Loading ...

Home cinema

സിനിമയുണ്ടാക്കലും കാണലും പ്രതിരോധ മാര്‍ഗം

കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മറ്റൊരു പതിപ്പ് കൂടി കൊടിയിറങ്ങി. എട്ടു ദിനരാത്രങ്ങള്‍ സിനിമ മാത്രം ശ്വസിച്ചും ചിന്തിച്ചും ആഹ്ലാദിച്ചും സംവദിച്ചും കടന്നു പോയിരിക്കുന്നു. സംസ്ഥാനത്തിനകത്തും പുറത്തും നിന്നുമായി നമ്മുടെ തലസ്ഥാന നഗരിയില്‍ തമ്പടിച്ച് നല്ല സിനിമ തേടിയലഞ്ഞ ആസ്വാദക സമൂഹം മടങ്ങിപോവുകയും ചെയ്തിരിക്കുന്നു. ഒരു കൂട്ടം മികച്ച സിനിമകളാണ് ഈ മേളയുടെയും കാതല്‍ എന്ന പ്രേക്ഷകാഭിപ്രായം ഉണ്ടാവുമ്പോഴും ഓരോ മേളയുടെയും ബാക്കിപത്രമാവുന്ന ചില വസ്തുതകള്‍ കൂടി ചലച്ചിത്ര പ്രേമികള്‍ സ്വയം പരിശോധിക്കേണ്ടതുണ്ട്.
തൊണ്ണൂറുകളുടെ പകുതിയിലാണ് നമ്മളും ചലച്ചിത്രോത്സവ സംസ്‌കാരത്തിന്റെ ഭാഗമാവുന്നത്. അറുപതുകളുടെ ഒടുവില്‍ ആദരണീയ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍ തുടങ്ങി വച്ച ഫിലിം സൊസൈറ്റി സംസ്‌കാരത്തിന് ശേഷം നമ്മുടെ സിനിമയിലുണ്ടായ വിപ്ലവാത്മക കാല്‍വെയ്പായിരുന്നു സ്വന്തമായി ഒരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം. നല്ല സിനിമയുടെ പക്ഷം ചേര്‍ന്ന് നില്‍ക്കുക, അത്തരം സിനിമകള്‍ക്ക് പ്രതിസന്ധികളില്ലാതെ ഉടലെടുക്കാനുള്ള സാങ്കേതികവും സാമ്പത്തികവുമായ അവസരങ്ങള്‍ ഒരുക്കുക, അവ സാധാരണക്കാരായ പ്രേക്ഷകരിലേക്കും എത്തിക്കുക ഇവയൊക്കെയായിരുന്നു മേളയുടെ ആരംഭകാലത്തുണ്ടായിരുന്ന വലിയ സ്വപ്‌നങ്ങള്‍. എന്നാല്‍ രണ്ടു പതിറ്റാണ്ടുകള്‍ പിന്നിടുമ്പോള്‍ നമ്മള്‍ ഈ ലക്ഷ്യങ്ങളില്‍ എത്രത്തോളം വിജയം കൈവരിച്ചു എന്ന് കാര്യഗൗരവത്തോടെ ചിന്തിക്കേണ്ടതുണ്ട്.
