Loading ...

Home cinema

ഒരു പ്രതികാരം ഉണ്ടാക്കിയ കഥ by ഗിരീഷ് ബാലകൃഷ്ണന്‍

മികച്ച തിരക്കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരത്തിനുപിന്നാലെ ദേശീയ പുരസ്കാരവും നേടിയ 'മഹേഷിന്റെ പ്രതികാര'ത്തിന്റെ രചയിതാവ് ശ്യാം പുഷ്കരന്‍ സംസാരിക്കുന്നു

സാംക്രമികമായ ഒരുതരം വശ്യതയുണ്ട് 'മഹേഷിന്റെ പ്രതികാര'ത്തിന്. കേരളത്തെയാകെ അത് കീഴ്പ്പെടുത്തി, പിന്നീട് സംസ്ഥാന- ദേശീയ ചലച്ചിത്ര ജൂറിയെയും. സ്വതന്ത്രരചന നിര്‍വഹിച്ച ആദ്യസിനിമ സംസ്ഥാന തിരക്കഥാപുരസ്കാരത്തിനുപിന്നാലെ ദേശീയ പുരസ്കാരവും നേടിയപ്പോള്‍ ശ്യാം പുഷ്കരന്‍ സമ്മാനങ്ങളെല്ലാം കൂട്ടുകാര്‍ക്ക് സമര്‍പ്പിക്കുകയാണ്. ഒരു ദോശയുണ്ടാക്കിയ കഥപറഞ്ഞ ആഷിക് അബുവിന്റെ സാള്‍ട്ട് ആന്‍ഡ് പെപ്പറിന്റെ സഹരചയിതാവായിട്ടായിരുന്നു തുടക്കം. 22 ഫീമെയില്‍ കോട്ടയം, à´Ÿà´¾ തടിയാ, അഞ്ച് സുന്ദരികള്‍, ഇടുക്കി ഗോള്‍ഡ്, ഇയ്യോബിന്റെ പുസ്തകം, റാണിപത്മിനി എന്നിവയുടെയും സഹരചയിതാവായി. 

"വലിയ പുരസ്കാരം ലഭിച്ചതായൊന്നും വിചാരിക്കുന്നില്ല. തുടക്കക്കാരന് ലഭിച്ച പ്രോത്സാഹനസമ്മാനം.  ഇനിയും സിനിമകള്‍ ചെയ്യാനുണ്ട്.''- മലയാള സിനിമാലോകം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന യുവ തിരക്കഥാകൃത്ത് സംസാരിച്ചുതുടങ്ങി. 

ഒഴിവാക്കാനാകില്ല ഒറ്റഷോട്ടും

സിനിമയുടെ സ്ക്രീന്‍ടൈം വിനിയോഗിച്ച രീതിയാണ് മഹേഷിന്റെ പ്രതികാരത്തിന് ഒരു വശ്യതയുണ്ടെങ്കില്‍ അതിന് കാരണമായി എനിക്ക് തോന്നുന്നത്. സംവിധായകന്‍ ദിലീഷ് പോത്തനും ഛായാഗ്രാഹകന്‍ ഷൈജു ഖാലിദിനും കൂടി അവകാശപ്പെട്ടതാണ് അത്. ഓരോ ഷോട്ടിനും അര്‍ഥമുണ്ട്. ഓരോ ഷോട്ടും ഓരോ പുതിയ വിവരം പ്രേക്ഷകന് നല്‍കുന്നു. വെറുതെയുള്ള ഒരു ഷോട്ടുപോലും സിനിമയിലില്ല. എല്ലാത്തിനും അതിന്റേതായ അര്‍ഥമുണ്ട്. ഒരു സീന്‍പോലും ബോറടിപ്പിക്കരുതെന്ന നിര്‍ബന്ധബുദ്ധി ഞങ്ങള്‍ക്കുണ്ടായിരുന്നു. ഒന്നുകില്‍ ആകാംക്ഷ ജനിപ്പിക്കുക, അല്ലെങ്കില്‍ സങ്കടം, ചിരി ഇങ്ങനെ എന്തെങ്കിലും ദൌത്യം ഓരോ സീനിലും ഉണ്ടാകണമെന്ന് ഞങ്ങള്‍ തീരുമാനിച്ചു. സിനിമയുടെ സ്ക്രീന്‍ടൈമിന് മൂല്യമുണ്ടാകണം എന്നതായിരുന്നു ഞങ്ങളുടെ ആശയം.

