Loading ...

Home health

കുട്ടികളിലെ പൊണ്ണത്തടി രോഗമാണ് by ഡോ. വി വി ഉണ്ണികൃഷ്ണന്‍

ജീവിതശൈലിരോഗങ്ങള്‍ പ്രായേണ നീണ്ടുനില്‍ക്കുന്ന (ക്രോണിക്) രോഗങ്ങളാണ്.  ക്യാന്‍സര്‍, ഹൃദ്രോഗങ്ങള്‍, രക്താതിമര്‍ദം, പ്രമേഹം, പക്ഷാഘാതം തുടങ്ങിയവയാണ് നമ്മള്‍ 'ജീവിതശൈലിരോഗങ്ങള്‍' എന്നതുകൊണ്ട് ഉദേശിക്കുന്നത്. എന്നാല്‍ ഇവയുടെ ഭാഗമായ, ഒരുപക്ഷേ, ഇവയില്‍ പലതിനും കാരണമായ, പൊണ്ണത്തടി, ശാരീരികമായ അധ്വാനമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണരീതികള്‍, പുകയില ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, അന്തരീക്ഷ മലിനീകരണം, ദാരിദ്യ്രം, അതിന്റെ മറുവശത്ത് ധനാധിക്യത്തിന്റെ ഫലങ്ങള്‍ എന്നിവയെക്കുറിച്ചും നമ്മള്‍ അറിയേണ്ടിയിരിക്കുന്നു.

ഇന്ത്യയില്‍ കുട്ടികളിലെ പൊണ്ണത്തടി


ഇന്ത്യയില്‍ ആറുകോടി പൊണ്ണത്തടിയുള്ള കുട്ടികളും, 12 കോടി ഭാരക്കൂടുതലുള്ള കുട്ടികളുമുണ്ട്. 2016ലെ ഒരു പഠനമനുസരിച്ച് ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും കുട്ടികളിലെ പൊണ്ണത്തടി കൂടാനുള്ള സാഹചര്യം നിലനില്‍ക്കുന്നു. നാഡീവ്യൂഹം, ശ്വാസകോശങ്ങള്‍, വൃക്കകള്‍, ഹോര്‍മോണ്‍വ്യവസ്ഥ തുടങ്ങി ശരീരത്തിന്റെ എല്ലാ സിസ്റ്റങ്ങളെയും പൊണ്ണത്തടി പ്രതികൂലമായി ബാധിക്കുന്നു. 1922ലെ 'ഹാര്‍വാര്‍ഡ് ശാരീരികവളര്‍ച്ചാ പഠനം', 1969ലെ ഡല്‍ഹി പഠനം തുടങ്ങി, ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന വിവിധ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്ന ഒരു വസ്തുത, ചെറുപ്പത്തില്‍ തുടങ്ങുന്ന പൊണ്ണത്തടി, പിന്നീടുള്ള ജീവിതത്തിലും തുടരുന്നുണ്ട് എന്നത്രെ. 

എവിടെയാണ് പ്രശ്നം?

