Loading ...

Home cinema

വിനായകന് 'കൈയ്യടിക്കടാ'... by കെ. ഷബിൻ മുഹമ്മദ്

മലയാള സിനിമക്കകത്ത് അരികുവത്കരിച്ച നിരവധി അഭിനേതാക്കളുണ്ട്. അതിലൊരാളായിരുന്നു വിനായകനും. കറുത്ത ശരീരമുള്ള അഭിനേതാക്കളോട് മലയാള സിനിമയുടെ മുഖ്യധാര എന്നും പുറംതിരിഞ്ഞു നിന്നു. അതിന് മലയാള സിനിമയെ മാത്രം കുറ്റം പറയാനാവില്ല, ഒരു പരിധിവരെ കാണികൾക്കും അതിൽ പങ്കുണ്ട്. മീശ പിരിക്കുന്ന മുണ്ടുടുക്കുന്ന സവർണ ശരീരത്തെ കണ്ടാണ് മലയാളി കൈയ്യടിച്ചത്. അന്ന് വില്ലനായും ക്വട്ടേഷൻ അംഗമായും വെട്ടിയും ചാവാനുമായിരുന്നു വിനായകനെ പോലുള്ളവരുടെ വിധി. 

എന്നാൽ, 'ന്യൂ ജനറേഷൻ' മലയാള സിനിമയുടെ തമ്പുരാക്കൻമാരെയും മാടമ്പിമാരെയും കീഴ്മേൽ മറിച്ചതോടെ സിനിമക്ക് അരികുപറ്റി ജീവിച്ച വിനായകനെ പോലുള്ളവരുടെ ഉയിർത്തെഴുന്നേൽപ്പായിരുന്നു. വിനായകനും മണികണ്ഠനും അങ്ങിനെ നിരവധി നായകർ മുഖ്യധാരയിലേക്ക് കടന്നുവന്നതോടെ സിനിമയുടെ തിലകക്കുറി തന്നെ മാറി. ആഷിഖ് അബു, അമൽ നീരദ്, സമീർ താഹിർ, ലിജോ ജോസ്, അൻവർ റഷീദ്, രാജീവ് രവി തുടങ്ങിയ ന്യൂജെൻ സംവിധായകരുടെ ചിത്രങ്ങളിൽ വിനായകൻ അവിഭാജ്യ ഘടകമായി. ഇവരിൽ ചിലരുടെ ചിത്രങ്ങളിൽ വാർപ്പ് മാതൃകകളെ കൂടുതൽ ശക്തമായി ഉറപ്പിക്കുന്ന കഥാപാത്രങ്ങളായി തന്നെയാണ് വിനായകനെ അവതരിപ്പിച്ചതെന്ന കാര്യം പറയാതിരിക്കാനാവില്ല. ഇവരുടെ ചിത്രങ്ങളിലെ ന്യൂജെൻ വില്ലനായി വിനായകൻ സ്ക്രീനിൽ നിറഞ്ഞാടി. 
തന്‍റെ കഥാപാത്രങ്ങൾ മികച്ചതാക്കാനുള്ള അഭിനയ പാടവം വിനായകനുണ്ടെന്ന് വളരെ വൈകിയാണ് മലയാളം തിരിച്ചറിഞ്ഞത്. അതുകൊണ്ടാണ് പിന്നീട് വന്ന സിനിമകളിൽ വിനായകന്‍റെ തല കാണുമ്പോൾ തിയേറ്റർ ഇളകി മറിഞ്ഞത്. 'ബാച്ചിലർ പാർട്ടി' എന്ന ചിത്രത്തിന് ശേഷമാണ് വിനായകന് വലിയ സ്വീകാര്യത ലഭിച്ചു തുടങ്ങിയത്. മസാല റിപ്പബ്ലിക്, ആട് ഒരു ഭീകര ജീവി എന്ന ചിത്രങ്ങളിലെത്തിയപ്പോൾ വിനായകൻ സ്ക്രീനിൽ വരുമ്പോൾ കാണികൾ ആർപ്പുവിളിച്ചു.  