സിനിമകളുടെ തെരഞ്ഞെടുപ്പാണ് ഓരോ കൊല്ലത്തെയും മേളയുടെ വ്യക്തിത്വത്തെ തന്നെ അടയാളപ്പെടുത്തുന്നത്. രാജ്യാന്തര തലത്തില്‍ അംഗീകാരം നേടിയ പല സിനിമകളും ഇവിടെ എത്തിക്കാന്‍ കഴിഞ്ഞു എന്ന് മേനി പറയുമ്പോള്‍ തന്നെ അവയുടെ എണ്ണത്തിന്റെ കാര്യത്തിലും അവ പ്രദര്‍ശിപ്പിക്കപ്പെട്ട ചലച്ചിത്രോത്സവങ്ങള്‍ ഏതൊക്കെ എന്ന കാര്യത്തിലും നമ്മള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ നിലവാരത്തിനനുസരിച്ച് ലോക മേളകള്‍ ഗ്രേഡ് ചെയ്യപ്പെട്ടിട്ടുണ്ട്. അത് കൂടി പരിഗണിച്ചാവണം നമ്മുടെ സിനിമകളുടെയും തെരഞ്ഞെടുപ്പ് എന്നത് പ്രധാനമാണ്. എന്നാല്‍ നിലവാരമില്ലാത്ത മേളകളില്‍ അംഗീകാരം നേടിയ ചിത്രങ്ങളെ ഇവിടേക്ക് ആഘോഷപൂര്‍വം കൊണ്ട് വരികയും പ്രേക്ഷകര്‍ക്ക് നിരാശ നല്‍കുകയും ചെയ്യുന്നത് കാലങ്ങളായി പതിവാണ്. അത് അതാത് വര്‍ഷങ്ങളില്‍ ലോകത്ത് സംഭവിച്ച പല നല്ല സിനിമകളും നമ്മുടെ പ്രേക്ഷകര്‍ക്ക് കാണാനുള്ള അവസരം നിഷേധിക്കല്‍ കൂടിയാണ്. കൂടാതെ വിദേശ ഫെസ്റ്റിവലുകളില്‍ പ്രവേശനമുറപ്പിക്കുകയോ അംഗീകാരം നേടുകയോ ചെയ്യുന്ന മലയാള ചിത്രങ്ങളും മറ്റ് ഇന്ത്യന്‍ ഭാഷകളിലെ ചിത്രങ്ങളും നമ്മുടെ മേളയില്‍ ഉണ്ടാവും എന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. എന്നാല്‍ ഇക്കൊല്ലം ലോകമേളകളില്‍ അംഗീകാരം നേടിയ സനല്‍കുമാര്‍ ശശിധരന്റെ സെക്‌സി ദുര്‍ഗ, ഡോ. ബിജുവിന്റെ സൗണ്ട് ഓഫ് സൈലന്‍സ് എന്നീ ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെയുടെ ഇരുപത്തിരണ്ടാം പതിപ്പില്‍ ഉണ്ടായിരുന്നില്ല എന്നത് നല്ല സിനിമയെ സ്‌നേഹിക്കുന്നവര്‍ അഭിമാന പ്രശ്‌നമായി തന്നെ എടുക്കേണ്ട വിഷയമാണ്.
വിദേശ ചലച്ചിത്രമേളകള്‍ പലപ്പോഴും സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മാനദണ്ഡമായി പരിഗണിക്കുന്നത് അവയുടെ ആദ്യ പ്രദര്‍ശനം എവിടെയായിരുന്നു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ്. വേള്‍ഡ് പ്രീമിയര്‍ എന്ന് ചെല്ലപ്പേരിട്ട് വിളിക്കുന്ന ഈ ഖ്യാതി സ്വന്തമാക്കണമെങ്കില്‍ നിലവാരമുള്ള മേളകളിലെ പ്രദര്‍ശനം അനിവാര്യമാണ്. ഉദാഹരണത്തിന് ബെര്‍ലിന്‍, ടൊറന്റോ തുടങ്ങിയ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രങ്ങള്‍ക്ക് മറ്റേത് മേളകളിലേക്കും പ്രവേശനം എളുപ്പമാണ്. എന്നാല്‍ ഐഎഫ്എഫ് കെ ഈ ഇരുപത്തിരണ്ടാം വര്‍ഷത്തിലും ഇങ്ങനെയൊരു ഖ്യാതി സ്വന്തമാക്കിയിട്ടുണ്ടോ എന്ന കാര്യത്തില്‍ സംശയമാണ്. നമ്മുടെ മേളയിലൂടെ കണ്ടെടുക്കപ്പെട്ട സിനിമകള്‍ എന്ന് വിശേഷണം നേടിയ എത്ര സിനിമകള്‍ ഇക്കാലയളവില്‍ സംഭവിച്ചു? നമ്മുടെ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു എന്ന് ഓരോ സിനിമയും അഭിമാനിക്കണമെങ്കില്‍ നമ്മുടെ മേളയുടെ നിലവാരവും കൂടേണ്ടതുണ്ട്. എന്നാല്‍ ഈ മേളയെ കുറിച്ചുള്ള നമ്മുടെ അഭിമാനം സിനിമ കാണാനെത്തുന്ന പ്രേക്ഷകരുടെ ബാഹുല്യത്തിന്റെ കാര്യത്തില്‍ മാത്രമാണ്. ഇത്തവണയാകട്ടെ അവിടെയും വിലക്കുകള്‍ ഉടലെടുക്കുന്നു. നിലത്തിരുന്നോ നിന്നോ സിനിമ കാണാന്‍ പാടില്ലെന്ന പുതിയ നിര്‍ദ്ദേശം ഇഷ്ടപ്പെട്ട സിനിമ കാണാന്‍ കൊതിച്ചെത്തുന്ന പല പ്രേക്ഷകരെയും തീയറ്ററില്‍ നിന്നകറ്റുകയാണ് ചെയ്തത്.
