Loading ...

Home meditation

ഒരു മനുഷ്യന് എത്ര സമയം വേണം? - രാംമോഹന്‍ പാലിയത്ത്‌

ഇത് സെലീന മൈക്കിള്‍ (51). എറണാകുളത്തെ തൃക്കാക്കര മുനിസിപ്പാലിറ്റി വക പൊതുശ്മശാനം കരാറെടുത്ത് വര്‍ഷങ്ങളായി അതൊറ്റയ്ക്ക് നടത്തുന്ന സ്ത്രീ. മനുഷ്യ ശരീരത്തിന്റെ മരണാനന്ദര അവസ്ഥകളെക്കുറിച്ച് ഒരു സ്ത്രീക്ക് മാത്രം സാധ്യമായ ഉള്‍ക്കാഴ്ചയോടെ സെലീന പറയുന്നത് വായിക്കൂ. നമ്മുടേതെന്ന് കരുതി നമ്മള്‍ കൊണ്ടുനടക്കുന്ന à´ˆ ശരീരത്തെ ഏറ്റവുമൊടുപ്പില്‍ കൈകാര്യം ചെയ്യുന്ന ഒരാള്‍ക്ക് ചിലപ്പോള്‍ നമ്മെ ചിലത് പഠിപ്പിക്കാനായേക്കും... 

''ജന്തുക്കള്‍ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം!''
എഴുത്തച്ഛന്‍ (അധ്യാത്മ രാമായണം)

മഹാനായ റഷ്യന്‍ എഴുത്തുകാരന്‍ ലിയോ ടോള്‍സ്റ്റോയിയുടെ ഒരു മനുഷ്യന് എത്ര സ്ഥലംവേണം എന്ന പ്രശസ്ത കഥയെപ്പറ്റി സെലീന മൈക്കിള്‍ എന്ന എറണാകുളത്തുകാരി കേട്ടിരിക്കില്ല. പക്ഷേ, നൂറുകണക്കിനാളുകളുടെ ചിതകളിലെ വെളിച്ചത്തില്‍ സെലീന വായിക്കുന്ന ജീവിതപുസ്തകത്തില്‍ അത്രത്തോളം വലിയ മറ്റൊരു ചോദ്യമുണ്ട്: ഒരു മനുഷ്യന് എത്ര സമയംവേണം? 

ഒരു പകല്‍ മുഴുവന്‍ നടന്നുതീര്‍ക്കാവുന്നത്ര ഭൂമി സ്വന്തമാക്കാമെന്നുകേട്ട് സൂര്യോദയം മുതല്‍ ഓടിത്തുടങ്ങിയ പഹോം ആണ് à´† ടോള്‍സ്റ്റോയിക്കഥയിലെ നായകന്‍. ഒരു നിബന്ധനയേ ഉണ്ടായിരുന്നുള്ളൂ സൂര്യാസ്തമയത്തിനുമുമ്പ് തുടങ്ങിയയിടത്ത് തിരിച്ചെത്തണം. അത്യാഗ്രഹം മൂത്ത് പഹോമിന്‍റെ നടത്തം ഓട്ടമായി, അത് നീണ്ടുപോയി, അസ്തമയസമയത്ത് കൃത്യം, വായില്‍നിന്ന് ചോര ഒലിപ്പിച്ച് അയാള്‍ തുടങ്ങിയേടത്തെത്തി മരിച്ചുവീഴുകയാണ്. പഹോമിന്‍റെ ഭൃത്യന്‍ അയാളെ അടുത്തുതന്നെ അടക്കംചെയ്യുന്നു. അപ്പോള്‍ അയാള്‍ക്ക് വേണ്ടിയിരുന്നത് ആറടി മണ്ണുമാത്രം. 

