Loading ...

Home health

പൊരുതിനില്‍ക്കാനും പൊരുത്തപ്പെടാനും കര്‍ക്കടക ചികിത്സ by ഡോ. കെ മുരളീധരന്‍

ആരോഗ്യത്തെ സംരക്ഷിക്കുക; പോഷിപ്പിക്കുക, രോഗങ്ങളുടെ ആക്രമണം തടയുക, രോഗമുക്തി നേടിയവരെ പുനരധിവസിപ്പിക്കുക എന്നിവയാണ് ആയുര്‍വേദം അടക്കമുള്ള എല്ലാ ചികിത്സകളുടെയും ലക്ഷ്യം. കര്‍ക്കടക ചികിത്സയുടെയും ഉദ്ദേശ്യം ഇതുതന്നെ.പൊരുതിനില്‍ക്കാനും പൊരുത്തപ്പെടാനുമുള്ള ശേഷി നല്‍കലാണ് കര്‍ക്കടക ചികിത്സയുടെയും പൊരുള്‍. താല്‍ക്കാലിക ശാന്തിയല്ല; സ്ഥായിയായ രോഗപ്രതിരോധശേഷി ലഭിക്കുന്നതിനാണ് കര്‍ക്കടക ചികിത്സയിലൂടെയും ശ്രമിക്കുന്നത്.കേരളത്തില്‍ കര്‍ക്കടകചികിത്സ  ഉരുത്തിരിയാനും പ്രചാരം നേടാനും ഒന്നിലേറെ കാരണങ്ങളുണ്ട്. ഇതില്‍ പ്രധാനമായത്  കേരളത്തിലെ കാലാവസ്ഥയുടെ മിതത്വമാണ്.  രണ്ട്:  യുദ്ധങ്ങളില്ലാത്ത പ്രകൃതിദുരന്തങ്ങള്‍ കുറഞ്ഞ കേരളത്തിലെ സാമൂഹ്യാന്തരീക്ഷം. മൂന്ന്: സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളില്‍ കേരളത്തില്‍ വികാസം പ്രാപിച്ച ആയുര്‍വേദ ചികിത്സയുടെ കരുത്തും പൊതുജനസമ്മതിയും. പുരാതനകാലംമുതല്‍ക്കേ ജാതി-മത വ്യവസ്ഥിതികള്‍ക്കതീതമായിരുന്നു മനുഷ്യ സ്നേഹത്തില്‍ അധിഷ്ഠിതമായ ആയുര്‍വേദ ചികിത്സ.

