Loading ...

Home charity

ടിക്കറ്റ് ജീവിതത്തിലേക്ക് by വിനോദ് പായം

കണ്ണൂര്‍ സ്റ്റേഷനിലേക്ക് കോയമ്പത്തൂര്‍-മംഗളൂരു എക്സ്പ്രസ് എത്താറായെന്ന് അറിയിപ്പ് മുഴങ്ങിയപ്പോള്‍ മുഖ്യ ടിക്കറ്റ് പരിശോധകനായ എം കൃഷ്ണന്‍ കറുത്ത കോട്ടിട്ട് പുറത്തിറങ്ങി. മുഖത്തപ്പോള്‍ പരിശോധകന്റെ കനപ്പെട്ട ഭാവം. അവിടേക്കാണ് കണ്ണൂര്‍ വനിതാ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ഓടിയെത്തുന്നത്. "സാറേ; കോഴിക്കോട്ടുനിന്ന് ഒരു പയ്യന്‍ മിസ്സിങ്ങാണെന്നു പറഞ്ഞ് മെസേജുണ്ട്. കണ്ണൂര്‍ ഭാഗത്തേക്കാണ് നീങ്ങിയത്. ഈ ട്രെയിനിലൊരു കണ്ണ് വേണേ സാറേ...'' എല്ലാ അടയാളങ്ങളും പറഞ്ഞുകൊടുത്ത് എഎസ്ഐ നീങ്ങിയപ്പോള്‍, ട്രെയിനെത്തി; തിരക്കിലൂടെ കാണാതായ പയ്യന്റെ രൂപവും തേടി കൃഷ്ണനെന്ന പരിശോധകന്‍ ഓരോ കോച്ചിലും കയറിയിറങ്ങിത്തുടങ്ങി. അയാള്‍ അപ്പോള്‍ യാത്രക്കാരോട് ടിക്കറ്റല്ല ചോദിച്ചത്; വെളുത്ത് കൊലുന്നനെയുള്ള ജീന്‍സ് പാന്റ്സിട്ട പന്ത്രണ്ടുവയസ്സുകാരനെപ്പറ്റിയാണ്.
റെയില്‍വേ പാലക്കാട് ഡിവിഷനിലെ ടിക്കറ്റ് പരിശോധകന്‍ കണ്ണൂര്‍ ചെറുകുന്നിലെ എം കൃഷ്ണന്‍ തീവണ്ടിയാത്രകളില്‍ ഒറ്റപ്പെട്ടവരെ അന്വേഷിച്ച് 30 വര്‍ഷമായി നടക്കുകയാണ്. അയാള്‍ കണ്ടെത്തി ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയവരില്‍ പിഞ്ചുകുഞ്ഞുമുതല്‍ വീട്ടുകാര്‍ നടതള്ളിയ മലേഷ്യന്‍ പൌരയായ പ്രൊഫസര്‍വരെയുണ്ട്. പേടിച്ചരണ്ട ഓരോ കുഞ്ഞുമിഴിയിലും തന്റെ മക്കളുടെതന്നെ ആശങ്കയാണ് കാണുന്നതെന്ന് കൃഷ്ണന്‍. മൂന്നൂറോളം വരും അയാള്‍ രക്ഷിച്ച് അനാഥാലയങ്ങളിലും സ്വന്തം വീടുകളിലും എത്തിച്ചവരുടെ എണ്ണം. കേരളത്തിലും തമിഴ്നാട്ടിലുമുള്ള മിക്ക അനാഥാലയങ്ങളിലും കൃഷ്ണന്‍ കയറിയിറങ്ങിയിട്ടുണ്ടാകും. മിക്ക പൊലീസ് സ്റ്റേഷനുകളിലേക്കും അയാള്‍ ഒരു ഫോണ്‍വിളിയെങ്കിലും നടത്തിയിട്ടുണ്ടാകും.

