Loading ...

Home cinema

സിനിമയില്‍ അരനൂറ്റാണ്ട് പിന്നിട്ട് മമ്മൂട്ടി



മലയാളികളുടെ പ്രിയതാരം മമ്മൂട്ടി അഭിനയ രംഗത്ത് അഞ്ച് പതിറ്റാണ്ട് പിന്നിടുകയാണ് ഇന്ന്.സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കുന്ന മമ്മൂട്ടിയ്ക്ക് ആശംസകള്‍ നേരുന്ന തിരക്കിലാണ് സിനിമാലോകം. ഇപ്പോഴിതാ, എംഎല്‍എയും നടനുമായ മുകേഷ് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

'മലയാളസിനിമയില്‍ മമ്മൂക്കയുടെ അരനൂറ്റാണ്ട്.
1971 ആഗസ്റ്റ് ആറിനാണ് 'അനുഭവങ്ങള്‍ പാളിച്ചകള്‍' റിലീസ് ചെയ്തത്.
ഗുണ്ടകള്‍ തല്ലിപ്പൊളിച്ച കടയുടെ സമീപത്തു ബഹദൂര്‍ ഇക്കായുടെ പുറകില്‍ നിന്ന പൊടിമീശക്കാരനായി സെക്കന്‍ഡുകള്‍ മാത്രമുള്ള അഭിനയത്തിലൂടെ തുടക്കം.രണ്ടാമത്തെ ചിത്രം കാലചക്രത്തില്‍ (1973) കടത്തുകാരനായി. അതില്‍ കടത്തുകാരനായ മമ്മൂക്കയോട് നസീര്‍ സാര്‍ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്
'എനിക്ക് പകരം വന്ന ആളാണ് അല്ലേ? '
അതെ, നസീര്‍ സാര്‍ കഴിഞ്ഞാല്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ നായക വേഷം ചെയ്ത നടന്‍ മമ്മൂക്കയാണ്.

'അനുഭവങ്ങള്‍ പാളിച്ചകളില്‍' ക്യാമറയ്ക്ക് മുന്നില്‍ നില്‍ക്കാനായെങ്കിലും സംഭാഷണമുള്ള വേഷം ലഭിച്ചത്, 1973ല്‍ പുറത്തിറങ്ങിയ 'കാലചക്രം' എന്ന സിനിമയിലാണ്. 1980ല്‍ 'വില്‍‌ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന ചിത്രത്തിലാണ് ഒരു പ്രധാന വേഷം ചെയ്യുന്നത്.

എം.ടി.വാസുദേവന്‍ നായര്‍ തിരക്കഥയെഴുതി ആസാദ് സംവിധാനം ചെയ്ത ഈ സിനിമയില്‍ അഭിനയിക്കുമ്ബോഴാണ്, തിക്കുറിശ്ശി സുകുമാരന്‍ നായര്‍, മുഹമ്മദ് കുട്ടിയ്ക്ക് മമ്മൂട്ടിയെന്ന പേര് നിര്‍ദ്ദേശിച്ചത്. ഈ സിനിമയില്‍ മമ്മൂട്ടിയ്ക്ക് ശബ്ദം നല്‍കിയത് ശ്രീനിവാസനാണ്. 1980ല്‍ ഇറങ്ങിയ കെ.ജി.ജോര്‍ജ്ജിന്‍റെ 'മേള 'എന്ന സിനിമയിലാണ് ഒരു മുഴുനീള വേഷം ലഭിക്കുന്നത്. പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീടിങ്ങോട്ട് മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി, ഇംഗ്ലിഷ് ഭാഷകളിലായി 400ലേറെ സിനിമകള്‍. പത്മശ്രീ, മികച്ച നടനുള്ള ദേശീയ- സംസ്ഥാന പുരസ്കാരങ്ങള്‍ (മൂന്ന് ദേശീയ അവാര്‍ഡുകളും ഏഴ് സംസ്ഥാന പുരസ്കാരവും), ഫിലിം ഫെയര്‍ പുരസ്കാരങ്ങള്‍, കേരള- കാലിക്കറ്റ് സര്‍വകലാശാലകളില്‍ നിന്നും ഡോക്ടറേറ്റ് എന്നിങ്ങനെ നിരവധിയേറെ പുരസ്കാരങ്ങള്‍.

സിനിമാസ്വാദകര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നിരവധി വേഷപ്പകര്‍ച്ചകള്‍. കുടുംബനാഥനായും രാഷ്ട്രീയക്കാരനായും പൊലീസുകാരനായും കള്ളക്കടത്തുകാരനായും ജേര്‍ണലിസ്റ്റായും മാഷായും സാഹിത്യകാരനായും അടിയാനായും ഭൂതമായും ചരിത്രപുരുഷനായും അങ്ങനെ വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങള്‍. ഒരേ സിനിമയില്‍ മൂന്നു കഥാപാത്രങ്ങളായി വരെ വേഷപ്പകര്‍ച്ച നടത്തി അത്ഭുതപ്പെടുത്തിയിട്ടുണ്ട് മമ്മൂട്ടി. മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ള യുവതലമുറയുടെ കാലത്തും മമ്മൂട്ടിക്കായുള്ള കഥകള്‍ അണിയറയില്‍ ഒരുങ്ങുകയാണ്.


Related News