Loading ...

Home cinema

നായകന്റെ ജാതി by ഗിരീഷ് ബാലകൃഷ്ണന്‍

'മെര്‍സല്‍' എന്നാല്‍ 'വികാരത്തള്ളിച്ച'യെന്ന് വേണമെങ്കില്‍ അര്‍ഥമെടുക്കാം. ചെന്നൈയില്‍ ജനിച്ചുവളര്‍ന്ന ചെറുപ്പക്കാരുടെ തെരുവുപദാവലികളിലൊന്ന്. ദീര്‍ഘകാലം പിന്നാലെ നടന്ന് ഒടുവില്‍ കാമുകി പ്രണയം സ്വീകരിച്ചപ്പോള്‍ വിക്രം 'ഐ' എന്ന സിനിമയില്‍ പാടി "മെര്‍സാലിട്ടേന്‍, മെര്‍സാലിട്ടേന്‍...'' എന്നാല്‍, ഒരാഴ്ചയ്ക്കിടെ 'മെര്‍സലി'ന് പുതിയ അര്‍ഥതലം കൈവന്നു. ജയലളിതയില്ലാത്ത കരുണാനിധി ദുര്‍ബലനായ തമിഴ് ദ്രാവിഡരാഷ്ട്രീയത്തെ തച്ചുടച്ച് സ്വന്തംവഴിക്ക് തിരിച്ചുവിടാനുള്ള സംഘപരിവാര്‍ നീക്കത്തിന്റെ പ്രത്യക്ഷത്തിലുള്ള ആദ്യ ആയുധമായി 'മെര്‍സല്‍'. തമിഴ്നാട്ടിന്റെ ഇളയദളപതി വിജയ്യെ ജാതിപറഞ്ഞ് അധിക്ഷേപിച്ചവര്‍ക്ക് 200 കോടിയോട് അടുക്കുന്ന ബോക്സ് ഓഫീസ് വിജയത്തിലൂടെ കാണികള്‍ മറുപടി നല്‍കിക്കഴിഞ്ഞു. എങ്കിലും ദുരന്തത്തിന്റെ വിത്ത് വിതയ്ക്കാന്‍ സംഘപരിവാറിനായി.

"തല്ലുമ്പോള്‍ തലയ്ക്കുതന്നെ തല്ലുക എന്നതാണ് ദേശീയതലത്തില്‍ അവര്‍ അവലംബിക്കുന്ന രീതി. മതേതര ജനാധിപത്യമൂല്യങ്ങളെ ആക്രമിക്കാന്‍ തുനിയുമ്പോള്‍ അതിന്റെ ഏറ്റവും വലിയ ചിഹ്നങ്ങള്‍ക്കുനേര്‍ക്കുതന്നെ ആയുധം തൊടുക്കുന്നു. അതുകൊണ്ടാണ് പുരോഗമന ചിന്താഗതിയെ ചെറുക്കാന്‍ അവര്‍ യു ആര്‍ അനന്തമൂര്‍ത്തിയെ ലക്ഷ്യംവച്ചത്. ഭയപ്പെടാതെ ചോദ്യംചെയ്യുന്നവരെ ചെറുക്കാന്‍ ഗൌരി ലങ്കേഷിനെതന്നെ വേട്ടയാടിയത്. തെന്നിന്ത്യയില്‍ ഇത്രയേറെ ആരാധകപിന്തുണയുള്ള വിജയ്യെ ജാതിപറഞ്ഞ് ആക്രമിക്കുമ്പോള്‍ സംവാദത്തില്‍ അവര്‍ തോല്‍പ്പിക്കപ്പെട്ടേക്കാം. എന്നാല്‍, നായകന്റെ ജാതി തെരയുകയെന്ന വിഷലിപ്തമായ ചിന്ത സമൂഹത്തിലേക്ക് കടത്തിവിടാന്‍ അവര്‍ക്കായി. അതുതന്നെയാണ് അവരുടെ യുദ്ധരീതി''- ചലച്ചിത്രനിരൂപകന്‍ സി എസ് വെങ്കിടേശ്വരന്‍ ചൂണ്ടിക്കാട്ടി.