കൃഷ്ണന്‍ @ ചാരിറ്റി

ജോലി കിട്ടി ടിക്കറ്റ് പരിശോധകനായി മംഗളൂരുവില്‍ എത്തിയപ്പോഴാണ് ആദ്യത്തെ 'രക്ഷാപ്രവര്‍ത്തനം'. അതുപക്ഷേ ഒരു ചതിക്കഥയായിരുന്നെന്നും ചിരിച്ചുകൊണ്ട് കൃഷ്ണന്‍ ഓര്‍ക്കും. ടിക്കറ്റില്ലാതെ യാത്ര ചെയ്ത ഒരു 22 വയസ്സുകാരിയെ റെയില്‍വേ പൊലീസും ജീവനക്കാരും ചോദ്യം ചെയ്യുന്നതാണ് അയാള്‍ കാണുന്നത്. പെണ്‍കുട്ടി കരച്ചിലിന്റെ വക്കിലാണ്. വട്ടംകൂടിയ ജനം, സിനിമപോലെ രംഗം ആസ്വദിക്കുന്നു. ടിടിഇ എന്ന അധികാരത്തില്‍, ആള്‍ക്കാരെയെല്ലാം മാറ്റി പെണ്‍കുട്ടിയുമായി സംസാരിച്ചപ്പോഴാണ് കദനകഥയറിയുന്നത്. കര്‍ണാടകത്തിലെ ബള്‍ത്തങ്ങാടിയില്‍നിന്ന് രണ്ടാനമ്മയുടെ പീഡനംമൂലം സ്ഥലംവിട്ടതാണത്രേ. ബംഗളൂരുവില്‍ ഹോംനേഴ്സായി ജോലി ചെയ്യുന്നതിനിടയില്‍ ലൈംഗികപീഡനവുംകൂടി ഉണ്ടായപ്പോള്‍ നാടുവിട്ടെന്ന് പെണ്‍കുട്ടി. മനസ്സില്‍ അസ്വസ്ഥത തോന്നിയ കൃഷ്ണന്‍, ടിക്കറ്റില്ലാതെ യാത്ര ചെയ്ത അവളുടെ പിഴത്തുക അടച്ച്, കണ്ണൂരിലേക്ക് കൂട്ടി. ഭാര്യയോടും അമ്മയോടും അവളുടെ കഥ പറഞ്ഞപ്പാള്‍ വീട്ടില്‍ സഹായിയായി ഒപ്പം കൂട്ടാന്‍ അവര്‍ക്കും സമ്മതം.
ഇതിനിടയ്ക്ക് അവള്‍ നല്‍കിയ ബംഗളൂരുവിലെ വിലാസത്തില്‍  അന്വേഷിച്ചപ്പോള്‍, അങ്ങനെയൊരു വീടില്ല! അവിടെയുള്ളത് ക്രിസ്ത്യന്‍ മഠമാണ്. അവിടെയുണ്ടായിരുന്ന തളിപ്പറമ്പിലെ കന്യാസ്ത്രീയെ കണ്ടപ്പോഴാണ്, ഞെട്ടിക്കുന്ന സത്യമറിയുന്നത്. അവള്‍ ബംഗളൂരുവിലെ അറിയപ്പെടുന്ന ക്രിമിനലാണത്രേ! തളിപ്പറമ്പിലെതന്നെ ഒരു വികാരിയോട് അന്വേഷിച്ചപ്പോള്‍ വിശദവിവരങ്ങള്‍ അറിഞ്ഞു, അവള്‍ ബള്‍ത്തങ്ങാടിക്കാരിയാണ്. ദുര്‍നടപ്പുമൂലം വീട്ടില്‍നിന്ന് പുറത്താക്കിയതാണുപോലും. നല്ലൊരു സിനിമാക്കഥയുടെ എല്ലാ ചേരുവകളുമുള്ള അവളുടെ ജീവിതം അയാളറിഞ്ഞ നിമിഷത്തില്‍ - 20 ദിവസം വീട്ടിലുണ്ടായിരുന്ന അവള്‍ - വീട്ടില്‍നിന്ന് എന്നെന്നേക്കുമായി സ്ഥലംവിട്ടു. ഇതിനിടയ്ക്ക് പരിചയക്കാരനായ പൊലീസുദ്യോഗസ്ഥനെ, താന്‍ പിടിച്ച പുലിവാലിനെപ്പറ്റി കൃഷ്ണന്‍ അറിയിച്ചിരുന്നു.