കല്ല്യാണങ്ങള്‍ഇല്ലാത്ത കര്‍ക്കടകത്തിലുംസെലീനയുടെ 'വലിയ അടുപ്പില്‍'തീയുണ്ട്

ഭൂമിയോടു മാത്രമല്ല നമുക്ക് ആര്‍ത്തി; സമയത്തോടുമുണ്ട്. ഒന്നിനും നമുക്ക് സമയം തികയുന്നില്ല. ഒരഞ്ചു മിനിറ്റുകൂടി, ഒരു രണ്ടു മണിക്കൂറുകൂടി, ഒരാഴ്ചകൂടി കിട്ടിയിരുന്നെങ്കില്‍ ലോകത്തെ മാറ്റിത്തീര്‍ത്തേനെ എന്ന മട്ട്. അതാണല്ലോ മരണവേഗത്തില്‍ ഓടുന്ന വണ്ടിയിലിരുന്നും 'കുറച്ചുകൂടി വേഗത്തില്‍!' എന്ന് നമ്മളും 'വേവലാര്‍ത്തി'പ്പെടുന്നത്. ഈ ഓടുന്നവരില്‍ കുറേപ്പേര്‍ ഒടുവില്‍ എത്തുന്നത് സെലീനയുടെ മുമ്പിലാണ്. അപ്പോള്‍ അവര്‍ക്കുവേണ്ടത് രണ്ടരയോ മൂന്നോ മണിക്കൂര്‍ മാത്രം (ഒരു സാദാ മലയാളിയെപ്പോലെ നിങ്ങളും ഒരു മരുന്നുതീറ്റക്കാരനോ കാരിയോ ആണെങ്കില്‍ ഇത് പരമാവധി അഞ്ചാറ് മണിക്കൂര്‍ വരെ നീളാമെന്ന് സെലീന).

എറണാകുളം ജില്ലാ ആസ്ഥാനവും വ്യവസായമേഖലയും ഇന്‍ഫോപാര്‍ക്കും സ്ഥിതിചെയ്യുന്ന ജനനിബിഡമായ കാക്കനാട് ഉള്‍പ്പെടുന്ന തൃക്കാക്കര മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള പൊതുശ്മശാനത്തിന്റെ നടത്തിപ്പുകാരിയാണ് കഴിഞ്ഞ അഞ്ചു വര്‍ഷത്തിലേറെയായി സെലീന. ഇവിടെ ദഹിപ്പിക്കപ്പെടാനായി മാസംതോറുമെത്തുന്ന ഇരുപതോളം മൃതദേഹങ്ങളെ ഇവിടെയുള്ള രണ്ട് പരമ്പരാഗത വിറകുചിതകളില്‍വെച്ച് ദഹിപ്പിക്കുന്നത് സെലീന തനിച്ചാണ്. 

സമരം ചെയ്യല്‍, തേരോടിക്കല്‍, രാജ്യഭരണം, കവിതയെഴുത്ത്... പുരുഷന്മാരെപ്പോലെതന്നെ സ്ത്രീകള്‍ക്കും ഏതുജോലിയും സാധ്യമാണെന്ന് ഒരു നൂറ്റാണ്ടു മുമ്പുതന്നെ ആത്മവിശ്വാസം പ്രകടിപ്പിച്ച കവയിത്രിയുടെ നാടാണ് എറണാകുളം. എറണാകുളം തോട്ടയ്ക്കാട്ട് ഇക്കാവമ്മയാണ് (18641916) 'മല്ലാരിപ്രിയയായ ഭാമ സമരം ചെയ്തീലയോ' എന്നു തുടങ്ങുന്ന ആ പ്രസിദ്ധ ശ്ലോകത്തിന്റെ കര്‍ത്താവ്. എന്നാല്‍, ഇക്കാലത്താണ് ഇക്കാവമ്മ ജീവിച്ചിരുന്നതെങ്കില്‍പ്പോലും സെലീനയെ കണ്ടാല്‍, എറണാകുളത്തുകാരി തന്നെയായ സെലീന എന്തു ജോലിചെയ്താണ് ജീവിക്കുന്നതെന്നുകണ്ടാല്‍, ഒന്നദ്ഭുതപ്പെടുമെന്ന് തീര്‍ച്ച.