മസാല റിപ്പബ്ലിക്, ഇയ്യോബിന്‍റെ പുസ്തകം, ഞാൻ സ്റ്റീവ് ലോപ്പസ്, ആട് ഒരു ഭീകര ജീവിയാണ്, ചന്ദ്രേട്ടൻ എവിടെയാ എന്നിവക്ക് ശേഷം രാജീവ് രവിയുടെ കമ്മട്ടിപ്പാടത്തിലെത്തിയപ്പോഴാണ് വിനായകൻ എന്ന അതുല്യ നടനെ മലയാളം തിരിച്ചറിഞ്ഞത്. കമ്മട്ടിപ്പാടത്തിലെ ഗംഗയായി വിനായകൻ പകർന്നാടുകയായിരുന്നു. കമ്മട്ടിപ്പാടം എന്ന കോളനി തകർത്ത് അംബരചുംബികളായ കെട്ടിടങ്ങൾ പണിത് വഴിയാധാരമാകുന്ന ഗംഗയെന്ന കഥാപാത്രത്തിന്‍റെ തേങ്ങലുകൾ പ്രേക്ഷകരുടെ തേങ്ങലുകളായി തീയേറ്ററിൽ അലയടിച്ചു.
ഗംഗയെ പ്രേക്ഷകർ ഏറ്റെടുത്തതിനാലാണ് മിമിക്രിക്കാരെല്ലാം സ്റ്റേജ് ഷോകൾക്കിടയിൽ ഗംഗയായി മാറി ജനങ്ങളുടെ കൈയ്യടി വാങ്ങിയത്. നൃത്തരംഗത്ത് നിന്നായിരുന്നു വിനായകൻ ചലച്ചിത്ര മേഖലയിലെത്തിയത്. തമ്പി കണ്ണന്താനം സംവിധാനം ചെയ്ത് മോഹൻലാൽ നായകനായി അഭിനയിച്ച 'മാന്ത്രിക'മായിരുന്നു ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്‍റെ തന്നെ 'ഒന്നാമൻ' എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. എ.കെ സാജൻ സംവിധാനം ചെയ്ത 'സ്റ്റോപ്പ് വയലൻസ്' എന്ന ചിത്രത്തിലെ 'മൊന്ത' എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌. ടി.കെ. രാജീവ് കുമാറിന്‍റെ 'ഇവർ' എന്ന ചിത്രത്തിലെ അന്ധ കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. ചതിക്കാത്ത ചന്തു, വെള്ളിത്തിര, ബൈ ദ പീപ്പിൾ, ചിന്താമണി കൊലക്കേസ്, ഗ്രീറ്റിങ്സ്, ജൂനിയർ സീനിയർ, ഛോട്ടാ മുംബൈ, ബിഗ് ബി, സാഗർ ഏലിയാസ് ജാക്കി റീലോഡഡ് തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
2012ൽ അമൽ നീരദിന്‍റെ 'ബാച്ചിലർ പാർട്ടി' എന്ന ചിത്രത്തിൽ പ്രധാന വേഷങ്ങളിലൊന്നിൽ അഭിനയിച്ച് വിനായകൻ വളരെയധികം ശ്രദ്ധനേടി. 'മരിയാൻ' എന്ന ചിത്രത്തിലും അഭിനയിച്ച് വിനായകൻ തമിഴ് പ്രേക്ഷകരുടെ കൂടെ കൈയ്യടി നേടി. 
വിനായകന് മികച്ച നടനുള്ള പുരസ്കാരം നൽകിയ സർക്കാർ തീരുമാനവും അഭിനന്ദിക്കേണ്ടതാണ്. എന്നാൽ, സാമൂഹ്യ മാധ്യമങ്ങളിൽ വിനായകന് ലഭിക്കുന്ന ജനപിന്തുണ ഒന്നു മാത്രമാകും അദ്ദേഹത്തെ തന്നെ പരിഗണിക്കാൻ ജൂറിക്ക് തോന്നിയത്. ടി.വി ചാനലുകൾ സൂപ്പർ സ്റ്റാറുകൾക്ക് അവാർഡ് നൽകാൻ മത്സരിക്കുന്നതിനിടെയാണ് സംസ്ഥാന സർക്കാർ അവാർഡ് പ്രഖ്യാപിച്ചതെന്നതും ശ്രദ്ധേയമാണ്. വാണിജ്യ വിജയം കൊയ്ത സിനിമകൾക്കും സൂപ്പർസ്റ്റാറുകൾക്കും ടി.വി ചാനലുകൾ നൽകുന്ന അവാർഡുകളെ സാമൂഹ്യ മാധ്യമങ്ങൾ തന്നെ പരിഹസിച്ചിരുന്നു. അതിനിടെ ഫേസ്ബുക്കിലെ കൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ് (സി.പി.സി) അവാർഡുകൾ പ്രഖ്യാപിക്കുകയും അതിൽ മികച്ച നടനായി വിനായകനെ തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. ഇത് സാമൂഹ്യ മാധ്യമങ്ങൾ ഏറ്റെടുക്കുകയും സി.പി.സി അവാർഡിനെ വാനോളം പുകഴ്ത്തുകയും ചെയ്തിരുന്നു. ഇതെല്ലാം സംസ്ഥാന അവാർഡ് നിർണയത്തെ സ്വാധീനിച്ചുവെന്നും കരുതാം. എന്തു തന്നെ ആയാലും വിനായകന് ലഭിച്ച അവാർഡ് മലയാള ചലച്ചിത്ര മേഖലക്ക് ഒരു ശുഭസൂചന തന്നെയാണ്.

Related News