Loading ...

Home cinema

ചായാഗ്രാഹകന്‍ പിഎസ് നിവാസ് അന്തരിച്ചു

കോഴിക്കോട്: പ്രമുഖ ചായാഗ്രാഹകനും സംവിധായകനുമായ പിഎസ് നിവാസ് അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട്ടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മലയാളം, തമിഴ്, തെലങ്ക് എന്നീ ഭാഷകളിലായി നിരവധി സിനിമകളുടെ ഛായാഗ്രാഹകനായിരുന്ന അദ്ദേഹം 1977ല്‍ മോഹിനിയാട്ടം എന്ന ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്‌കാരവും കേരള ഫിലിം അസോസിയേഷന്‍ പുരസ്‌കാരവും നേടി. ആന്ധ്രാപ്രദേശ് സംസ്ഥാന സര്‍ക്കാരിന്റെ നന്ദി പുരസ്‌കാരവും 1979ല്‍ ലഭിച്ചു. ഭാരതിരാജയുടെയും ലിസ ബേബിയുടെയും ഹിറ്റ് സിനിമകളുടെ ഛായാഗ്രാഹകന്‍ നിവാസ് ആയിരുന്നു. കോഴിക്കോട് കിഴക്കെ നടക്കാവ് പനയം പറമ്ബിലാണ് ജനിച്ചു വളര്‍ന്നത്. ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ നിന്നും ബിരുദം നേടി. മദ്രാസിലെ അടയാര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിലിം ടെക്‌നോളജിയില്‍ നിന്നും ഫിലിം ടെക്‌നോളജിയില്‍ ബിരുദം നേടി. സത്യത്തിന്റെ നിഴലില്‍ ആണ് ആദ്യ ചിത്രം. ദീര്‍ഘകാലം അദ്ദേഹം മദ്രാസിലായിരുന്ന അദ്ദേഹം ഏതാനുംവര്‍ഷമായി കോഴിക്കോട് ഈങ്ങാപ്പുഴയിലാണു താമസിക്കുന്നത്. ഭാര്യയും മുന്നു മക്കളുമുണ്ട്. ഓപ്പറേറ്റിവ് ക്യാമറാമാനായി കുട്ടിയേടത്തി, മാപ്പുസാക്ഷി, ചെമ്ബരത്തി, സ്വപ്നം എന്നീ സിനിമകള്‍ ചെയ്തു. മലയാളത്തില്‍ സത്യത്തിന്റെ നിഴലില്‍, മധുരം തിരുമധുരം, മോഹിനിയാട്ടം, സിന്ദൂരം, ശംഖുപുഷ്പം, രാജപരമ്ബര, സൂര്യകാന്തി, പല്ലവി, രാജന്‍ പറഞ്ഞ കഥ, വെല്ലുവിളി, ലിസ, സര്‍പ്പം എന്നിവയാണ് പ്രധാന ചിത്രങ്ങള്‍. കല്ലുക്കുള്‍ ഈറം, നിഴല്‍ തേടും നെഞ്ചങ്ങള്‍, സെവന്തി എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രാജ രാജാതാന്‍, സെവന്തി എന്നീ ചിത്രങ്ങളുടെ നിര്‍മാതാവുമായിരുന്നു.

Related News