എന്തിന് ഇക്കാവമ്മയുടെ കാര്യം പറയുന്നു, നമ്മുടെ ഭാഷയില്‍പ്പോലും ദാഹകന്‍ (ദഹിപ്പിക്കുന്നയാള്‍) എന്നപദത്തിന് ഒരു സ്ത്രീലിംഗപദമുണ്ടെന്ന് തോന്നുന്നില്ല (ഋതുവായ പെണ്ണിനുമിരപ്പനും ദാഹകനും പതിതന്നുമഗ്‌നിയജനം ചെയ്ത ഭൂസുരനും എന്ന് ഭാഷാപിതാവായ എഴുത്തച്ഛന്‍). 

''എന്നെ ഇവിടെഅടക്കിയാല്‍എനിക്ക്ഒരു ഡിസ്‌കൗണ്ട് കിട്ടില്ലേ?''

സ്വന്തമായി ശ്മശാനനടത്തിപ്പ് തുടങ്ങിയിട്ട് അഞ്ചുവര്‍ഷമേ ആയിട്ടുള്ളൂവെങ്കിലും സെലീന ഈ ജോലി ചെയ്തുതുടങ്ങിയിട്ട് ഒന്‍പത് വര്‍ഷം കഴിയുന്നു. കൊച്ചി കോര്‍പ്പറേഷന്റെ കീഴിലുള്ള പച്ചാളം ശ്മശാനം ഏറ്റെടുത്തുനടത്തുന്ന രാംദാസ് വഴിയാണ് സെലീന ശ്മശാനനടത്തിപ്പിലെത്തുന്നത്. പറക്കമുറ്റാത്ത രണ്ടു പെണ്‍മക്കളെയും തന്ന് ഭര്‍ത്താവ് മൈക്കിള്‍ 20 വര്‍ഷംമുമ്പ് ഉപേക്ഷിച്ചുപോയപ്പോള്‍ ജീവിക്കാന്‍വേണ്ടി ആദ്യം കെട്ടിടനിര്‍മാണ തൊഴിലാളിയായി സെലീന. രാംദാസിന്റെ വീട്ടില്‍ജോലിചെയ്തിരുന്ന സമയത്താണ് അന്ന് പച്ചാളം ശ്മശാനത്തിനുപുറമേ രാംദാസ് ഏറ്റെടുത്തുനടത്തിയിരുന്ന തൃക്കാക്കര ശ്മശാനത്തില്‍ ഒരു ദിവസം ജോലിക്ക് ആളില്ലാതെവന്നത്. 'അന്നെനിക്ക് പണമായിരുന്നു ആവശ്യം. മടികൂടാതെ ഈ ജോലി ചെയ്യാന്‍ വന്നു. കഴിഞ്ഞ നാലുവര്‍ഷമായി സ്വന്തമായി കരാര്‍ എടുത്ത് നടത്തുന്നു. മുനിസിപ്പാലിറ്റി ഏരിയ ആയതുകൊണ്ട് ആയിരത്തി അഞ്ഞൂറ് രൂപയാണ് ഒരു ജഡം സംസ്‌കരിക്കാന്‍ ഈടാക്കാവുന്ന തുക. കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ ഇത് രണ്ടായിരം രൂപയാണ്. 550 രൂപവീതം മുനിസിപ്പാലിറ്റിയില്‍ അടയ്ക്കണം. ബാക്കിവരുന്ന തൊള്ളായിരത്തിഅമ്പത് രൂപയില്‍നിന്ന് വിറകും ചിരട്ടയും പൊതിമടലും വിറകുകീറുന്ന ചെലവും പോയാല്‍ ഒരു ബോഡിയില്‍നിന്ന് ശരാശരി നാനൂറ്അഞ്ഞൂറ് രൂപ മിച്ചംകിട്ടും'', മരണാനന്തരജീവിതത്തിന്റെ കണക്കുകള്‍ സെലീന നിരത്തുന്നു. അതെ, ജോലിക്ക് മറ്റൊരാളെ എടുത്താല്‍ മുതലാകാത്തവിധം അത്രയും കുറവ് വരുമാനം. അതാണ് സെലീന ഒറ്റയ്ക്കുതന്നെ ഈ ജോലിയെല്ലാം ചെയ്യുന്നതിന്റെ കാരണം.

