Loading ...

Home health

ഓര്‍മകളില്ലാത്തവര്‍ക്കായി ഒരു ഓര്‍മ ദിവസം

വാര്‍ദ്ധക്യ രോഗാവസ്ഥകളില്‍ മനസിനെയെന്ന പോലെ ശരീരത്തെയും ആകെ ഉലയ്ക്കുന്ന ഒന്നാണ് ഡിമന്‍ഷ്യ അഥവാ മേധാക്ഷയം എന്ന മറവിരോഗം. ഓര്‍മശക്തി ഉള്‍പ്പെടെ തലച്ചോറിന്റെ അടിസ്ഥാന ധര്‍മ്മങ്ങള്‍ക്കുള്ള കഴിവുകളെല്ലാം ക്രമേണ ക്ഷയിക്കുന്ന അവസ്ഥയാണ് ഡിമന്‍ഷ്യ. ഡിമന്‍ഷ്യയ്ക്ക് ഏറ്റവും പ്രധാന കാരണം അല്‍ഷിമേഴ്‌സ് രോഗം തന്നെ.

 എന്ത്?​

ജര്‍മ്മന്‍ ന്യൂറോളജിസ്റ്റ് അലോയ് അല്‍ഷിമര്‍ 1969 ലാണ് ആദ്യമായി ഡിമന്‍ഷ്യയെക്കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിക്കുകയും മൃതപ്രായമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഇത്. ഇതനുസരിച്ച്‌ തലച്ചോറിന്റെ വലിപ്പം ചുരുങ്ങും.

 എന്തുകൊണ്ട്?​

രോഗത്തിന്റെ അടിസ്ഥാന കാരണങ്ങള്‍ ഇന്നും അജ്ഞാതമാണ്. 65 വയസ് പിന്നിട്ടവരില്‍ പതിനഞ്ചില്‍ ഒരാള്‍ക്കു വീതം അല്‍ഷിമേഴ്‌സ് രോഗമുണ്ട്. 85-നു മുകളില്‍ പ്രായമുള്ളവരിലാകട്ടെ,​ ഏതാണ്ട് പകുതി പേര്‍ക്കും അല്‍ഷിമേഴ്‌സ് വന്നേക്കാം.

ജനിതഘടകങ്ങള്‍ രോഗസാദ്ധ്യതയെ സ്വാധീനിക്കുന്നതായി പഠനങ്ങള്‍ സൂചിപ്പിക്കുന്നു. അതുകൊണ്ടുതന്നെ പാരമ്ബര്യസാദ്ധ്യതയുണ്ട്. സ്ത്രീകളിലാണ് അല്‍ഷിമേഴ്‌സ് ബാധിതര്‍ കൂടുതല്‍.

 ലക്ഷണങ്ങള്‍

അല്‍ഷിമേഴ്‌സ് രോഗിയെന്നത് പലരും തിരിച്ചറിയണമെന്നില്ല. മറവിപ്രശ്നത്തിന് അവര്‍ വാര്‍ദ്ധ്യക്യത്തെ പഴിക്കും. ക്രമേണ ഓര്‍മ്മശക്തി കുറഞ്ഞുവരും. അടുത്തു സംഭവിച്ചവയാണ് ആദ്യഘട്ടത്തില്‍ മറന്നുപോവുക. വ്യക്തികളുടെ പേരും സ്ഥലപ്പേരും ഓര്‍മ്മിച്ചെടുക്കാനാകാതാകും. ചെറിയ കണക്കുകള്‍ പോലും വഴങ്ങില്ല. എങ്ങനെ പല്ലു തേക്കണമെന്നും മുടി ചീകണമെന്നും പോലും മറക്കും. വെെകാരികാവസ്ഥയിലും പ്രകടമാറ്റങ്ങള്‍ തുടങ്ങുന്നതോടെ രോഗി വീട്ടില്‍ നിന്ന് ലക്ഷ്യബോധമില്ലാതെ പുറത്തിറങ്ങാം. രോഗം ഗുരുതരാവസ്ഥയിലേക്കു നീങ്ങുമ്ബോള്‍ തീര്‍ത്തും കിടപ്പിലാകും.