ജീവ-ജനിതക ശാസ്ത്രപരം (Biological/Genetic), , സാമൂഹികം  (Social), സാമ്പത്തികം (Economic), വ്യവഹാരികം (Behavioral) എന്നിങ്ങനെ നാലു തലങ്ങളിലാണ് ഇത് സംഭവിക്കുന്നത്. ജനിതകശാസ്ത്രപരമായി നോക്കിയാല്‍ ശരീരത്തിലെ 6000ത്തോളം ജീനുകള്‍ (ഇവ മൊത്തം ജീനോമിന്റെ 25 ശതമാനംവരും) ശരീര ഭാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
1962ല്‍ മുന്നോട്ടുവച്ച ത്രിഫ്റ്റി ജീന്‍ ഹൈപ്പോത്തീസിസ, ജെയിംസ് നീല്‍) പ്രകാരം മനുഷ്യരാശിയുടെ തുടക്കത്തില്‍, ഭക്ഷണക്ഷാമം നേരിടാന്‍ പ്രകൃതി ഒരുക്കിയ ഒരു സൂത്രമാണിതെന്നു ചുരുക്കിപ്പറയാം. ഭക്ഷണമുള്ള കാലത്ത് പരമാവധി കൊഴുപ്പിനെ ഉല്‍പ്പാദിപ്പിച്ചും സംഭരിച്ചും ക്ഷാമകാലത്തെ നേരിടാന്‍ മനുഷ്യനെ സജ്ജമാക്കുന്ന ഒരു ജനിതക പ്രക്രിയയാണിത്. അക്കാലത്ത്, ഇത്തരം ശരീരഘടനയും ജനിതകഘടനയും ഇല്ലാത്ത ജീവികള്‍ (മനുഷ്യരും) പ്രകൃതിയില്‍നിന്നു തിരോധാനംചെയ്തു. എന്നാല്‍, ഭക്ഷണം താരതമ്യേന അധികവും, അതുതന്നെ മികച്ച ഗുണനിലവാരമുള്ളതുമായ ആധുനിക കാലഘട്ടത്തിലും, ഈ ജീനുകള്‍ 'ഒരിക്കലും വരാത്ത' ക്ഷാമകാലത്തിനുവേണ്ടി കൊഴുപ്പുകള്‍ ഉല്‍പ്പാദിപ്പിക്കുകയും സംഭരിക്കുകയും ചെയ്യുകയാണ് ഇന്നും! ഇതിന് ഉപോദ്ബലകമായി, ത്രിഫ്റ്റി ഫീനോടൈപ്പ് ഹൈപ്പോത്തീസിസ്, ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്നിങ്ങനെ വിവിധതരം കാര്യകാരണ സാധ്യതകളും ഉരുത്തിരിഞ്ഞുവന്നിട്ടുണ്ട്.

ഭക്ഷണം: ശരീരത്തിന്റെ ഇഷ്ടികയും ഇന്ധനവും

ഭക്ഷണം ശരീരത്തിന്റെ ഇഷ്ടികയും ഇന്ധവുമാണെന്ന് പറയാം. പ്രോട്ടീനുകള്‍ ശരീരകോശങ്ങളെയും സിരാപടലങ്ങളെയും പണിഞ്ഞുയര്‍ത്താനായും, അന്നജവും കൊഴുപ്പും ഇതിനുള്ള ഇന്ധനമായും ഉപയോഗിക്കുന്നു. സാധാരണനിലയില്‍ ഉപയോഗിക്കാതെവരുന്ന അന്നജംകൂടി കൊഴുപ്പായി (അതുവഴി പൊണ്ണത്തടിയായി) രൂപപ്പെടുന്നുണ്ട്. പക്ഷേ, ഇത് എല്ലാവരിലും ഒരുപോലെയല്ല.  ഇത്, അവരുടെ ജനിതകഘടനയും പ്രകൃതിസാഹചര്യങ്ങളും തമ്മിലുള്ള പരസ്പരബന്ധങ്ങള്‍ അനുസരിച്ചാകും (Gene-Evironment Interaction). ഇതുകൊണ്ടാണ് ചിലര്‍ എത്ര വലിച്ചുവാരിത്തിന്നാലും മെലിഞ്ഞിരിക്കുന്നത്.
പൊണ്ണത്തടി കുറയ്ക്കാന്‍ എന്താണ് പോംവഴി? ഉത്തരം ലളിതമാണ്. പുരാതനകാലത്തെ ജീവിതരീതി അവലംബിക്കുക, ഭക്ഷണം കുറയ്ക്കുക, വെറുതെയിരിക്കുന്നതിനു പകരം നില്‍ക്കുക, അല്ലെങ്കില്‍ നടക്കുക, ഓടുക, കായികമായി അധ്വാനിക്കുക, മറ്റൊരര്‍ഥത്തില്‍ പറഞ്ഞാല്‍, അന്നന്ന് ഭക്ഷിച്ചത് അന്നന്നുതന്നെ ഉപയോഗിച്ചുതീര്‍ക്കുക.