അതൊരു പാഠമായിരുന്നു; അനുകമ്പ കാട്ടണമെങ്കിലും ഒരുപാട് സൂക്ഷിക്കേണ്ട കാലമാണിത്. ജീവിതംപോലെ ഒഴുകുന്ന മഹാനദിയാണല്ലോ തീവണ്ടികള്‍. അവിടെനിന്ന് കരംപിടിച്ച് ഒപ്പം കൂട്ടേണ്ടത് തീര്‍ച്ചയായും അര്‍ഹരെത്തന്നെയാകണം.
ഉള്ളുലച്ച ഒരു കഥയും പറയാനുണ്ട് കൃഷ്ണന്. മലേഷ്യയില്‍ സര്‍വകലാശാലാ പ്രൊഫസറായിരുന്ന ഒരു വയോധികയുടെ കഥ. അതും നല്ലൊരു ലോഹിതദാസ് തിരക്കഥയുടെ ചേരുവകളുള്ളതാണ്. 2007 ജൂലൈ 27: കണ്ണൂര്‍ ഓഫീസില്‍ ഇരിക്കുമ്പോഴാണ് പുറത്തുള്ള ടാക്സിക്കാര്‍ വിളിക്കുന്നത്. " യാത്രക്കാരി ഇറങ്ങാന്‍ കൂട്ടാക്കുന്നില്ല; ആരാണെന്ന് അറിയില്ല; സാറൊന്ന് വരണം''. ചെന്ന് നോക്കുമ്പോള്‍ അവശയായ വയോധിക. ഇരുന്നിടത്തുനിന്ന് അനങ്ങാന്‍ കഴിയുന്നില്ല. ഊരും പേരുമൊന്നും പറയുന്നുമില്ല. ഏതായാലും കണ്ണൂരിലെ അനാഥാലയമായ പ്രത്യാശാഭവനില്‍ എത്തിക്കാനായി ടാക്സി അങ്ങോട്ട് തിരിച്ചു. കാറില്‍നിന്ന് ഇറങ്ങാന്‍ പറ്റാത്തവിധം കാലുകള്‍ക്ക് തളര്‍ച്ച ബാധിച്ച നിലയിലായിരുന്നു അവര്‍. മൂത്രംപോകാന്‍ യൂറിന്‍ബാഗ് ശരീരത്തിനുപുറത്ത് ഘടിപ്പിച്ചിട്ടുണ്ട്. ബാഗ് പരിശോധിച്ചപ്പോള്‍, മലേഷ്യന്‍ പൌരയാണെന്ന് മനസ്സിലായി. പേര്: ദേവി പാക്കര്‍ സാമി; മാത്രമല്ല, കണ്ണൂരിലെ ഒരു എസ്ഐയുടെ ബന്ധുവും. എസ്ഐയെ അറിയിച്ചപ്പോള്‍ അയാള്‍ ഏറ്റെടുക്കാന്‍ മടിച്ചു.
പ്രത്യാശാഭവനില്‍ നല്‍കിയ പരിചരണത്തില്‍, കൈപിടിച്ച് ഒരുവിധം നടക്കാമെന്നായി. മലേഷ്യയിലെ ഇംഗ്ളീഷ് പ്രൊഫസറാണ് അവര്‍. ഭര്‍ത്താവ് മരിച്ചു; മക്കള്‍ കൂടെ നിര്‍ത്തുന്നില്ല. ബന്ധുക്കളുള്ള കണ്ണൂരിലെത്തിയപ്പോള്‍ ഉണ്ടായ അപകടത്തില്‍ നടുവിന് പരിക്കേറ്റ് കാലുകള്‍ തളര്‍ന്നതാണ്. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ഇവിടത്തെ ബന്ധുക്കള്‍ നടതള്ളി. മുമ്പ് നിരവധി പെട്ടികളുമായി മലേഷ്യയില്‍നിന്ന് ബന്ധുവീട്ടില്‍ എത്തിയിരുന്ന അവരെ ഈ അസുഖകാലത്ത് നിര്‍ദയം ഉപേക്ഷിക്കുകയായിരുന്നു. അസുഖം ഭേദമാക്കി, നടക്കാമെന്ന പരുവത്തിലെത്തിയപ്പോള്‍, വിസ കാലാവധി തീര്‍ന്ന അവരെ, ചെന്നൈയിലെ മലേഷ്യന്‍ എംബസി മുഖാന്തരം കൃഷ്ണന്‍ നാട്ടിലേക്കയച്ചു.