സിനിമയിലെ ചോദ്യങ്ങള്‍

കോടികള്‍ ചെലവിട്ട് ലോകമെങ്ങും റിലീസ് ചെയ്യാന്‍ കച്ചവട സിനിമ ഒരുക്കുന്നവരുടെ ലക്ഷ്യം മൂലധനത്തിന്റെ പതിന്മടങ്ങായുള്ള മടങ്ങിവരവും ആരാധകരുടെ കൈയടിയുമാണ്. സിനിമയ്ക്കു പുറത്തുള്ള രാഷ്ട്രീയകാര്യത്തില്‍ ആരെയും പിണക്കാത്ത സമീപനമാണ് കച്ചവടസിനിമയ്ക്ക് പുലര്‍ത്താന്‍ കഴിയുന്നത്. എന്നാല്‍, സിനിമയും രാഷ്ട്രീയവും അത്രമേല്‍ ഇഴപിരിഞ്ഞുകിടക്കുന്ന തമിഴ്നാട്ടില്‍ അതിന് കഴിഞ്ഞെന്നുവരില്ല. ദ്രാവിഡരാഷ്ട്രീയത്തിന്റെ പ്രചാരണമാധ്യമമായിരുന്നു സിനിമ. എം കരുണാനിധി തിരക്കഥയെഴുതി ശിവാജി ഗണേശന്‍ അരങ്ങേറ്റം കുറിച്ച 'പരാശക്തി' (1952) ബ്രാഹ്മണനിര്‍മിതമായ ജാതിസമ്പ്രദായത്തോട് അക്കാലത്ത് ശക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ ചങ്കൂറ്റംകാട്ടി. 'പരാശക്തി'യുടെ വിജയമാണ് തമിഴില്‍ ദ്രാവിഡരാഷ്ട്രീയത്തെ ജനകീയമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ചത്. ദ്രാവിഡ മുന്നേറ്റ കഴകം നിര്‍മിക്കുന്ന സിനിമകളെ വെട്ടിനുറുക്കി സെന്‍സര്‍ ചെയ്തുകൊണ്ടായിരുന്നു അക്കാലത്ത് ഭരണത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ സിനിമയ്ക്ക് കൂച്ചുവിലങ്ങിടാന്‍ ശ്രമിച്ചത്. എന്നാല്‍, പുരാണകഥകള്‍ പറയുംമട്ടില്‍ രാഷ്ട്രീയസിനിമകള്‍ ഒരുക്കിയാണ് ഡിഎംകെ അതിനെ നേരിട്ടത്. എന്നാല്‍, എംജിആര്‍ കാലഘട്ടത്തിനുശേഷം തമിഴ്സിനിമയില്‍ പ്രത്യക്ഷമായ രാഷ്ട്രീയ പരാമര്‍ശങ്ങള്‍ അന്യംനിന്ന് തുടങ്ങി. ജയലളിതയുമായുള്ള അഭിപ്രായവ്യത്യാസം പറയാതെ പറയുന്ന സിനിമകളായിരുന്നു രജനികാന്തിന്റെ മന്നന്‍, പടയപ്പ തുടങ്ങിയവ. അധികാരഭ്രാന്തില്‍ അഹങ്കാരിയായി മാറിയ സ്ത്രീകഥാപാത്രങ്ങളായിരുന്നു സിനിമയിലെ വില്ലത്തിമാര്‍. കച്ചവട സിനിമയുടെ രസക്കൂട്ടുകള്‍ ഇല്ലാതെതന്നെ ശക്തമായ രാഷ്ട്രീയസിനിമകള്‍ കമല്‍ ഹാസന്‍ ഒരുക്കി. ഇടതുപക്ഷ നിലപാടുകളോടുള്ള കമലിന്റെ ആഭിമുഖ്യം തുറന്നുപ്രഖ്യാപിക്കുന്ന ചിത്രമായിരുന്നു അന്‍പേ ശിവം (2003). ടി രാജേന്ദ്രന്‍, വിജയ്കാന്ത്, ശരത്കുമാര്‍ തുടങ്ങിയവര്‍ സിനിമകളിലൂടെ രാഷ്ട്രീയപാര്‍ടികള്‍ രൂപീകരിച്ചു.