സാമൂഹിക മാറ്റങ്ങള്‍

1941ല്‍ 13.86 ശതമാനം ആയിരുന്ന നഗരവാസികള്‍, 1991ല്‍ 26.13 ശതമാനവും, 2011ല്‍ 31.6 ശതമാനവുമായി വര്‍ധിച്ചു (രജിസ്ട്രാര്‍ ജനറല്‍, ഇന്ത്യയുടെ കണക്കുകള്‍). 1970-71 ല്‍ 10,000 രൂപയില്‍ത്താഴെയായിരുന്ന കുടുംബവരുമാനം, ഗ്രാമീണമേഖലയില്‍ 30,000 രൂപയും നഗരങ്ങളില്‍ 70,000 രൂപയുമായി വര്‍ധിച്ചു (കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്‍, 2014-15). പ്രതിശീര്‍ഷ ചെലവുകളും അതേ തോതില്‍ത്തന്നെ വര്‍ധിച്ചു. 

കൃഷിനയങ്ങളുടെ സ്വാധീനം

സര്‍ക്കാരിന്റെ കൃഷിനയങ്ങളുടെ ഭാഗമായി ഇംഗ്ളണ്ടില്‍ സംഭവിച്ചത് പഠനാര്‍ഹമാണ്. പുത്തന്‍ കാര്‍ഷിക ടെക്നോളജി, ആഗോളവല്‍കരണം, വിലനിയന്ത്രണങ്ങള്‍ എടുത്തുകളയല്‍, ഇറക്കുമതിച്ചുങ്കം കുറയ്ക്കല്‍, കയറ്റുമതിക്കുള്ള പ്രോത്സാഹനം എടുത്തുമാറ്റല്‍, സ്റ്റേറ്റ് മാര്‍ക്കറ്റിങ് ബോര്‍ഡുകളുടെ സ്വകാര്യവല്‍ക്കരണം എന്നിവമൂലം ഭക്ഷ്യോല്‍പ്പാദനം വന്‍തോതില്‍ വര്‍ധിക്കുകയും, അവയുടെ വിതരണം മെച്ചപ്പെടുകയും ചെയ്യുകവഴി, ഭക്ഷ്യ ഉപഭോഗ വ്യവസായങ്ങള്‍ക്ക് പ്രാമുഖ്യം കൈവന്നു. തന്മൂലം 'പ്രോസസ്ഡ് ഫുഡ്ഡുകളും' (ഉദാഹരണമായി, നൂഡില്‍സ്, കുബൂസ്, റെഡി ടു ഈറ്റ് വിഭവങ്ങള്‍) 'ടാര്‍ഗറ്റഡ് ഫുഡ്ഡുകളും' (ബേബി ഫുഡ്ഡുകള്‍, സിനിമകാണുന്ന ചെറുപ്പക്കാര്‍ക്കുള്ള ചിപ്്സ്, ബര്‍ഗര്‍, പഞ്ചസാര കുറഞ്ഞ ഡയറ്റ് പെപ്സി എന്നിവ) വര്‍ധിച്ചു. ഉല്‍പ്പാദനത്തില്‍നിന്ന് ഉപഭോഗത്തിലേക്ക് ചുവടുമാറി എന്നര്‍ഥം.
ഇന്ത്യയില്‍ സംഭവിച്ചതും ഏകദേശം ഇതേ തരത്തിലാണെന്ന് പഠനങ്ങള്‍ ഉദ്ധരിച്ച് പ്രൊഫസര്‍ അറോറ പറഞ്ഞു. പ്രധാനപ്പെട്ട മൂന്നു വിഭാഗങ്ങളിലാണ് മാറ്റങ്ങള്‍ വന്നതെന്ന് പഠനത്തില്‍ കണ്ടെത്തി. ആദ്യത്തേത്, ഭക്ഷണം എന്നതിനെക്കാള്‍, ഭക്ഷ്യവസ്തുവിന് കൈവന്ന പ്രാമുഖ്യം (Food to Non-food). കൃഷിരീതികളില്‍, ഉദ്യാനകൃഷിക്കും, ഭക്ഷ്യവിളകളെ അപേക്ഷിച്ച് നാണ്യവിളകള്‍ക്കും കൈവന്ന പ്രാമുഖ്യവുമാണിവ. ലാഭം, ഉല്‍പ്പാദനത്തിന്റെ കേവലമായ അളവ് എന്നിവ മാത്രം മാനകങ്ങളാകുന്ന ഒരു വ്യവസ്ഥയാണിത്്. അതിനോടനുബന്ധിച്ച് ജീവിതശൈലിയില്‍വന്ന വ്യത്യാസം, വിപണിയുടെ സമ്മര്‍ദങ്ങള്‍, വിളകള്‍ തമ്മിലുള്ള കാലദൈര്‍ഘ്യത്തിന്റെ കുറവ്, കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയാണ് മറ്റു വസ്തുതകള്‍.