സിനിമാവഴി


സിനിമയാണ് വഴിയെന്ന് സ്വയം തിരിച്ചറിയുമ്പോള്‍, ഏതുതരം സിനിമ എന്ന ചോദ്യം എല്ലാവരെയുംപോലെ ഞാനും നേരിട്ടിട്ടുണ്ട്. ആഷിക് അബുവിനൊപ്പമാണ് എന്റെ തുടക്കം. അക്കാര്യത്തില്‍ ആഷിക്കിന് വ്യക്തമായ ധാരണ ഉണ്ടായിരുന്നു. പ്രേക്ഷകരെ വന്‍തോതില്‍ ആകര്‍ഷിക്കുന്ന മുഖ്യധാര സിനിമയില്‍ കലാപരമായ മേന്മ കൊണ്ടുവരാനാണ് ആഷിക് ശ്രമിച്ചത്. പ്രേക്ഷകര്‍ കാണുന്ന സിനിമകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, അവര്‍ക്ക് നല്ല സിനിമ ആസ്വദിക്കാന്‍ അവസരമുണ്ടാക്കുക- അതിനാണ് ഞാനും ശ്രമിക്കുന്നത്. സിനിമ പത്തുപേരില്‍ എത്തുന്നതിനേക്കാള്‍ നൂറുപേരില്‍ എത്തണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. മഹേഷിന്റെ പ്രതികാരം പുരസ്കാരങ്ങള്‍ നേടിത്തന്നതിനേക്കാള്‍ മഹത്തരമാണ്് അത് ജനങ്ങള്‍ ഏറ്റെടുത്തെന്നും ഹിറ്റായെന്നും അറിയുമ്പോഴുള്ള വികാരം. 

സ്വാഭാവികത വരുന്ന വഴി


എല്ലാവരെയുംപോലെ സംവിധായകനാകാനായിരുന്നു എനിക്കും മോഹം. അസിസ്റ്റന്റ് ഡയറക്ടറായാണ് സിനിമയില്‍ എത്തുന്നതും. അസിസ്റ്റന്റാകാന്‍ നൂറുപേരുണ്ട്. എന്നാല്‍, തിരക്കഥ എഴുതുന്നവര്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ എന്നു മനസ്സിലായി. എല്ലാവര്‍ക്കും വേണ്ടത് നല്ല തിരക്കഥയാണ്. അങ്ങനെ എഴുത്തുകാരുടെ കുറവാണ് എന്നെ തിരക്കഥാകൃത്താക്കിയത്. 

എഴുതുമ്പോള്‍ കഥാപാത്രങ്ങളെ സ്വതന്ത്രമാക്കിവിടാനാണ് ഞാന്‍ ശ്രമിക്കുന്നത്. അവര്‍ നമുക്കുള്ള വഴി കണ്ടെത്തും. കഥാപാത്രങ്ങളിലേക്ക് എഴുത്തുകാരന്‍ എന്ന നിലയില്‍ ഇന്റലിജന്‍സ്  കുത്തിവയ്ക്കാറില്ല. അവര്‍ അവരുടെ തലത്തില്‍ അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ പറയുന്നു. അപ്പോള്‍ സ്വാഭാവികത കൈവരുന്നു. സിനിമയ്ക്കുവേണ്ടിയുള്ള പഠനഗവേഷണങ്ങള്‍ ചെയ്യുന്നതില്‍ വിട്ടുവീഴ്ച പാടില്ല. ചലച്ചിത്രകാരന്റെ വ്യക്തിത്വം അയാളുടെ സിനിമയിലുണ്ടാകും. എന്റെ രാഷ്ട്രീയവും നിലപാടുകളുമെല്ലാം ചേരുന്നതാണ് എന്റെ സിനിമ. 

മാറുന്ന പ്രേക്ഷകര്‍

മലയാളസിനിമയില്‍ കുറച്ചുവര്‍ഷങ്ങള്‍ക്കിടെ മാറ്റമുണ്ടായി എന്നത് സത്യമാണ്. എന്നാല്‍, സിനിമക്കാരേക്കാള്‍ സര്‍ഗാത്മകമായ മാറ്റം സംഭവിച്ചിരിക്കുന്നത് പ്രേക്ഷകര്‍ക്കാണ്. തട്ടിക്കൂട്ട് സിനിമകള്‍ അവര്‍ ബഹിഷ്കരിച്ചതോടെയാണ് സിനിമയും മാറുന്നത്. സിനിമ കൂടുതല്‍ സ്വാഭാവികവും സത്യസന്ധവുമാകാന്‍ ശ്രമിച്ചെങ്കില്‍ അതിന് ക്രെഡിറ്റ് കൊടുക്കേണ്ടത് നല്ലത് ഇഷ്ടപ്പെടുകയും അംഗീകരിക്കുകയും ചെയ്യുന്ന പ്രേക്ഷകര്‍ക്കാണ്.