നീറുന്ന തമിഴകം

സമൂഹത്തിലെ അനീതി ചൂണ്ടിക്കാട്ടുക.വില്ലന്മാരെ തുടച്ചെറിയുക. എല്ലാ ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരം ചൂണ്ടിക്കാട്ടുക എന്നതാണ് ലക്ഷണമൊത്ത സൂപ്പര്‍താര സിനിമകളിലെല്ലാം നായകന് നിറവേറ്റാനുള്ളത്. പത്തുവര്‍ഷംമുമ്പ് ഇറങ്ങിയ രജനികാന്ത്- ഷങ്കര്‍ ചിത്രം 'ശിവജി' കള്ളപ്പണം തടയാന്‍ നോട്ട് നിരോധിക്കണമെന്നും പണമിടപാടെല്ലാം ഡിജിറ്റലാക്കണമെന്നും ആശയം മുന്നോട്ട് വച്ചിരുന്നു. മാസ് സൂപ്പര്‍താര സിനിമയുടെ ഭാഗധേയം നിര്‍ണയിക്കുന്ന വിജയക്കൂട്ടുകൂടിയാണ് അത്തരം പൊടിക്കൈകള്‍. അതുകൊണ്ടുതന്നെ മെര്‍സല്‍ സിനിമാന്ത്യത്തില്‍ നായകന്‍ ചോദിക്കുന്നത് തമിഴ്ജനതയുടെ ചോദ്യംതന്നെയാണ്. ജിഎസ്ടി പിരിക്കുന്നവര്‍ക്ക് എന്തുകൊണ്ട് സര്‍ക്കാര്‍ ആശുപത്രികളില്‍ മെച്ചപ്പെട്ട സേവനം ഒരുക്കികൂടാ? നീറ്റ് പ്രവേശനപ്പരീക്ഷമൂലം എംബിബിഎസ് സ്വപ്നം പൊലിഞ്ഞ അനിതയെന്ന നിര്‍ധന വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന്റെ വേദന പേറുന്ന തമിഴ്മനസ്സുകളില്‍ ഇളയദളപതി വിജയ്  ഉയര്‍ത്തിയ ചോദ്യം ആഴത്തില്‍ മുഴങ്ങും. ജിഎസ്ടിക്കെതിരെ തമിഴ്നാട്ടില്‍ ഉയരുന്ന ചോദ്യങ്ങള്‍ ബിജെപി നേതാക്കളെ വിറളിപിടിപ്പിക്കുന്നത് അതുകൊണ്ടാണ്. ജെല്ലിക്കെട്ടിനെതിരായ കോടതിവിധിക്കെതിരെ തമിഴ്യുവത തീര്‍ത്ത പ്രതിഷേധം ഐതിഹാസികമായ ആഗോളവല്‍ക്കരണവിരുദ്ധമുന്നേറ്റമായി പരിണമിച്ചത് അടുത്തിടെയാണ്. ബാബറി മസ്ജിദ് തകര്‍ക്കലിലൂടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുണ്ടാക്കിയപോലെ വര്‍ഗീയചേരിതിരിവ് സൃഷ്ടിക്കാന്‍ ബിജെപിക്ക് തമിഴ്നാട്ടിലായിരുന്നില്ല. 1998ലെ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനവും ബിജെപിക്ക് തെരഞ്ഞെടുപ്പ് വിജയം സമ്മാനിച്ചില്ല. പക്ഷേ, ജയലളിതയുടെ നിര്യാണത്തെതുടര്‍ന്ന് ദ്രാവിഡപാര്‍ടികളില്‍ സംഭവിച്ച ചേരിതിരിവ് തമിഴ്നാട്ടില്‍ 'ഇടപെടാന്‍' മോഡി സര്‍ക്കാരിന് അവസരമൊരുക്കി.
"സമാന്തര സിനിമകള്‍ എത്ര രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയപ്പോള്‍പ്പോലും ഗൌനിക്കാതിരുന്നവര്‍ മെര്‍സലിലെ ഡയലോഗുകളുടെ പേരില്‍ നായകതാരത്തെ ആക്രമിക്കുന്നതില്‍ വ്യക്തമായ  ഗൂഢാലോചനയുണ്ട്. ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ദ്രാവിഡരാഷ്ട്രീയശക്തിയെ തച്ചുടച്ച് നുഴഞ്ഞുകയറ്റം നടത്താനുള്ള തുറന്നവേദിയായി തമിഴ്നാട് കിടക്കുന്നു. ജാതിവികാരവും അതിനുള്ളിലെ ഉപജാതികളെയും ഉണര്‍ത്തിവിട്ട് തമ്മിലടിപ്പിച്ചാല്‍മാത്രമേ സംഘപരിവാര്‍ ചിന്തകള്‍ക്ക് അവിടെ വേരോട്ടമുണ്ടാകൂ. യുപിയില്‍ പയറ്റിയ തന്ത്രം തമിഴ്നാട്ടിലും നടപ്പാക്കാം. അതിനുള്ള കളമൊരുക്കുകയെന്ന ദീര്‍ഘകാലപദ്ധതി നടപ്പാക്കാനുള്ള  ഉപകരണങ്ങളിലൊന്നുമാത്രമാണ് മെര്‍സല്‍''- സംവിധാകന്‍ ലെനിന്‍ രാജേന്ദ്രന്‍ നിരീക്ഷിക്കുന്നു.