പരസ്യങ്ങളുടെ സ്വാധീനം

പരസ്യങ്ങളുടെ സ്വാധീനം പലതരത്തിലാണ്. എളുപ്പത്തില്‍ പാചകംചെയ്യാവുന്ന ഭക്ഷണം, എളുപ്പത്തില്‍ കഴിച്ചുതീര്‍ക്കാവുന്നത്, വിവിധതരം സമ്മാനങ്ങള്‍, ഓഫറുകള്‍, 'ചെറുപ്പക്കാര്‍ ഇതൊക്കെയാണ് കഴിക്കേണ്ടത് എന്ന ഓര്‍മപ്പെടുത്തല്‍ എന്നിങ്ങനെ വ്യക്തികളെ നേരിട്ട് സ്വാധീനിക്കുന്നതരം പരസ്യങ്ങളാണ് കൂടുതല്‍. മത്സരാധിഷ്ഠിത വിപണനശക്തികള്‍ ഇത്തരം 'ജങ്ക് ഫുഡ്ഡുകളുടെ' എളുപ്പത്തിലുള്ള ലഭ്യത ഉറപ്പുവരുത്തിയിരിക്കും.  

ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ ഉപയോഗം

2000-ാമാണ്ടിനെ അപേക്ഷിച്ച്, ഉപ്പിന്റെ പ്രതിദിന പ്രതിശീര്‍ഷ ഉപഭോഗം 13.8 ഗ്രാമില്‍നിന്ന് 7.6 ഗ്രാമായി കുറഞ്ഞുവെങ്കിലും, പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ പ്രതിദിന പ്രതിശീര്‍ഷ ഉപഭോഗം 21.28 ഗ്രാമില്‍നിന്ന് 54 ഗ്രാമായി കുടുകയാണ് ഉണ്ടായത്. താരതമ്യേന പരുപരുത്ത ജോവാര്‍, ബജ്ര തുടങ്ങിയ ധാന്യങ്ങളില്‍നിന്നും, അരി, ഗോതമ്പ് തുടങ്ങിയ ധാന്യങ്ങളിലേക്ക് ഭക്ഷണ താല്‍പ്പര്യം നീങ്ങാനും തുടങ്ങി. പാല്‍, മുട്ട, ഇറച്ചി, വിലകൂടിയ പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയവ നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഭക്ഷണശീലങ്ങളില്‍ കടന്നുവന്നു. ആല്‍ക്കഹോള്‍ അല്ലാത്ത പാക്ക്ചെയ്തതരം പാനീയങ്ങളുടെ ഉപഭോഗം കൂടുകയാണ്. അവ ശീതീകരിച്ചതോ ഉണക്കിയതോ ആകാം. ദേശീയ ഭക്ഷ്യ സംസ്കരണ മിഷന്‍ 2010ലെ ലക്ഷ്യം 10 ശതമാനത്തില്‍നിന്ന് 2025 ലെത്തുമ്പോള്‍ 25 ശതമാനത്തിലേക്ക് സംസ്കൃത ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം എത്തണമെന്ന് നിര്‍ദേശിക്കുന്നു.

മാറുന്ന കുടുംബസാഹചര്യങ്ങള്‍

അമ്മമാര്‍, സമയക്കുറവിനെ പ്രതിരോധിക്കാന്‍ പാക്കേജ്ഡ് ഭക്ഷണങ്ങളിലേക്കു തിരിയുന്നത് സാധാരണമായി. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള സ്നേഹം പ്രകടിപ്പിക്കാനും, സാമൂഹ്യബന്ധങ്ങള്‍ വര്‍ധിപ്പിക്കാനും, പുറത്തുനിന്ന് ഭക്ഷണംകഴിക്കുക എന്നത് സ്വാഭാവികമായിട്ടുണ്ട്. ഒരൊറ്റ ഫോണ്‍കോളില്‍ ഹോം ഡെലിവറി എന്ന പേരില്‍ വീട്ടിലേക്ക് ഭക്ഷണം എത്തുന്ന സംവിധാനം ചെലുത്തുന്ന സ്വാധീനവും ചെറുതല്ല.