കൃഷ്ണന്‍ @ ടിടിഇ

ജീവിതകഥകളുടെ, അല്ല അനുഭവങ്ങളുടെ പലതരം അടരുകള്‍ നമുക്കറിയാന്‍ പറ്റും കൃഷ്ണനോട് സംസാരിച്ചാല്‍. മുംബൈ ചുവന്ന തെരുവില്‍നിന്ന് രക്ഷപ്പെട്ടോടി വന്ന ബല്‍ഗാംകാരി, സേലത്തുനിന്ന് പരിചയക്കാരനെ തേടിവന്ന് ബലാത്സംഗം ചെയ്യപ്പെട്ടവള്‍, റെയില്‍വേ സ്റ്റേഷനില്‍ ഈച്ചയാര്‍ത്തു കിടന്ന പൊള്ളലേറ്റ ഹിന്ദിക്കാരി, അഭയകേന്ദ്രത്തിലേക്ക് കൊണ്ടുപോകുംവഴി വണ്ടിയില്‍നിന്ന് ഇറങ്ങിയോടിയ ആജാനുബാഹു, രണ്ടാനമ്മയോട് പിണങ്ങി കണ്ണൂരിലെത്തിയ ഏഴുവയസ്സുള്ള ഹിന്ദിക്കാരന്‍ പയ്യന്‍, ചെന്നൈയില്‍നിന്ന് നാടുവിട്ട പന്ത്രണ്ടുകാരന്‍ അജിത്... ഏത് വേണമെന്ന് സൂചന നല്‍കിയാല്‍മാത്രംമതി. അയാളുടെ മനസ്സിന്റെ തിരശ്ശീലയില്‍ അനുഭവങ്ങളങ്ങനെ തെളിഞ്ഞുവരും. 
ദീര്‍ഘകാലത്തെ പരിചയത്താലാകണം, വിശക്കുന്ന വയറിന്റെ യഥാര്‍ഥ ദൈന്യം ഇപ്പോള്‍ കൃഷ്ണന് പെട്ടെന്നറിയാം. അത്തരക്കാര്‍ക്ക്, തന്റെ വിസിറ്റിങ് കാര്‍ഡ് ഒപ്പിട്ട് നല്‍കി, റെയില്‍വേ സ്റ്റേഷന്‍ ക്യാന്റീനില്‍ പോയി ഭക്ഷണം കഴിക്കാന്‍ പറയും. കൃഷ്ണന്റെ കാര്‍ഡായതിനാല്‍ ക്യാന്റീന്‍കാര്‍ ഭക്ഷണം നല്‍കും; അയാള്‍ പിന്നാലെയെത്തി പണം നല്‍കും. കണ്ടെത്തുന്ന അഗതികളെ, മുന്‍പിന്‍ നോക്കാതെ ഏറ്റെടുക്കുന്ന ശീലം ഇപ്പോള്‍ കുറച്ചിട്ടുണ്ട്്. പൊലീസിന്റെ നിര്‍ദേശമാണ് കാരണം. നിയമപ്രശ്നങ്ങള്‍ സങ്കീര്‍ണമായതിനാല്‍, പൊലീസുവഴിമാത്രമേ കാര്യങ്ങള്‍ ചെയ്യാറുള്ളൂ. തളിപ്പറമ്പ് ആലക്കോട് തിരുരക്താശ്രമത്തിലാണ് ഇപ്പോള്‍ അഗതികളെ എത്തിക്കുന്നത്. ഏത്സമയത്ത് വിളിച്ചാലും ആശ്രമക്കാര്‍ അഗതിക്കൊരു കിടക്ക ഏര്‍പ്പാടാക്കും. പുതിയ കാലത്ത്, സേവനപ്രവര്‍ത്തനമായാലും അതിലൊരു നിയമ മേല്‍നോട്ടം നല്ലതുതന്നെയാണെന്നാണ് കൃഷ്ണന്റെയും പക്ഷം.

