Loading ...

Home cinema

'ഫെര്‍ണാണ്ടോ സൊളാനസ്'- മൂന്നാം സിനിമയുടെ രാഷ്ട്രീയമുഖം

സിനിമക്കകത്തു മാത്രമല്ല, സിനിമയുടെ ലോകത്തും രാഷ്ട്രീയമായി ഇടപെട്ട സംവിധായകനെന്ന പേരിലാണ് ഫെര്‍ണാണ്ടോ സൊളാനസ് അടയാളപ്പെടുത്തപ്പെടുക. അര്‍ജന്റീനിയന്‍ പ്രസിഡന്റ് കാര്‍ലോസ് മെനമിനെ പരസ്യമായി വിമര്‍ശിച്ച്‌ മൂന്ന് ദിവസത്തിനകം കാലില്‍ വെടിയുണ്ടകള്‍ ഏറ്റുവാങ്ങേണ്ടിവന്ന ദുര്യോഗങ്ങളിലൊന്നും തളരാതെ സിനിമയിലും ജീവിതത്തിലും രാഷ്ട്രീയ ഇടപെടല്‍ നടത്തി. 1991 മെയ് 21-നായിരുന്നു വെടിയേറ്റത്. പിന്നീട് ബ്യൂണസ് അയേഴ്സിന്റെ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. രാഷ്ട്രീയത്തില്‍ വാശിയോടെ ഇടപെട്ടു. കൊവിഡിനാല്‍ ഒരു ജീവന്‍ കൂടി മറയുമ്ബോള്‍ നഷ്ടമായത് കാലത്തിന് ഊര്‍ജ്ജമേകിയ ചലച്ചിത്ര പ്രതിഭയാണ്.

ഒക്ടാവിയോ ജെറ്റിനോയുമായി ചേര്‍ന്ന് 1960-കളോടെ ആരംഭിച്ച മൂന്നാം ലോക സിനിമയെന്ന ആശയം ഏറെ പിന്തുണ നേടിയെടുത്തു. വാണിജ്യതാല്പര്യങ്ങളെ മാത്രം തൃപ്തിപ്പെടുത്തുന്ന ഹോളിവുഡ് പൊതുവിഷയങ്ങളില്‍നിന്നും ഒളിച്ചോടുന്ന സമീപനമാണ് സൃഷ്ടിക്കുന്നതെന്നും യൂറോപ്യന്‍ സിനിമകള്‍ ഹോളിവുഡിന്റെ രീതികളെ പിന്‍തള്ളാനുള്ള ശ്രമമുണ്ടെങ്കിലും വ്യക്തികേന്ദ്രീകൃതമായ ബന്ധങ്ങളിലേക്കും വികാരങ്ങളിലേക്കും അതിനെ കൊണ്ടുചെല്ലാനുള്ള ശ്രമം ശക്തമായി നടക്കുന്നുണ്ടെന്ന് അവര്‍ നിരീക്ഷിച്ചു. പ്രേക്ഷകനുമായി കൂടുതല്‍ സംവാദാത്മകമായ, ജനകീയ രാഷ്ട്രീയത്തിലൂന്നിയ മൂന്നാം ലോക സിനിമയെന്ന അവരുടെ ആശയത്തിനു വലിയ പിന്തുണയാണ് ഉണ്ടായത്. വാണിജ്യതാല്പര്യങ്ങള്‍ക്കും കലാസിനിമയുടെ അരാഷ്ട്രീയ നിര്‍മ്മിതിയിലും കടുത്ത വിമര്‍ശനമുയര്‍ത്തിക്കൊണ്ടാണ് അവര്‍ തങ്ങളുടെ മാനിഫെസ്റ്റോ തയ്യാറാക്കിയത്.

അതിന്റെ തുടര്‍ച്ചകളിലാണ് 'ദ ഹവര്‍ ഒഫ് ഫര്‍ണസസ്' (1968) എന്ന നാലു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമ ഒരുക്കപ്പെടുന്നത്. മൂന്ന് ഭാഗങ്ങളിലൂടെ വിപ്ലവസിനിമയുടെ ശക്തമായ മാതൃകയായി മാറിയ ആ സിനിമ ലാറ്റിനമേരിക്കയിലെ കോളനിവാഴ്ചയ്‌ക്കെതിരായ പോരാട്ടം അടയാളപ്പെടുത്തുന്നു. അറിവിനെ സംവാദാത്മകമാക്കിക്കൊണ്ട്, ചരിത്രപരതയുടെ മൂല്യങ്ങളിലേക്ക് കടന്നുകയറുകയും ചെയ്യുകയാണ്. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഒരാശയത്തെ സമ്മാനിക്കുക മാത്രമല്ല, ലോകമാകെയുള്ള വിപ്ലവകാരികള്‍ക്കും അനുകൂലികള്‍ക്കും അദ്ദേഹം ആവേശമായി മാറുകയായിരുന്നു.

Related News