Loading ...

Home Gulf

എക്‌സ്‌പോ 2020ക്ക്‌ തിരിതെളിഞ്ഞു; ദുബായിയില്‍ ഇനി ഉത്സവദിനങ്ങള്‍

ദുബായ് : സഹിഷ്ണുതയുടെയും സാധ്യതകളുടെയും നാട്ടിലേക്ക് ലോകത്തെ സ്വാഗതം ചെയ്ത് എക്സ്പോ 2020 ദുബായില്‍ ആരംഭിച്ചു. വര്‍ണാഭമായ പരിപാടികളോടെ ആരംഭിച്ച ഉദ്ഘാടന ചടങ്ങില്‍ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും പങ്കെടുത്തു. ലോകത്തിന്റെ മികച്ച ഭാവി സ്വപ്നം കാണുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് പറഞ്ഞു. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ദക്ഷിണേഷ്യ (MEASA) മേഖലയില്‍ നടക്കുന്ന ആദ്യത്തെ ലോക എക്സ്പോയില്‍ 192 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഓരോ രാജ്യങ്ങള്‍ക്കും പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്ട്. ‘മനസ്സുകളെ ബന്ധിപ്പിക്കുക, ഭാവി സൃഷ്ടിക്കുക’ എന്ന പ്രമേയത്തിലൂന്നിയുള്ള ലോകമേള സുസ്ഥിരത, ചലനാത്മകത, അവസരങ്ങള്‍ എന്നീ മൂന്ന് തത്വങ്ങള്‍ കേന്ദ്രീകരിച്ചുള്ളതാണ്.

എക്സ്പോ 2020 ദുബായിയുടെ താരനിബിഡമായ ഉദ്ഘാടന ചടങ്ങ് യുഎഇയിലുടനീളം 430 ല്‍ അധികം കേന്ദ്രങ്ങളില്‍ തത്സമയം സംപ്രേഷണം ചെയ്തു. ഗോള്‍ഡന്‍ ഗ്ലോബ് ജേതാവും നടിയും ഗായികയും ഗാനരചയിതാവുമായ ആന്ദ്ര ഡേ, ബ്രിട്ടീഷ് ഗായകനും ഗാനരചയിതാവുമായ എല്ലി ഗോള്‍ഡിങ്, അന്താരാഷ്ട്ര പിയാനിസ്റ്റ് ലാങ് ലാംഗ്, ഗ്രാമി അവാര്‍ഡ് ജേതാവായ ആഞ്ചലിക് കിഡ്ജോ, ടെനോര്‍ ആന്‍ഡ്രിയ ബോസെല്ലി എന്നിവരുടെ കലാപരിപാടികള്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ദുബായ് ഫെസ്റ്റിവല്‍ സിറ്റി, ഫ്രെയിം, ദി പോയിന്റ്, പാം ജുമൈറ എന്നിവിടങ്ങളില്‍ കരിമരുന്നു പ്രയോഗവും നടന്നു.

2021 ഒക്ടോബര്‍ മുതല്‍ 2022 മാര്‍ച്ച്‌ വരെയുള്ള ആറ് മാസം നടക്കുന്ന മേളയില്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ അരങ്ങേറും. കോവിഡ് സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം. എക്സ്പോ 2020 ടിക്കറ്റുകള്‍ ഓണ്‍ലൈനായും പ്രത്യേകമായി സജ്ജീകരിച്ചിരിക്കുന്ന ബൂത്തുകള്‍ വഴിയും സ്വന്തമാക്കാം.

Related News