à´ˆ ജോലിചെയ്ത് രണ്ട് പെണ്‍മക്കളുടെയും വിവാഹം കഴിപ്പിച്ചു. രണ്ടാള്‍ക്കും രണ്ടു മക്കള്‍ വീതമായി. മക്കളും മരുമക്കളും ചെറുമക്കളുമായി സ്വന്തമായി പണികഴിപ്പിച്ച ചെറിയ ഇരുനിലവീട്ടില്‍ ശ്മശാനത്തിന് തൊട്ടടുത്തുതന്നെയാണ്, ആവശ്യക്കാര്‍ ഏതു സമയത്തുവന്നു വിളിച്ചാലും ഓടിവരാന്‍ പാകത്തിന്, സെലീനയുടെ താമസം. 

ശരീരത്തിന്റെ വലിപ്പവും à´šà´¿à´¤ കത്തിത്തീരുന്ന സമയവും തമ്മില്‍ ബന്ധമില്ലെന്ന് സെലീന പറയുന്നു. ഒരു മൃതദേഹം കത്തിത്തീരാന്‍ ശരാശരി രണ്ടരമണിക്കൂര്‍ സമയംവേണം. എന്നാല്‍, അധികകാലം വിവിധതരം മരുന്നുകഴിക്കുന്നവരുടെയും കാന്‍സര്‍വന്നും വൃക്ക, കരള്‍ തുടങ്ങിയവയ്ക്ക് രോഗംവന്നുംമരിച്ചവരുടെയും മൃതദേഹങ്ങള്‍ കത്തിത്തീരാന്‍ കൂടുതല്‍ സമയമെടുക്കും; പലപ്പോഴും ആറുമണിക്കൂര്‍ വരെ! ഇത്തരം 'കേസു'കളില്‍ കൂടുതല്‍ വിറക് ആവശ്യമായിവരും. മിച്ചം കാര്യമായി കുറയും ഞെട്ടിക്കുന്ന മറ്റൊരു കണക്ക് സെലീന വെളിപ്പടുത്തുന്നു. 

ചിലയിനം മരുന്നുകള്‍ കഴിച്ചിട്ടുള്ളവരുടെ മൃതദേഹങ്ങള്‍ കത്തുമ്പോള്‍ ചിതയില്‍നിന്ന് തെറിക്കുന്ന രാസദ്രാവകങ്ങളും ഭീഷണിയാണ്. ഇത് ദേഹത്തുവീണ് പൊള്ളിയാല്‍ ഉണങ്ങാന്‍ കാലതാമസമുണ്ടാകും. മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങളാണ് മറ്റൊരു വെല്ലുവിളി. ദുര്‍ഗന്ധമുണ്ടാകും, കൂടുതല്‍ ഭാരവും. കത്തിത്തീരാനും കൂടുതല്‍ സമയമെടുക്കും. 

എത്ര ഉറ്റവരുടേതായാലും ജഡത്തെ അനുഗമിക്കുന്ന ബന്ധുമിത്രാദികള്‍ ചിത കത്തിത്തുടങ്ങിയാലുടന്‍ സ്ഥലംവിടും. ശവശരീരത്തില്‍നിന്ന് നെയ്യിറങ്ങുന്നതനുസരിച്ച് തടുത്തുകൂട്ടി തടുത്തുകൂട്ടി കത്തിച്ചുതീര്‍ക്കേണ്ടത് സെലീനയുടെ മാത്രം ജോലിയാണ്. ''പലപ്പോഴും രാത്രി രണ്ടുമണിവരെ തനിയെ ജോലിചെയ്യാറുണ്ട് '', സെലീന പറയുന്നു.

