Loading ...

Home Gulf

ഒമാനില്‍ കോവിഡ്​ നിയന്ത്രണങ്ങളില്‍ ഇളവ്​: പള്ളികള്‍ തുറക്കും, രാത്രി വ്യപാര വിലക്ക്​ നീക്കി

മസ്​കത്ത്​: കോവിഡ്​ വ്യാപന പശ്​ചാത്തലത്തില്‍ നടപ്പിലാക്കിയ നിയന്ത്രണങ്ങളില്‍ ഇളവ്​ പ്രഖ്യാപിച്ച്‌​ ഒമാന്‍ സുപ്രീംകമ്മിറ്റി. പള്ളികള്‍ തുറക്കാനും രാത്രി വ്യാപാര വിലക്ക്​ നീക്കാനുമാണ്​ സുപ്രധാന തീരുമാനം.

നൂറുപേരെ മാത്രം പ്രവേശിപ്പിക്കുന്ന നിലയില്‍ അഞ്ചുനേരത്തെ നമസ്​കാരങ്ങള്‍ക്ക്​ പള്ളി തുറക്കാം. എന്നാല്‍ വെള്ളിയാഴ്​ച ജുമുഅ നമസ്​കാരത്തിന്​ അനുമതിയില്ല. മറ്റു കോവിഡ്​ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കണം പള്ളികളില്‍ വിശ്വാസികള്‍ എത്തേണ്ടത്​.

എല്ലാ ഗവര്‍ണറേറ്റുകളിലും രാത്രി എട്ടുമുതല്‍ പുല​ര്‍ച്ചെ നാലുവരെ നിലവിലുള്ള വ്യപാര വിലക്ക്​ പിന്‍വലിച്ചിട്ടുമുണ്ട്​. എന്നാല്‍ കടകള്‍, റസ്​റ്ററന്‍റുകള്‍, കഫെകള്‍, കോംപ്ലക്​സുകള്‍ എന്നിവിടങ്ങളില്‍ ആകെ ശേഷിയുടെ 50ശതമാനം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന നിയന്ത്രണം തുടരും. അതേസമയം 12വയസ്സില്‍ കുറഞ്ഞ കുട്ടികള്‍ക്ക്​ വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശിക്കാന്‍ വിലക്കുണ്ടാവില്ല.

പ്രദര്‍ശന കേന്ദ്രങ്ങള്‍, വിവാഹ ഹാളുകള്‍, ആള്‍കൂട്ടങ്ങള്‍ക്ക്​ കാരണമാകുന്ന കച്ചവട സ്​ഥാപനങ്ങള്‍ എന്നിവക്ക്​ തുറക്കാം. എന്നാല്‍ 30 ശതമാനം ആളുകളെ മാത്രം പ്രവേശിപ്പിക്കാനാണ്​ അനുമതി. എത്രവലിയ ഹാളാണെങ്കിലും 300ല്‍ കൂടുതല്‍ പ്രവേശിപ്പിക്കാന്‍ പാടില്ല.

മാസ്​ക്​, സാമൂഹിക അകലം അടക്കമുള്ള നിയന്ത്രണങ്ങള്‍ ചടങ്ങുകളില്‍ പാലിക്കപ്പെടുകയും വേണം. ഒമാനില്‍ താമസിച്ച്‌​ അയല്‍ ജി.സി.സി രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പൗരനമാര്‍ക്കും വിദേശികള്‍ക്കും കരമാര്‍ഗം രാജ്യത്തുനിന്ന്​ പുറത്തുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്​.

ഈ ഇളവിന്​ തൊഴില്‍ ചെയ്യുന്ന സ്​ഥാപനത്തില്‍ നിന്ന്​ തെളിവ്​ ഹാജരാക്കണം. ഔട്ട്​ഡോര്‍ കായിക പ്രവര്‍ത്തികള്‍ക്കും ജമ്മിനും പകുതി ആളുകളുമായി തുറന്നുപ്രവര്‍ത്തിക്കാം. അതിഥികള്‍ക്കും അഫിലിയേറ്റഡ്​ ക്ലബുകളിലെ അംഗങ്ങള്‍ക്കും ഹോട്ടലുകളിലെ സ്വിമ്മിങ്​ പൂളും ജിമ്മും മറ്റു സംവിധാനങ്ങളും ഉപയോഗിക്കാവുന്നതുമാണ്​.

സ്വകാര്യ മേഖലയില്‍ മഹാമാരിയുടെ ആഘാതം വര്‍ധിക്കുന്നത്​ തടയുക എന്ന ഉദ്ദേശത്തോടെയാണ്​ നടപടികളെന്നും മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന പക്ഷം കോവിഡ്​ വ്യാപനത്തിന്​ കാരണമാകുമെന്നും സുപ്രീംകമ്മിറ്റി അഭിപ്രായപ്പെട്ടു. അതിനാല്‍ എല്ലാ നിയന്ത്രണങ്ങളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന്​ ഉറപ്പുവുത്താന്‍ കച്ചവട സ്​ഥാപനങ്ങളുടെ ഉടമകള്‍ ശ്രദ്ധിക്കണം.

മഹാമാരിയുടെ വ്യാപനം കൃത്യമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും സാഹചര്യം പ്രതികൂലമായാല്‍ വീണ്ടും വ്യാപാരനിയന്ത്രണവും സഞ്ചാര വിലക്കും പരിഗണിക്കുമെന്നും സുപ്രീംകമ്മിറ്റി വ്യക്​തമാക്കി.

Related News