Loading ...

Home Gulf

ഖത്തറില്‍ രണ്ടു സ്റ്റേഡിയങ്ങള്‍ കൂടി ഉദ്ഘാടനത്തിനൊരുങ്ങി

ദോഹ: ഖത്തറില്‍ രണ്ട് ലോകകപ്പ് സ്റ്റേഡിയങ്ങള്‍ 2021 മെയ് മാസത്തില്‍ ഉദ്ഘാടനം ചെയ്യും. ഖത്തര്‍ ദേശീയ ടൂറിസം കൗണ്‍സില്‍ പ്രസിദ്ധീകരിച്ച ഖത്തര്‍ കലണ്ടര്‍ 2021 അനുസരിച്ച്‌ റാസ് അബു അബൂദ് സ്റ്റേഡിയത്തിന്റെയും, അല്‍ തുമാമ സ്റ്റേഡിയത്തിന്റെയും ഉദ്ഘാടനമാണ് 2021 മെയ് മാസത്തില്‍ നടക്കുക. ഖത്തര്‍ 2022 ഫൈനലിന് ആതിഥേയത്വം വഹിക്കുന്ന 80,000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ലുസൈല്‍ സ്റ്റേഡിയം 2021 ഡിസംബറില്‍ തുറക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പുതുക്കിപ്പണിത ഖലീഫ ഇന്റര്‍നാഷനല്‍ സ്റ്റേഡിയം, പുതുതായി നിര്‍മിച്ച അഹ്മദ് ബിന്‍ അലി സ്റ്റേഡിയം, അല്‍ ജനൂബ് സ്റ്റേഡിയം, എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം എന്നിവ ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ഷിപ്പിങ് കണ്ടെയ്‌നറുകള്‍, നീക്കം ചെയ്യാവുന്ന സീറ്റുകള്‍, മോഡുലാര്‍ ബില്‍ഡിങ് ബ്ലോക്കുകള്‍ എന്നിവ ഉപയോഗിച്ച്‌ നിര്‍മിക്കുന്ന 40,000 സീറ്റുകള്‍ ഉള്ള അല്‍ തുമാമ സ്‌റ്റേഡിയം ലോക കപ്പ് കഴിഞ്ഞാല്‍ പൂര്‍ണമായും അഴിച്ചുമാറ്റി മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാണു പദ്ധതി. 40,000 സീറ്റുകള്‍ ഉള്ള അല്‍ തുമാമ സ്റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയുള്ള മല്‍സരങ്ങളാണ് നടക്കുക. അറബ് രാജ്യങ്ങളില്‍ പുരുഷന്മാരും ആണ്‍കുട്ടികളും ധരിക്കുന്ന പരമ്ബരാഗത തൊപ്പിയുടെ മാതൃകയിലാണ് ഈ സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്. ലോക കപ്പിന്റെ കലാശക്കളി നടക്കുന്ന ലുസൈല്‍ സ്റ്റേഡിയം അടുത്ത വര്‍ഷം അവസാനമാണ് ഒരുങ്ങുക. നിഴലും വെളിച്ചവും കലര്‍ന്ന ഫനാര്‍ വിളക്കിന്റെ മാതൃകയിലാണ് ഇതിന്റെ നിര്‍മാണം. അറബ് ഇസ്ലാമിക ലോകത്തെ നിരവധി കലാശില്‍പ്പങ്ങളില്‍ നിന്നുള്ള മാതൃക കൂടി ഉള്‍ക്കൊള്ളിച്ചാണ് ഈ സ്റ്റേഡിയം പൂര്‍ത്തിയാവുന്നത്.

Related News