സ്കൂളിലെ സാഹചര്യങ്ങള്‍


സ്കൂള്‍ കുട്ടികള്‍, സഹപാഠികള്‍ കൊണ്ടുവരുന്ന 'റെഡി ടു ഈറ്റ്' ഭക്ഷണങ്ങള്‍ക്കുവേണ്ടി മാതാപിതാക്കളോട് നിര്‍ബന്ധം പറയുന്നതും ഇന്ന് സാധാരണമാണ്. പഠിക്കാനുള്ള സമയക്കുറവ്, പുറത്തെ കളികള്‍ക്കുപകരം ഇന്‍ഡോര്‍ ഗെയിമുകള്‍ വര്‍ധിച്ചത്, താരതമ്യേന ശാരീരികാധ്വാനം കുറഞ്ഞ കളികള്‍, പ്ളേ ഗ്രൌണ്ടുകളുടെ അഭാവം, ജങ്ക്ഫുഡ് നിറഞ്ഞ സ്കൂള്‍ ക്യാന്റീനുകള്‍, വീട്ടുമുറ്റത്ത് എത്തുന്ന സ്കൂള്‍വണ്ടികള്‍, സൈക്കിളുകള്‍ക്കു പകരം ബൈക്കുകള്‍ എന്നിങ്ങനെ സൂക്ഷ്മമായി നോക്കുമ്പോള്‍ സ്കൂളില്‍പ്പോലും പൊണ്ണത്തടി ഉണ്ടാകാനുള്ള സാഹചര്യം കൂടിക്കൂടി വരുന്നതായി കാണാം.

എന്തുചെയ്യണം?

ഗവണ്‍മെന്റും സമൂഹവും പരിപൂര്‍ണമായി മുന്നിട്ടിറങ്ങിയാല്‍ മാത്രമേ ഇതിനൊരു പരിഹാരമാവൂ. ജീവശാസ്ത്രപരമായി നോക്കുമ്പോള്‍, പെരുമാറ്റരീതികള്‍ സാമൂഹികവും പാരിസ്ഥിതികവുമായ ഘടകങ്ങളില്‍ മാറ്റംവരുത്തുകവഴി ആരോഗ്യകാര്യങ്ങളില്‍ ഗുണകരമായ മാറ്റങ്ങള്‍  സംഭവിക്കാവുന്നതാണ്.
ആഹാരത്തില്‍ ദിവസം കേവലം ഒരുഗ്രാം ഉപ്പിന്റെ കുറവുവരുത്തുന്നതുവഴി പക്ഷാഘാതവും ഹാര്‍ട്ട് അറ്റാക്കുംമൂലമുള്ള ഏഴുശതമാനം മരണം ഒഴിവാക്കാം.  പൊണ്ണത്തടി ഉണ്ടാക്കുന്നതരം ഭക്ഷ്യപദാര്‍ഥങ്ങളുടെ ലഭ്യത കുറയ്ക്കുകയും, മാര്‍ക്കറ്റിങ് നിയന്ത്രിക്കുകയും, അവയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ ജനങ്ങള്‍ക്ക് പകര്‍ന്നുകൊടുക്കുകയും ചെയ്താല്‍ സര്‍ക്കാര്‍ ഇടപെടല്‍ ശരിയാവും. കേരളത്തിലെ 'ഫാറ്റ് ടാക്സ്' (ബര്‍ഗര്‍, പിസ, പാസ്റ്റ തുടങ്ങിയ ജങ്ക് ഫുഡുകള്‍ക്കുമേല്‍ ചുമത്തിയ നികുതി) à´ˆ ദിശയിലുള്ള ശരിയായ കാല്‍വയ്പാണ്.

(കേരള ആരോഗ്യ ശാസ്ത്ര സര്‍വകലാശാലയില്‍ ഡീനാ (അക്കാദമിക്) ണ് ലേഖകന്‍)
drvvuk@gmail.com

Related News