Loading ...

Home health

ഇന്ത്യയിലെ ആദ്യത്തെ ഹ്യൂമന്‍ പാപ്പിലോമാവൈറസ് വാക്‌സിന്‍ പുറത്തിറക്കി

ന്യൂഡല്‍ഹി: ഹ്യൂമന്‍ പാപ്പിലോമാവൈറസ് മൂലമുള്ള രോഗങ്ങളെ പ്രതിരോധിക്കാന്‍ രാജ്യത്ത് പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ഒരേ പോലെ ഉപയോഗിക്കാവുന്ന ആദ്യ വാക്‌സിന്‍ പുറത്തിറക്കി പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്ബനിയായ എംഎസ്ഡി ഫാര്‍മസ്യൂട്ടിക്കല്‍സ്. ഗാര്‍ഡസില്‍ 9 എന്നതാണ് വാക്‌സിന് നല്‍കിയിരിക്കുന്ന പേര്. 9- വാലന്റ് ഹ്യൂമന്‍ പാപ്പിലോമാവൈറസ് വാക്‌സിനാണിത്.

സെര്‍വിക്കല്‍ കാന്‍സറിന് മുഖ്യകാരണം ഹ്യൂമന്‍ പാപ്പിലോമാവൈറസാണ്. ലോകത്ത് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച്‌ മരിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. എല്ലാവര്‍ഷവും ശരാശരി 1,22,000 പേര്‍ക്കാണ് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നത്. ഇതില്‍ 67000 പേര്‍ക്ക് മരണം സംഭവിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ലോകത്ത് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച്‌ മരിക്കുന്നവരില്‍ 25 ശതമാനം ഇന്ത്യയിലാണ്. നൂറ് കണക്കിന് വൈറസുകള്‍ ഉണ്ടെങ്കിലും 13 എണ്ണമാണ് കാന്‍സറിന് കാരണമാകുന്നത്. ഇതില്‍ എച്ച്‌പിവി -ടൈപ്പ് 16, ടൈപ്പ് 18 എന്നിവയാണ് ഭൂരിഭാഗം സെര്‍വിക്കല്‍ കാന്‍സറിനും കാരണഹേതു.

എച്ച്‌പിവി അണുബാധയ്ക്ക് മുന്‍പ് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കിയാല്‍ സെര്‍വിക്കല്‍ കാന്‍സര്‍ തടയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. മലദ്വാരത്തിലെ കാന്‍സര്‍ അടക്കം ലൈംഗികാവയവങ്ങളുമായി ബന്ധപ്പെട്ട മറ്റു കാന്‍സറുകള്‍ വരുന്നത് പ്രതിരോധിക്കാനും ഇത് ഫലപ്രദമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടികളില്‍ ഒന്‍പതിനും 26നും ഇടയിലും ആണ്‍കുട്ടികളില്‍ ഒന്‍പതിനും 15നും ഇടയില്‍ വാക്‌സിന്‍ നല്‍കാം.മാംസപേശിയിലാണ് വാക്‌സിന്‍ കുത്തിവെയ്ക്കുന്നത്. ആറുമാസത്തിനിടെ മൂന്ന് ഡോസ് വാക്‌സിനാണ് നല്‍കേണ്ടത്.


Related News