എല്ലാ കാലത്തും നല്ല സിനിമകള്‍ ഉണ്ടായിട്ടുണ്ട്. കെ ജി ജോര്‍ജിന്റെ സിനിമകള്‍മുതല്‍ ഏറ്റവും ഒടുവില്‍ അങ്കമാലി ഡയറീസ്വരെ പട്ടിക നീളും. സിനിമയുടെ നറേഷനില്‍ മാറ്റംവരുത്താന്‍ ബോധപൂര്‍വമുള്ള ശ്രമത്തിന്റെ ഫലമാണ് കെ ജി ജോര്‍ജിന്റെ സിനിമകള്‍. അങ്കമാലി ഡയറീസിന്റെ അണിയറപ്രവര്‍ത്തകരും അതിനാണ് ശ്രമിച്ചത്. മുഖ്യധാരയില്‍ നിന്നുകൊണ്ട് അത്തരം ശ്രമങ്ങള്‍ നടത്തുന്നതിനാണ് കൈയടി ലഭിക്കേണ്ടത്. ദശരഥം, കിരീടം, ടി പി ബാലഗോപാലന്‍ എംഎ തുടങ്ങിയ സിനിമകള്‍ ഇഷ്ടപ്പെടുന്ന പ്രേക്ഷകനാണ് ഞാന്‍.

ദൃക്സാക്ഷിയും തൊണ്ടിമുതലും

മഹേഷിന്റെ പ്രതികാരം ടീം വീണ്ടും ഒന്നിക്കുന്ന ദൃക്സാക്ഷിയും തൊണ്ടിമുതലുമാണ് ഇപ്പോള്‍ ചെയ്യുന്ന ചിത്രം. തീര്‍ത്തും സറ്റയറിക്കലായ സിനിമ. സജീവ് പാഴൂരിന്റേതാണ് തിരക്കഥ. രാജീവ് രവി ഛായാഗ്രഹണം. ദിലീഷ് പോത്തന്‍ സംവിധാനം. അവര്‍ക്കൊപ്പം സിനിമയില്‍ പങ്കാളിയാകാന്‍ ഞാനും ഒപ്പംകൂടി. സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടറാണ് ഞാന്‍. സിനിമയില്‍ നില്‍ക്കുമ്പോള്‍ അതിന്റെ എല്ലാ കാര്യങ്ങളെക്കുറിച്ചും അറിവുണ്ടാകണം. അതിനാണ് ഞാനും ഈ സിനിമയ്ക്കൊപ്പം കൂടിയത്. സിനിമ ആത്യന്തികമായി കൂട്ടായ്മയുടെ കലയാണ്. ഞാന്‍ പങ്കാളിയായ സിനിമകളെല്ലാം കൂട്ടായ്മകളുടെ സൃഷ്ടിയായിരുന്നു. ആഷിക് അബു, അമല്‍നീരദ്, ഷൈജു ഖാലിദ്, ദിലീഷ് പോത്തന്‍ തുടങ്ങിയ എന്റെ സംവിധായകരെല്ലാം കൂട്ടായ്മയുടെ ശക്തിയില്‍ വിശ്വസിക്കുന്നവരാണ്.

ആഷിക്കിനൊപ്പം വീണ്ടും

വീണ്ടും ആഷിക് അബുവിനുവേണ്ടി ദിലീഷ്നായര്‍ക്കൊപ്പം ഒരു സിനിമ എഴുതുന്നു. ടൊവിനോ തോമസ് നായകനാകും. അതിനുശേഷം ദിലീഷ് പോത്തനൊപ്പം ചേര്‍ന്ന് ഒരു സിനിമ നിര്‍മിക്കാനും പദ്ധതിയുണ്ട്. ഞങ്ങള്‍ക്കൊപ്പമുള്ള മധു സി നായര്‍ സംവിധാനം.

തിരക്കഥയ്ക്ക് ആവശ്യക്കാരേറെയുണ്ട്. ലാലേട്ടന്റെ (മോഹന്‍ലാല്‍) കൈയില്‍നിന്ന് അഡ്വാന്‍സ് വാങ്ങിയിട്ടുണ്ട്. ദശരഥത്തിനും à´Ÿà´¿ പി ബാലഗോപാലനും അപ്പുറമുള്ള സിനിമ അദ്ദേഹത്തെക്കൊണ്ട് ചെയ്യിക്കാനാകണമെന്നതാണ് വെല്ലുവിളി. 

കുടുംബം

ആലപ്പുഴയില്‍ ചേര്‍ത്തലയ്ക്കടുത്ത് തുറവൂരിലാണ് കുടുംബം. അച്ഛന്‍ പുഷ്കരന്‍, അമ്മ ഗീത. അച്ഛന്റെ സുഹൃത്ത് തമ്പാന്‍ പുരുഷന്‍ ഒരാളില്‍നിന്ന് തല്ലേറ്റതിനെതുടര്‍ന്ന് മൂന്നുവര്‍ഷമാണ് ചെരിപ്പിടാതെ നടന്നത്. മഹേഷിന്റെ പ്രതികാരം ഈ അനുഭവത്തില്‍നിന്നാണ് ജനിച്ചത്. ഭാര്യ ഉണ്ണിമായ നടിയാണ്. മഹേഷിന്റെ പ്രതികാരത്തില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിച്ച അമേരിക്കന്‍ മലയാളി എല്‍ദോയുടെ ഭാര്യയെ അവതരിപ്പിച്ചു.

unnigiri@gmail.com


Related News