കൃഷ്ണന്‍ @ മാജിക്

 à´®à´¾à´œà´¿à´•àµà´•àµà´•à´¾à´°à´¨à´¾à´•à´¾à´¨à´¾à´£àµ ചെറുപ്പത്തില്‍ കൃഷ്ണന്‍ ആഗ്രഹിച്ചത്്. ജീവിതമെന്ന വലിയ മാജിക്കില്‍ പക്ഷേ, കാരുണ്യവഴിയേ തീവണ്ടിയില്‍ യാത്ര ചെയ്യാനായി നിയോഗം. വാഴക്കുന്നം നമ്പൂതിരി ട്രെയിന്‍ ടിക്കറ്റ് പരിശോധകനെ കബളിപ്പിച്ച à´•à´¥ കേട്ടതാണ് മാജിക്കിനോട് വീണ്ടും അഭിനിവേശം തോന്നാന്‍ കാരണം. പയ്യന്നൂരിലെ പത്മരാജന്‍ എന്ന മജീഷ്യനില്‍നിന്ന് വിദ്യകള്‍ പഠിച്ചു. നീലേശ്വരത്തെ സുധീര്‍ മാടക്കാത്തുമായി ചേര്‍ന്ന് പരിപാടികള്‍ അവതരിപ്പിച്ചു. പത്തോളം പേരടങ്ങുന്ന ട്രൂപ്പുവരെയുണ്ടായി ഒരുകാലത്ത്. വാഴക്കുന്നത്തിനെപ്പോലെ പരിശോധനയ്ക്കിടയില്‍, ടിക്കറ്റ് വലിച്ചുകീറിയെറിഞ്ഞ് യാത്രക്കാരെ സ്തബ്ധരാക്കുന്ന തരം വിസ്മയങ്ങളും കാട്ടി. കൃഷ്ണനെന്ന വേറിട്ട ടിടിആറിനെ- മജീഷ്യന്‍ ടിടിആറിനെ- അക്കാലത്ത് പത്രങ്ങള്‍ ഒന്നാം പേജില്‍ ആഘോഷിച്ചു.
ചക്കരക്കല്ലിലും കണ്ണൂര്‍ കലക്ടറേറ്റ് മൈതാനിയിലും ഫയര്‍എസ്കേപ് മാന്ത്രികവിദ്യയും അവതരിപ്പിച്ചു. ഇരുമ്പുചങ്ങലയില്‍ പൂട്ടി ട്രെയിനിന് മുന്നിലേക്കിട്ട്, രക്ഷപ്പെടുന്ന വിദ്യ അവതരിപ്പിക്കാനുള്ള ആത്മവിശ്വാസമുണ്ട്; പക്ഷേ റെയില്‍വേയില്‍നിന്നും; ഇപ്പോള്‍ കുടുംബത്തില്‍നിന്നും സമ്മതം കിട്ടുന്നില്ലത്രേ. ചെറിയ ട്രങ്ക് പെട്ടിയില്‍ മാജിക് സാധനങ്ങളുമായെത്തി ഒരുമണിക്കൂര്‍ ബോധവല്‍ക്കരണ മാജിക്കുകള്‍ കാട്ടുന്ന പരിപാടിയുമുണ്ട്. അനാഥാലയത്തിലും മറ്റും വിസ്മയം പടര്‍ത്താന്‍ ഈ കഴിവ് ഉപയോഗിക്കുന്നു. അനാഥജീവിതങ്ങളെ ചിരിപ്പിക്കാന്‍ ചെറിയ വിസ്മയച്ചെപ്പുകള്‍ മതിയാകുമെന്ന് കൃഷ്ണന്‍.
മുഖ്യപരിശോധകനായി സ്ഥാനക്കയറ്റം കിട്ടിയതിനാല്‍, ഇപ്പോള്‍ ട്രെയിനില്‍ പോകേണ്ടതില്ല. കണ്ണൂര്‍ സ്റ്റേഷനിലെ ഓഫീസിലാണ് ജോലി. ജോലിത്തിരക്കിനിടയിലും ചില ഫോണ്‍വിളികള്‍ വരും. അത് ചിലപ്പോള്‍ താന്‍ കൊണ്ടുവിട്ടയാളുടെ വിവരം പറയാന്‍ അനാഥാലയക്കാരുടെ വിളിയാകാം, അല്ലെങ്കില്‍ നാട്ടില്‍ സുഖമായി എത്തിയെന്നറിയിക്കുന്ന, റെയില്‍വേ സ്റ്റേഷനില്‍ കൈവിട്ടുപോയ കുട്ടിയെ കൂട്ടി മടങ്ങിയ അച്ഛനായിരിക്കാം. അതുമല്ലെങ്കില്‍ സൌഹൃദം പുതുക്കുന്ന മലേഷ്യക്കാരിയായിരിക്കാം. ഒന്നുമല്ലെങ്കില്‍, അടുത്തുള്ള റെയില്‍വേ സ്റ്റേഷനില്‍ കണ്ട അനാഥയായ വൃദ്ധയെ എന്തുചെയ്യണമെന്ന പൊലീസിന്റെ അന്വേഷണമെങ്കിലുമായിരിക്കും.
പള്ളിക്കുന്ന് രാധാവിലാസം സ്കൂളിനടുത്താണ് ഇപ്പോള്‍ കൃഷ്ണന്റെ താമസം. അധ്യാപികയായ റീനയാണ് ഭാര്യ. ഡെന്റല്‍ വിദ്യാര്‍ഥി ഓഷിന്‍, ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ഥി  ഹര്‍ഷല്‍ എന്നിവര്‍ മക്കള്‍.
vinodpayam@gmail.com

Related News