പാവപ്പെട്ടവരെ മുന്നില്‍ക്കണ്ട് ചികിത്സ നിശ്ചയിക്കുക എന്ന ആയുര്‍വേദത്തിന്റെ പ്രത്യേകതയും കര്‍ക്കടകചികിത്സ വ്യാപകമാവാന്‍ കാരണമായി. വലിയ പണച്ചെലവുള്ള ചികിത്സകള്‍ ചെയ്യാന്‍ കഴിവുള്ളവര്‍ക്ക് അതു നിശ്ചയിക്കുമ്പോള്‍തന്നെ പാവപ്പെട്ടവനും അവന് കഴിയുന്ന ചികിത്സകള്‍ എന്ന ആയുര്‍വേദത്തിന്റെ നൈരന്തര്യവും കര്‍ക്കടകചികിത്സ വ്യാപകമാവാന്‍ കാരണമായി.ആദ്യകാലങ്ങളില്‍ കൂടുതല്‍ പേരും കാര്‍ഷികമേഖലയിലാണ് പണിയെടുത്തിരുന്നത്. മഴക്കാലം പണികള്‍ കുറവായതുകൊണ്ട് സ്വയം ആരോഗ്യസംരക്ഷണത്തിനും ചികിത്സക്കും കന്നുകാലികള്‍ക്ക് ആരോഗ്യസംരക്ഷണം നല്‍കാനും സമയം നീക്കിവയ്ക്കുന്ന പതിവുണ്ടായി.ആദ്യകാലങ്ങളില്‍ അവനവന് ചികിത്സക്ക് ആവശ്യമുള്ള മരുന്നുകള്‍ വീടുകളില്‍ തയ്യാറാക്കിയിരുന്നെങ്കില്‍ ഇന്ന് അടുത്തുള്ള വൈദ്യശാലകളില്‍നിന്ന് മരുന്നു ലഭിക്കുന്ന സ്ഥിതിയുണ്ട്. കിടത്തിചികിത്സിക്കാന്‍ നിരവധി ആശുപത്രികളുമുണ്ട്. കാലികമായ മാറ്റം ആയുര്‍വേദത്തിലും വന്നുവെന്നു കരുതിയാല്‍ മതി.  എന്നാല്‍ ഇന്നും അവനവന് ആവശ്യമുള്ള മരുന്നിനുള്ള സാമഗ്രികള്‍ വൈദ്യശാലകളില്‍നിന്ന് വാങ്ങി വീടുകളില്‍ മരുന്നു തയ്യാറാക്കുന്നവരുമുണ്ട്.കാലത്തിനനുസരിച്ച് ചികിത്സ ചിട്ടപ്പെടുത്തുക എന്ന ആയുര്‍വേദത്തിന്റെ പ്രത്യേകതയും കര്‍ക്കടകചികിത്സക്കു കാരണമായിട്ടുണ്ട്. വേനല്‍ക്കാലത്തും മഴക്കാലത്തും മഞ്ഞുകാലത്തുംശരീരത്തിന്റെ ജൈവരസതന്ത്രം വ്യത്യസ്തമാണ്; സസ്യങ്ങളുടെ സ്വഭാവവും വ്യത്യസ്തമാണ്.  ഓരോകാലത്തും രോഗിക്ക് നല്‍കുന്ന മരുന്നുകളില്‍ à´ˆ മാറ്റം പ്രതിഫലിക്കും.ശുദ്ധീകരണം (മാലിന്യം നീക്കുക), ശാക്തീകരണം (ബലപ്പെടുത്തുക) എന്നിവതന്നെയാണ് കര്‍ക്കടകത്തിലും ആയുര്‍വേദചികിത്സയുടെയും തത്വം.  
ചികിത്സയില്‍ ദഹനശക്തിക്കുള്ള മരുന്നുകള്‍ നല്‍കുന്നു.  എണ്ണ, കുഴമ്പ് ഉപയോഗിച്ചുള്ള പിഴിച്ചില്‍, à´•à´¿à´´à´¿ തുടങ്ങിയവ ചെയ്യുന്നു. ബലവര്‍ധനയ്ക്കായി രസായനചികിത്സകള്‍ നടത്തുന്നു.
പൊതുവായി പറഞ്ഞാല്‍ അഗ്നിദീപ്തികരമായ മരുന്നുകള്‍, ശുദ്ധീകരണത്തിനുള്ള മരുന്നുകള്‍, ബലവര്‍ധകങ്ങളായ മരുന്നുകള്‍ എന്നിങ്ങനെ മൂന്നുവിഭാഗത്തിലുള്ള മരുന്നുകളാണ് കൂടുതല്‍ ഉപയോഗിക്കുക.ഉചിതമായ മരുന്നുകള്‍ വൈദ്യനിര്‍ദേശപ്രകാരം സേവിച്ച് വയര്‍ ശുദ്ധിവരുത്തുന്ന ഒരു രീതി കേരളത്തില്‍ നിലവിലുണ്ടായിരുന്നു.  കര്‍ക്കടകമാസത്തില്‍ ഇപ്രകാരം വയര്‍ ശുദ്ധമാക്കാനുള്ള മരുന്നുകള്‍ സേവിക്കുന്ന പതിവ് ഇപ്പോഴുമുണ്ട്.അഗ്നിവര്‍ധനവിന്റെ കാര്യത്തില്‍ നിത്യോപയോഗ സാധനങ്ങളായ ചുക്ക്, അയമോദകം, കുരുമുളക് തുടങ്ങിയവയും ഉള്‍പ്പെടുത്തുന്നു. 
ശരീരബലവും രോഗപ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിന് അമുക്കുരം, നെല്ലിക്ക, എള്ള് എന്നിവയും അജാശ്വഗന്ധാദിലേഹ്യം, ച്യവനപ്രാശം തുടങ്ങിയ മരുന്നുകളും ഉപയോഗിക്കാം.
കര്‍ക്കടകചികിത്സയില്‍ കഞ്ഞിക്കും പ്രാധാന്യമുണ്ട്. ആഹാരത്തെ ഔഷധമായാണ് ആയുര്‍വേദം കാണുന്നത്. അവരവരുടെ പ്രാപ്തിക്കും ശരീരത്തിന്റെ (പ്രത്യേകിച്ച് വയറിന്റെ) അവസ്ഥയ്ക്കും അനുസരിച്ചുള്ള കഞ്ഞിയാണ് കഴിക്കേണ്ടത്. പ്രമേഹമുള്ളവര്‍, വൃക്കരോഗമുള്ളവര്‍, ആര്‍ത്തവതകരാറുള്ള സ്ത്രീകള്‍ എന്നിങ്ങനെ വിവിധ രോഗാവസ്ഥകളിലുള്ളവര്‍ക്ക് à´šà´¿à´² കഞ്ഞികളിലെ ചേരുവകള്‍ ചേരില്ല.  അതുകൊണ്ട് വൈദ്യോപദേശപ്രകാരം മാത്രം ഔഷധക്കഞ്ഞി തയ്യാറാക്കുന്നതാണ് ഉചിതം. ആയുര്‍വേദ മരുന്നുകള്‍ക്ക് പാര്‍ശ്വഫലങ്ങളില്ല എന്നും പറഞ്ഞ് ഓരോരുത്തരും സ്വയംചികിത്സ നിശ്ചയിച്ച് മരുന്നുവാങ്ങി കഴിക്കുന്നത് ഗുണത്തെക്കാളേറെ ദോഷംചെയ്യുമെന്ന കാര്യം ഓര്‍ക്കണം.

(കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയില്‍ അഡീഷണല്‍ ചീഫ് ഫിസിഷ്യനും സൂപ്രണ്ടുമാണ് ലേഖകന്‍)

Related News