ്ണു കല്യാണി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എസ്.എല്‍ പ്രദീപ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ജോസ് ആന്റണി, ഗാനങ്ങള്‍: ഡി.യേശുദാസ് & അജേഷ് ചന്ദ്രന്‍, സംഗീതം & പശ്ചാത്തല സംഗീതം: റോണി റാഫേല്‍, കലാ സംവിധാനം: ഹബീബ് കോട്ടയ്ക്കല്‍, പി. ആര്‍.ഓ: ഏ.എസ്. ദിനേശ്, സ്‌പോട്ട് എഡിറ്റര്‍ : വിഷ്ണു വേണുഗോപാല്‍, മേക്ക് അപ്പ് : സന്തോഷ് വെണ്‍പകല്‍, കോസ്റ്റ്യൂംസ്: തമ്പി ആര്യനാട്, ചീഫ് അസോസോയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ ഉണ്ണി, അസോസിയേറ്റ് ഡയറക്ടര്‍: അജേഷ് ശശിധരന്‍, സ്റ്റില്‍സ്: കാഞ്ചന്‍ മൂളൂര്‍ക്കര, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ് : മഞ്ജു വേലായുധന്‍, ഷിന്റോ, അഖില്‍നാഥ്,ഡിസൈന്‍: ഷിന്റോ.
‘ആളൊരുക്ക’ത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി.

Related News