സിനിമയുടെ ജാതി

വിജയ് ബിജെപി സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് ക്രിസ്ത്യാനിയായതുകൊണ്ടാണ് എന്ന 'നഗ്നസത്യ'മാണ് നടന്റെ തിരിച്ചറിയല്‍കാര്‍ഡ് ഓണ്‍ലൈന്‍വഴി പുറത്തുവിട്ടുകൊണ്ട് ദേശീയ സെക്രട്ടറി എച്ച് രാജ സമര്‍ഥിക്കാന്‍ ശ്രമിക്കുന്നത്. വിജയ് എന്ന താന്‍ സാക്ഷാല്‍ 'സി ജോസഫ് വിജയ്' ആണെന്ന് തുറന്നുകാട്ടികൊണ്ടാണ് നടന്‍ അവര്‍ക്ക് മറുപടി നല്‍കിയത്. (സംവിധായകന്‍ കമലിനെ കമാലുദ്ദീന്‍ എന്നുമാത്രം വിളിക്കുന്നവരും 'ആമേന്‍' ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയെ ക്രിസ്തീയ ബിംബങ്ങള്‍ ഒളിച്ചുകടത്തുന്ന സംവിധായകന്‍ എന്ന് ആക്ഷേപിക്കുന്നവരും കേരളത്തിലുമുണ്ട്.)
നൂറ്റിമുപ്പതു കോടി മുടക്കി നിര്‍മിച്ച സിനിമ 200 കോടി ക്ളബ്ബിലേക്ക് കടത്തിവിട്ടുകൊണ്ടാണ് വിജയ് ആരാധകര്‍ വിമര്‍ശനത്തെ നേരിട്ടത്. സിനിമയുടെ തെലുങ്ക് പതിപ്പില്‍നിന്ന് ജിഎസ്ടി പരാമര്‍ശങ്ങള്‍ നീക്കം ചെയ്തെങ്കിലും സെന്‍സര്‍ബോര്‍ഡ് ഇതുവരെ പ്രദര്‍ശനാനുമതി നല്‍കിയിട്ടില്ല. ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് മധുരൈ അണ്ണാനഗര്‍ സ്റ്റേഷനില്‍ വിജയ്ക്ക് എതിരെ ബിജെപി അനുകൂലികള്‍ പരാതി നല്‍കിക്കഴിഞ്ഞു. തമിഴ്നാട് ജാതിയും ഉപജാതിയുംപറഞ്ഞ് തമ്മിലടിക്കണമെന്ന് അവര്‍ ആഗ്രഹിക്കുന്നു.
unnigiri@gmail.com

Related News