''ചിതയൊരുക്കുന്നതിന് മാവിന്‍വിറകാണ് പൊതുവില്‍ ഹിന്ദുമതവിശ്വാസികള്‍ ആവശ്യപ്പെടുന്നത്. അതുകൊണ്ട് ആവശ്യത്തിന് മാവിന്‍വിറക് സ്റ്റോക്കുചെയ്യും'' , ക്രിസ്തുമതവിശ്വാസിയും വര്‍ഷംതോറും മുടങ്ങാതെ വേളാങ്കണ്ണിയില്‍ പോയിവരുന്ന ആളുമായ സെലീന പറയുന്നു. എന്നാല്‍, താന്‍ മരിച്ചാല്‍ പള്ളിയില്‍ അടക്കാതെ ഇവിടെത്തന്നെ ദഹിപ്പിക്കണമെന്നും സെലീന മക്കളോട് പറഞ്ഞിട്ടുണ്ടത്രെ. ''പള്ളിയില്‍ അടക്കാന്‍ ആറായിരം രൂപയെങ്കിലും ചെലവുവരും. അതിന് മക്കള്‍ ഓടിനടക്കണ്ടേ? അതുവേണ്ട. ഇവിടെയാണെങ്കില്‍ എനിക്കൊരു ഡിസ്‌ക്കൗണ്ടും കിട്ടുമായിരിക്കും. എന്തൊക്കെയായാലും ഞാന്‍ ജോലിചെയ്ത സ്ഥലമല്ലേ?'' ഇത് പറയുമ്പോള്‍മാത്രമല്ല, എപ്പോഴും സെലീനയുടെ മുഖത്ത് വല്ലാത്ത പ്രകാശമുള്ള ഒരു പുഞ്ചിരിയുണ്ട്. ആരുടെയും മരണഭയത്തെ ഇല്ലാതാക്കാന്‍പോന്ന അവിശ്വസനീയമായ ഒരു പ്രസാദം. പിന്നെ സെലീന നടത്തുന്ന ശ്മശാനത്തില്‍ ഒരു സ്ത്രീ നടത്തുന്നതുകൊണ്ടുതന്നെയാകണം മറ്റെങ്ങും കാണാത്ത വൃത്തിയും വെടിപ്പുമുണ്ട്. 

ഇരുമ്പനം, കളമശ്ശേരി തുടങ്ങിയ സ്ഥലങ്ങളില്‍ പുതിയതായി ശ്മശാനങ്ങള്‍ വന്നത് തൃക്കാക്കരയിലെ 'തിരക്ക്' കുറച്ചിട്ടുണ്ടെന്ന് സെലീന പറയുന്നു. അധികം മാവിന്‍വിറകെടുത്ത് സ്റ്റോക്കുചെയ്യുന്നതും പ്രശ്‌നമാണ്. മാവ് കൂടുതല്‍ ഉണങ്ങിയാല്‍ ആവശ്യത്തിനുനിന്നു കത്താതെ പെട്ടെന്ന് കത്തി ആളിപ്പോവും. മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ താമസിക്കുന്നവരുടെ മൃതദേഹങ്ങള്‍ മാത്രമേ ഇവിടെ സംസ്‌കരിക്കുയുള്ളൂ എന്ന നിബന്ധനയൊന്നുമില്ലെന്നും സെലീന പറഞ്ഞു. കേരളത്തില്‍ എവിടെനിന്നുമുള്ള മൃതശരീരങ്ങളും ഇവിടെ ദഹിപ്പിക്കാം. വോട്ടേഴ്‌സ് കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ കോപ്പി മാത്രമേ ആവശ്യമുള്ളൂ.

കാലൊടിഞ്ഞ് ഒന്നുരണ്ടു മാസം ഇരിപ്പായപ്പോള്‍ മരുമക്കള്‍ സഹായത്തിനെത്തി. പിന്നെയുള്ളത് ഒരു വേളാങ്കണ്ണിയാത്രയാണ്. അല്ലാത്തപ്പോഴെല്ലാം കാക്കനാട് അത്താണിയിലുള്ള തൃക്കാക്കര മുനിസിപ്പല്‍ ശ്മശാനത്തിന്റെ ഗേറ്റില്‍ എഴുതിവെച്ചിരിക്കുന്ന സെലീനയുടെ മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ മതി, അടുത്ത വീട്ടില്‍നിന്ന് സെലീന ഓടിയെത്തും.