 ചികിത്സ, പുനരധിവാസം

അല്‍ഷിമേഴ്‌സിന് ഫലപ്രദമായ ഔഷധങ്ങള്‍ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. എന്നാല്‍,​ ഇപ്പോള്‍ പ്രചാരത്തിലുള്ള മരുന്നുകള്‍ രോഗാവസ്ഥ മൂര്‍ച്ഛിക്കുന്നത് തടയും. അല്‍ഷിമേഴ്‌സ് രോഗികളുടെ നാഡീകോശങ്ങളില്‍ അസറ്റൈല്‍കോളിന്‍ എന്ന രാസവസ്തുവിന്റെ കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഈ രാസവസ്തുവിന്‍റെ വിഘടനം തടഞ്ഞ് തലച്ചോറില്‍ അതിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്ന ഔഷധങ്ങളാണ് അധികവും.

 പരിചരണം
 രോഗിക്ക് വീട്ടില്‍ സുരക്ഷ ഉറപ്പാക്കണം. ഗ്യാസ്, ഇലക്‌ട്രിക് ഉപകരണങ്ങള്‍ ആവശ്യം കഴിയുമ്ബോള്‍ വിച്ഛേദിച്ചിരിക്കണം.

 രോഗിയുടെ ചോദ്യങ്ങള്‍ക്ക് ആവര്‍ത്തിച്ച്‌ മറുപടി പറയേണ്ടിവരും. സ്ഥലം, സമയം എന്നിവ ഓര്‍മ്മിപ്പിക്കാന്‍ കുടുംബചിത്രങ്ങള്‍ സഹായകമാകും. തര്‍ക്കങ്ങള്‍ ഒഴിവാക്കി രോഗിയില്‍ വിശ്വാസം ഉണ്ടാക്കിയെടുക്കുക.

 ലളിത വ്യായാമങ്ങള്‍ക്ക് പ്രേരിപ്പിക്കുക. നടത്തം, നീന്തല്‍, പൂന്തോട്ട പരിപാലനം, വളര്‍ത്തു മൃഗങ്ങളുമായുള്ള ചങ്ങാത്തം എന്നിവ പ്രോത്സാഹിപ്പിക്കാം.

 ഭക്ഷണം കൃത്യസമയത്തു വേണം. പല തരം വിഭവങ്ങള്‍ ഒന്നിച്ച്‌ വിളമ്ബരുത്. തെെര്, മുട്ട, ധാന്യങ്ങള്‍ എന്നിവ നല്ലതാണ്.

 ധരിക്കാന്‍ എളുപ്പമുള്ളവയായിരിക്കണം വസ്ത്രങ്ങള്‍. കുളിയും മറ്റും കൃത്യസമയത്താകണം.

പ്രതിരോധം

യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്നിരിക്കെ പ്രതിരോധ മാര്‍ഗങ്ങള്‍ കുറവാണ്. മാനസികവും ശാരീരികവുമായി പ്രവര്‍ത്തനനിരതരാക്കുക എന്നത് പ്രധാനമാണ്. രക്തസമ്മര്‍ദ്ദം ശരിയായ അളവില്‍ നിലനിറുത്തണം. തലയ്‌ക്ക് പരിക്കേല്‍ക്കാനിടയാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക (കാര്‍ യാത്രയില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നതു പോലെ)​.

ശരിയായ ഭക്ഷണക്രമത്തിലൂടെയും മദ്യപാനം നിയന്ത്രിക്കുന്നതിലൂടെയും ഡിമന്‍ഷ്യയ്ക്ക് കാരണമായേക്കാവുന്ന രോഗങ്ങളെ നിയന്ത്രിക്കാം.

Related News