നമ്മുടെ നാട്ടില്‍ ഓരോ വര്‍ഷവും പ്രമേയപരമായും ആഖ്യാനപരമായും ഔന്നത്യം പുലര്‍ത്തുന്ന ഒട്ടേറെ ചിത്രങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയ്ക്ക് വിദേശ മേളകളിലേക്ക് യാത്ര ചെയ്യുന്നതിനായി ഫിലിം മാര്‍ക്കറ്റ് ഐഎഫ്എഫ്‌കെ കേന്ദ്രീകരിച്ച് ആരംഭിക്കണം എന്ന ആശയം എത്രയോ കാലമായി ഉയര്‍ന്നു വരുന്നതാണ്. എന്നാല്‍ പ്രായോഗികാര്‍ത്ഥത്തില്‍ ഇനിയും അതിനു സാധിച്ചിട്ടില്ല.
ഓരോ തവണയും മേളയോടനുബന്ധിച്ച് വിവാദങ്ങളും പ്രതിഷേധങ്ങളും പതിവാണ്. എന്നാല്‍ ഇത്തവണ സമാന്തരമായി മറ്റൊരു മേള അതേ ദിവസങ്ങളില്‍ തന്നെ സംഭവിക്കുന്നതിലേക്ക് പ്രതിഷേധങ്ങള്‍ ചെന്നെത്തിയത് ഐഎഫ്എഫ്‌കെയുടെ ഭാവിക്ക് ഗുണകരമായ ഒന്നല്ല എന്നുറപ്പാണ്.ഒരേ നഗരത്തില്‍ ഒന്നിലധികം ചലച്ചിത്ര മേളകള്‍ ഉണ്ടാവുക നല്ല കാര്യമാണ്. എന്നാല്‍ അവ ഒരേ സമയത്ത് സംഭവിക്കുന്നു എന്നത് നല്ല സിനിമാ സംസ്‌കാരത്തിന് ചേരുന്നതല്ല, പ്രത്യേകിച്ച് ഐഎഫ്എഫ്‌കെയില്‍ പ്രവേശനം ലഭിക്കാത്ത ചിത്രങ്ങള്‍ക്കൊരു വേദി എന്നത് അവരുടെ ടാഗ് ലൈനാവുകയും ചെയ്യുമ്പോള്‍. അത്തരം സാഹചര്യം ഒഴിവാക്കേണ്ടത് ഐഎഫ്എഫ്‌കെ സംഘാടകരുടെ ഉത്തരവാദിത്തമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.
നവ ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തിന്റെ ദൈനംദിന നടപ്പുകള്‍ പോലും തെറ്റായ വഴിയിലൂടെയാക്കാന്‍ അക്ഷീണം ശ്രമം നടത്തുന്ന കാലഘട്ടമാണിത്. ഈ സാഹചര്യത്തില്‍ കലയും സ്വാഭാവികമായ ഒരു പ്രതിഷേധോപാധിയാണ് എന്നിരിക്കെ സെക്‌സി ദുര്‍ഗ പോലുള്ള സിനിമകള്‍ക്ക് മേല്‍ വീഴുന്ന വിലക്കുകളെ പ്രതിരോധിക്കാനും നമ്മുടെ ചലച്ചിത്ര മേളകള്‍ക്കാവണം. എന്നാല്‍ ആ ചിത്രങ്ങള്‍ക്ക് മേലുണ്ടായ അദൃശ്യ വിലക്കുകള്‍ക്കെതിരെ മേളമുറ്റങ്ങളില്‍ ഒരു എതിര്‍സ്വരം പോലും ഉയര്‍ന്നില്ല എന്നത് അമ്പരപ്പിക്കുന്ന വസ്തുതയാണ്. സിനിമയുണ്ടാക്കലും അവ കാണലും ഒരു രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയാണ് എന്നതിനാല്‍ വരും കാലത്തെ മേളകളെയും ആ അര്‍ത്ഥത്തില്‍ സമീപിക്കാനുള്ള മാനസികാവസ്ഥയിലേക്ക് മേളയുടെ സംഘാടകരും കാണികളും ഒരുപോലെ വളരേണ്ടതുണ്ട്.

Related News