Loading ...

Home Gulf

ഇക്കാമ ഇനി കയ്യില്‍ കരുതേണ്ട; ഡിജിറ്റല്‍ ഐഡി സംവിധാനം ഏര്‍പ്പെടുത്തി സൗദി അറേബ്യ

റിയാദ് : സൗദി അറേബ്യയിലെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്റെ ഭാഗമായി രാജ്യത്തെ പൗരന്മാരുടെയും പ്രവാസികളുടെയും ദേശീയ ഐഡന്റിറ്റി, ഇകാമ (റെസിഡന്‍സി പെര്‍മിറ്റ് ), ഡ്രൈവിംഗ് ലൈസന്‍സ്, ഇസ്തിമാര (വാഹനത്തിന്റെ രജിസ്ട്രേഷന്‍ ഐഡി) എന്നിവ ഡിജിറ്റലൈസ് ചെയ്യുന്നുവെന്ന് സാങ്കേതിക കാര്യങ്ങളുടെ ചുമതലയുള്ള ആഭ്യന്തര സഹമന്ത്രി പ്രിന്‍സ് ബന്ദര്‍ അല്‍ മഷാരി അറിയിച്ചു. സ്വദേശികളും പ്രവാസികളും ഈ രേഖകള്‍ ഇനി കയ്യില്‍ കരുത്തേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. പകരം ഔദ്യോഗിക ഇടപാടുകള്‍ക്ക് പ്ലാസ്റ്റിക് കാര്‍ഡിന് പകരം ഡിജിറ്റല്‍ ഐഡി ഉപയോഗിക്കുന്ന സംവിധാനം ആണ് കൊണ്ടുവന്നിരിക്കുന്നത്. അതിനായി "ദി ന്യൂ അബ്ഷെര്‍ ഇന്‍ഡിവിടുല്‍സ്‌" എന്ന പോര്‍ട്ടല്‍ തയ്യാറായി കഴിഞ്ഞെന്നും അല്‍ മഷാരി അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധന സമയത്തും, ബാങ്കുകള്‍, കമ്ബനികള്‍, വ്യക്തികള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവരുടെ ഇടപാടുകള്‍ക്കും ഡിജിറ്റല്‍ ഐഡി ഉപോയോഗിക്കാം. രാജ്യത്തിനകത്തോ പുറത്തോ ആവശ്യം വന്നാല്‍ പ്ലാസ്റ്റിക് രേഖകള്‍ അവസാന റഫറന്‍സായിട്ടായിരിക്കും ഉപയോഗിക്കുക. പരിശോധന സമയത്ത് പോര്‍ട്ടലില്‍ ഡിജിറ്റല്‍ ഐഡി കാണിക്കുകയോ ഇതിന്റെ ഒരു പകര്‍പ്പ് സ്മാര്‍ട്ട് ഫോണില്‍ സൂക്ഷിക്കുകയോ ചെയ്യാം. പുതിയ "അബ്ഷര്‍ അഫ്രാഡ് " ആപ്ലിക്കേഷനില്‍ ഡിജിറ്റല്‍ ഐഡി റിവ്യൂ" സേവനം ലഭ്യമാണ്. ആപ്ലിക്കേഷനിലെ വേരിയബിള്‍ ക്യുആര്‍ കോഡ് വഴി ഐഡി ഡാറ്റ ഇലക്‌ട്രോണിക് ആയി കാണാന്‍ കഴിയും. ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെതന്നെ ഡിജിറ്റല്‍ ഐഡിയുടെ ഒരു പകര്‍പ്പ് സ്മാര്‍ട്ട് ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയും എന്ന പ്രത്യേകതയും ഇതിനുണ്ട്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മൈതാന്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ച്‌ ഡിജിറ്റല്‍ ഐഡിയുടെ വിശ്വാസ്യത പരിശോധിക്കാന്‍ കഴിയും. നിയമലംഘനങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇലക്‌ട്രോണിക് രീതിയില്‍ കേസുകള്‍ കൈമാറുന്നതിനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഏകീകൃത സുരക്ഷാ പ്ലാറ്റ്ഫോമാണ് മൈതാന്‍. നാഷണല്‍ ഇന്‍ഫര്‍മേഷന്‍ സെന്ററിന്റെയും സൗദി ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതോറിറ്റിയുടെയും സഹകരണത്തോടെയാണ് സിവില്‍ സ്റ്റാറ്റസ് വകുപ്പ് "ഡിജിറ്റല്‍ ഐഡി" സേവനം ആരംഭിച്ചിരിക്കുന്നത്.

Related News