Loading ...

Home cinema

അംഗീകാര നിറവില്‍ ഡികോഡിംഗ് ശങ്കര്‍

ഗായകനായും സംഗീത സംവിധായകനായും ലോകമെങ്ങുമുളള ആസ്വാദകരുടെ മനസ് കീഴടക്കിയ ശങ്കര്‍ മഹാദേവന്‍റെ സംഗീത യാത്രയും വ്യക്തി ജീവിതവും ആസ്‍പദമാക്കി ദീപ്‍തി പിളള ശിവന്‍ സംവിധാനം ചെയ്‍ത ഡികോഡിംഗ് ശങ്കര്‍ എന്ന ഡോക്യുമെന്‍ററി ടൊറന്‍റോ രാജ്യാന്തര മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രാജ്യാന്തര വനിത ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടത്.ദക്ഷിണ കൊറിയ, ജര്‍മ്മനി,സ്‍പെയിന്‍, സ്വീഡന്‍ തുടങ്ങിയ രാജ്യാന്തര ചലച്ചിത്രമേളകളിലേക്ക് ചിത്രം നേരത്തെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇന്ത്യന്‍ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പനോരമ വിഭാഗത്തിലും പ്രദര്‍ശിപ്പിച്ച ചിത്രം മികച്ച അഭിപ്രായമാണ് സ്വന്തമാക്കിയത്.
ഗായകന്‍,സംഗീത സംവിധായകന്‍, കുടുംബനാഥന്‍,ഭക്ഷണ പ്രേമി തുടങ്ങിയ ജീവിത യാത്രയിലെ സമസ്‍ത ഭാവങ്ങളും ഇന്ത്യയിലും വിദേശത്തുമായി ചിത്രീകരിച്ച ഡോക്യുമെന്‍ററിയില്‍ പകര്‍ത്തിവെച്ചിട്ടുണ്ട്. ഹിറ്റുകള്‍ പിറന്ന വഴിയെ കുറിച്ചും ജീവിതത്തിന്‍റെ ഉയര്‍ച്ച താഴ്‍ചകളെ കുറിച്ചും ഒട്ടും നിറങ്ങള്‍ ചേര്‍ക്കാതെ ചിത്രം പറഞ്ഞുവെക്കുന്നു. സോഫ്‍റ്റ് വെയര്‍ എഞ്ചിനീയറിംഗ് ജോലി ഉപേക്ഷിച്ചാണ് ശങ്കര്‍ മഹാദേവന്‍ സംഗീതം ജീവിത വ്രതമായി തെരഞ്ഞെടുത്തത്. മൂന്ന് തവണ മികച്ച ഗായകനുളള ദേശീയ പുരസ്‍കാരവും രണ്ട് തവണ മികച്ച സംവിധായകനുളള ദേശീയ പുരസ്കാരവും നേടിയ ശങ്കര്‍ മഹാദേവനെ തേടി സംസ്ഥാന പുരസ്‍കാരങ്ങളടക്കം നിരവധി തവണ തേടിയെത്തിയിട്ടുണ്ട്. അമിതാബ് ബച്ചന്‍, ജാവേദ് അക്തര്‍, അമീര്‍ ഖാന്‍ തുടങ്ങിയവരും ശങ്കറിലെ പ്രതിഭയെകുറിച്ച്‌ ഇതില്‍ വാചാലരാകുന്നു.

പ്രശസ്‍ത സംവിധായകന്‍ സഞ്ജീവ് ശിവന്‍റെ ഭാര്യയായ ദീപ്‍തി നേരത്തെ നിരവധി സിനിമകളുടേയും ഡോക്യുമെന്‍ററികളുടേയും ഭാഗമായിരുന്നു.1993ല്‍ വേണുനാഗവള്ളി സംവിധാനം ചെയ്‍‍ത കളിപ്പാട്ടത്തിലെ ബാലതാരമായി അരങ്ങേറ്റം കുറിച്ച ദീപ്‍തി ആദ്യമായാണ് സ്വതന്ത്ര സംവിധായികയുടെ തൊപ്പിയണിഞ്ഞത്. ബയോപെക് എന്നതിലുപരി അനുഭപ്പെടുത്തലിന്‍റേയും ആസ്വാദനത്തിന്‍റേയും മറ്റൊരു തലം തന്നെയാണ് ഡോക്യുമെന്‍ററി പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. അതുകൊണ്ട് ആസ്വാദക സ്വീകാര്യതയ്‍ക്കൊപ്പം പുരസ്കാര പെരുമയും ഡികോഡിംഗ് ശങ്കര്‍ ഇനിയും സ്വന്തമാക്കുമെന്നുറപ്പ്

Related News