Loading ...

Home Gulf

മാധ്യമങ്ങള്‍ സമൂഹത്തിന്‍റെ കണ്ണും കാതുമാകണം, അധികാര കേന്ദ്രമാകരുത്: ബി‌ആ‌പി ഭാസ്കര്‍

കുവൈറ്റ്സിറ്റി> സമൂഹത്തിന്‍റെ കണ്ണും കാതുമാണ് മാധ്യമങ്ങള്‍. രാജ്യത്ത് നടക്കുന്ന സംഭവ വികാസങ്ങള്‍ സത്യസന്ധമായി ജനങ്ങളിലേക്ക് എത്തിച്ചു നല്കുകുകയെന്ന ദൗത്യമാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രാഥമികമായി നിര്‍വ്വഹിക്കേണ്ടതെന്നും തങ്ങളും അധികാര കേന്ദ്രങ്ങളാണെന്ന ധാരണ പത്രക്കാര്‍ സ്വയം വച്ചുപുലര്‍ത്തരുതെന്നും പ്രമുഖ മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബിആര്‍പി ഭാസ്കര്‍ അഭിപ്രായപ്പെട്ടു. ലാഭ കണക്കുകളുടെ അടിസ്ഥാനത്തില്‍ മാത്രം നോക്കികണ്ട് കൊണ്ട് പത്രങ്ങളെ ഉലപ്പന്നമായി മാത്രം കാണുന്ന പ്രവണത ആശ്വാസ്യമല്ല. വായനക്കാരുടെ ചിന്തയെ ശക്തമായി സ്വാധീനിക്കുവാനുള്ള കഴിവ് മാധ്യമങ്ങള്‍ക്കുണ്ട്‌. വിറ്റുവരവുള്ള ഉല്‍പന്നത്തിന്‍റെ ഉടമകള്‍ ലാഭംമാത്രം ലക്ഷ്യമിടമ്പോള്‍ സ്വാഭാവികമായും മൂല്യങ്ങള്‍ക്ക് വിലയില്ലാതാവുന്നു. അവിടെ ശക്തമായി പ്രതിരോധിക്കുവാനും ബോധവാന്മാരാകാണും പൊതു ജനത്തിന് കഴിയണം. സമൂഹം നിസ്സഹായരെന്ന ധാരണയില്‍ ദന്തഗോപുരങ്ങളില്‍ നിന്ന് താഴേക്കുനോക്കി സംസാരിക്കുന്ന രീതിയിലാണ് വാര്‍ത്തകള്‍ ഇന്ന് കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് , അവിടെ ശരിയായ രീതിയില്‍ ജനങ്ങള്‍ തങ്ങളുടെ ശക്തി മനസ്സിലാക്കുകയും മാധ്യമ സാക്ഷരത നേടുകയും പ്രതികരിക്കുകയും ചെയ്യുമ്പോള്‍ തിരുത്തല്‍ അനിവാര്യമാകുന്ന സാഹചര്യം ഉടലെടുകുമെന്നും അദ്ദേഹം പറഞ്ഞു. പത്രങ്ങള്‍ ഒരു കാലത്ത് അറിയപ്പെട്ടിരുന്നത് പത്രാധിപര്‍ന്മാരുടെ നാമത്തിലായിരുന്നു. എന്നാല്‍ ഇന്ന് പല പത്രങ്ങളിലും ആ സ്ഥാനം സര്‍ക്കുലേഷന്‍ മാനജര്‍ക്കും പരസ്യ മാനേജര്‍ക്കും വകമാറിയിരിക്കുന്നു. അമേരിക്കയിലുണ്ടായ ട്രംപിന്‍റെ അധികാരകൈമാറ്റവും ഇന്ത്യയിലെ ഭരണമാറ്റവും അപകടകരമായി കാണേണ്ടതില്ല.രാജ്യതാത്പര്യം സം‌രക്ഷിക്കപ്പെടുന്നുണ്ടോ എന്നതാണ് അടിസ്ഥാനപരമായി നിരീക്ഷിക്കേണ്ടത്. സര്‍ക്കാരുകള്‍ മാറിമാറിവരും. സര്‍ക്കാരിനു പുറത്തും അധികാരശക്തികളുണ്ട്. അതുകൊണ്ടാണ് പ്രവര്‍ത്തനം എന്നതുപോലെ പ്രതിവര്‍ത്തനവും ശക്തമായി നടക്കുന്നത്. അധികാരികളുടെ പ്രവര്‍ത്തനം അപകടകരമാണെങ്കില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു. മലയാളി മീഡിയ ഫോറം കുവൈറ്റ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന മീഡിയ കോണ്‍ഫ്രന്‍സ് ഇന്ത്യന്‍ അംബാസഡര്‍ സുനില്‍ ജയിന്‍ ഉദ്ഘാടനം ചെയ്തു. മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ സാം പൈനുംമൂട് അദ്ധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇറക്കിയ സുവനീറിന്‍റെ പ്രകാശനം അബ്ദുല്‍ ഫത്താഹ് തയ്യിലില്‍ നിന്നും ഏറ്റുവാങ്ങി മുഖ്യാതിഥി ബി.ആര്‍.പി.ഭാസ്കര്‍ നിര്‍വ്വഹിച്ചു. പോഗ്രാം കണ്‍വീനര്‍ നിക്സണ്‍ ജോര്‍ജ് മുഖ്യാതിഥിയെ സദസ്സിന് പരിചയപ്പെടുത്തി. ആഘോഷങ്ങളുടെ ഭാഗമായി റാഫി കാലിക്കറ്റ്, ബിജു തിക്കൊടി എന്നിവരുടെ നേതൃത്വത്തില്‍ അരങ്ങേറിയ സംഗീതനിശ ഹൃദ്യമായി. ഇസ്മായീല്‍ പയ്യോളി സ്വാഗതവും സലിം കോട്ടയില്‍ നന്ദിയും പറഞ്ഞു.

Related News