Loading ...

Home Gulf

സൗദിയിലെ വിമാനത്താവളത്തിന് നേരെ ആക്രമണം; ഹൂതികളയച്ച ഡ്രോണുകള്‍ പതിച്ച്‌ വിമാനം കത്തി

സൗദിയിലെ അബഹ വിമാനത്താവളത്തിന് നേരെ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ വിമാനത്തിന് തീ പിടിച്ചു. സുരക്ഷാ വിഭാഗം കൃത്യസമയത്ത് തീയണച്ചതോടെ വന്‍ദുരന്തമാണ് ഒഴിവായത്. സ്ഫോടക വസ്തുക്കള്‍ നിറച്ച നാലു ഡ്രോണുകളാണ് സൗദിക്ക് നേരെയെത്തിയത്.യമനുമായി അതിരു പങ്കിടുന്ന പ്രവിശ്യയിലാണ് അബഹ വിമാനത്താവളം. ഇവിടേക്കാണ് ഹൂതികളയച്ച സ്ഫോടക വസ്തു നിറച്ച ഡ്രോണുകളെത്തിയത്. ഇവയിലൊന്ന് പതിച്ചാണ് ഫ്ലൈ അദീല്‍ വിമാനത്തിന് തീ പിടിച്ചത്. സുരക്ഷാ വിഭാഗം ഇടപെട്ട് ഉടന്‍ തീയണച്ചു. ബോര്‍ഡിങിനായി കാത്തിരുന്ന വിമാനത്തില്‍ ആളില്ലാതിരുന്നത് വന്‍ ദുരന്തമൊഴിവാക്കി. ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ ഇറാന്‍ പിന്തുണയുള്ള വിമത വിഭാഗം ഹൂതികള്‍ ഏറ്റെടുത്തു. യമനില്‍ നടത്തിയ ആക്രമണത്തിന് തിരിച്ചടിയാണിതെന്ന് ഹൂതികള്‍ അവകാശപ്പെട്ടതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ തുടരെ സൗദി ജനവാസ മേഖലക്ക് നേരെ മിസൈലുകളും ഡ്രോണുകളുമയക്കുന്ന ഹൂതികളേയും അവരെ പിന്തുണക്കുന്ന ഇറാനേയും നിലക്കു നിര്‍ത്തണമെന്ന് സൗദി ആവശ്യപ്പെട്ടു. 2019 ജൂണില്‍ ഇതേ വിമാനത്താവളത്തിലേക്ക് നടന്ന ഹൂതി ആക്രമണത്തില്‍ ഒരാള്‍ മരിക്കുകയും മലയാളികളടക്കം ഇരുപതിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പുതിയ ആക്രമണത്തിന് പിന്നാലെ സൗദിക്ക് പിന്തുണയുമായി വിവിധ രാജ്യങ്ങളും രംഗത്തെത്തി. യമനിലെ മനുഷ്യദുരന്തം കണക്കിലെടുത്ത് യുദ്ധത്തിനുള്ള പിന്തുണ പിന്‍വലിക്കുന്നതായി ബൈഡന്‍ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. ഹൂതികളെ ഭീകര പട്ടികയില്‍ നിന്നും നീക്കുവാനുള്ള ശ്രമത്തിലാണിപ്പോള്‍ യുഎസ്. അതേസമയം, അതിരുകളും സുരക്ഷയും പരിഗണിച്ച്‌ സൗദിക്ക് പിന്തുണയുണ്ടാകുമെന്നും യു.എസ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസവും സൗദിക്ക് നേരെ രണ്ട് മിസൈലുകള്‍ ഹൂതികള്‍ അയച്ചെങ്കിലും സഖ്യസേന തകര്‍ത്തിട്ടതാണ്.

Related News