മരണഭയം ആര്‍ക്കാണില്ലാത്തത്? ജനിച്ച ഓരോ ജന്തുവിനും മരണമുള്ളതുപോലെ മരണഭയവുമുണ്ട്. എന്നാല്‍, മരണം കണ്ടുകണ്ടാകാം സെലീനയെ മരണം ഭയപ്പെടുത്തുന്നതായി തോന്നുകയില്ല. സെലീനയെ മാത്രമല്ല ഒഴിവുദിവസങ്ങളില്‍ ചിലപ്പോള്‍ സെലീനയ്ക്ക് കൂട്ടിരിക്കുകയാണെന്ന ഭാവത്തോടെ ശ്മശാനത്തില്‍ ഒപ്പമുള്ള സെലീനയുടെ ആറുവയസ്സുകാരി പേരക്കുട്ടി നന്ദനയ്ക്കും കളിയും ചിരിയുമാണ് എപ്പോഴും. ''അമ്മാമ്മയ്ക്ക് ആരേം പേടീല്ല. എനിക്കും പേടീല്ല'' , എന്നാണ് നന്ദന 'വാക്കുകള്‍ കൂട്ടിച്ചൊല്ലു'ന്നത്. 

ബംഗാളില്‍ ജനിച്ച് മലയാളത്തിന്റെ മരുമകളായിവന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ ബംഗാളി പഠിപ്പിക്കുകയും മരണഭയത്തെ ഇല്ലാതാക്കുന്ന ആരോഗ്യനികേതനം എന്ന, താരാശങ്കര്‍ ബാനര്‍ജിയുടെ അതിഗംഭീര ബംഗാളി നോവല്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുകയും ചെയ്ത നിലീന ദത്ത എന്ന നിലീന എബ്രഹാം താമസിച്ചിരുന്നതും തൃക്കാക്കരയില്‍ തന്നെയായിരുന്നു എന്നത് യാദൃച്ഛികമാവുമോ?

മരണവീട്ടിലെ നിലവിളിപോലെ നിര്‍ത്താതെ കര്‍ക്കടകം ആര്‍ത്തുപെയ്യുമ്പോള്‍, പലപ്പോഴും മരണത്തെയും ഓര്‍മിപ്പിച്ചുകൊണ്ട് നാടെങ്ങും രാമായണം മുഴങ്ങുമ്പോള്‍, എഴുത്തച്ഛനെയും ഒപ്പം ടോള്‍സ്റ്റോയിയെയും തോട്ടയ്ക്കാട്ട് ഇക്കാവമ്മയെയും താരാശങ്കറിനെയും നിലീന ടീച്ചറിനെയുമെല്ലാമോര്‍പ്പിച്ചുകൊണ്ട് സെലീന മൈക്കിള്‍ തന്റെ വിറകുകള്‍ നനയാതെ അടുക്കിവെക്കുകയാണ്. 

കല്യാണബുക്കിങ്ങുകള്‍ ഇല്ലാതെ കമ്യൂണിറ്റി ഹാളുകളെല്ലാം കാലിയായിക്കിടക്കുന്ന ഈ കര്‍ക്കടകത്തിലും സെലീനയുടെ 'അടുപ്പില്‍' തീയുണ്ട്. ദൈവം കൂട്ടിച്ചേര്‍ത്തത് മനുഷ്യന്‍ വേര്‍പെടുത്താതിരിക്കട്ടെ എന്ന ഭയമല്ല, മനുഷ്യരായി വേര്‍പിരിഞ്ഞതിനെ ദൈവത്തോട് കൂട്ടിച്ചേര്‍ക്കുക എന്ന അഭയമാകുന്നു സെലീനയുടെ ഈ അധ്യാത്മവിദ്യാലയം.
കടപ്പാട് : മാതൃഭൂമി 

Related News