Loading ...

Home cinema

പൊന്മുട്ടയിടുന്ന സിനിമ by ഗിരീഷ് ബാലകൃഷ്ണന്‍

വര്‍ഷങ്ങളായി മലയാളത്തില്‍ വന്ന മാറ്റത്തിന്റെ ഗുണഫലം ഏറ്റവും മികച്ചരീതിയില്‍ പ്രകടമായ വര്‍ഷം അവസാനിക്കുമ്പോള്‍ സിനിമാവ്യവസായം ലാഭത്തിന്റെപേരില്‍ തമ്മിലടിക്കുകയാണ്. ചെറുസിനിമകളുടെ മികച്ച വിജയത്തിനിടയിലും 'പുലിമുരുകന്‍' വലിയ സ്വപ്നം കാണാന്‍ നിര്‍മാതാക്കളെ പ്രേരിപ്പിക്കുന്നു

പൊന്മുട്ടയിടുന്ന താറാവിന്റെ ഗുണപാഠകഥയാണ് വര്‍ഷാന്ത്യത്തില്‍ വെള്ളിത്തിരയില്‍ മുഴങ്ങുന്നത്. കച്ചവടത്തിന്റെയും കലാമൂല്യത്തിന്റെയും അളവുകോലുകളില്‍ ഏറ്റവും മികച്ച ചിത്രങ്ങളുണ്ടായ വര്‍ഷം. കുടുംബസമേതം തിയറ്ററുകളിലെത്തുന്നത് ശീലമാക്കിയ പ്രേക്ഷകര്‍, ഫാന്‍ ക്ളബ്ബുകള്‍ക്ക് പുറത്തുള്ള യുവപ്രേക്ഷകരെയും മലയാളം സിനിമ ഹരംപിടിപ്പിച്ച കാലം. മുഖ്യധാരാ പ്രേക്ഷകചേരുവകളില്ലാത്ത രചനകള്‍ക്കും റിലീസിങ് കേന്ദ്രങ്ങള്‍. വര്‍ഷങ്ങളായി മലയാളത്തില്‍ കണ്ടുതുടങ്ങിയ മാറ്റത്തിന്റെ ഗുണഫലം ഏറ്റവും മികച്ചരീതിയില്‍ പ്രകടമായ വര്‍ഷം അവസാനിക്കുമ്പോള്‍ സിനിമാവ്യവസായം തമ്മിലടിക്കുകയാണ്.  ലാഭം പങ്കുവയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഡിസംബറില്‍ സിനിമാവ്യവസായംതന്നെ സ്തംഭിച്ചു. കറന്‍സി നിയന്ത്രണംമൂലം രണ്ട് സിനിമ നിര്‍ത്തിവച്ചു. ഡിസംബറില്‍ ചലച്ചിത്രനിര്‍മാണം കുത്തനെ ഇടിഞ്ഞു. ചെന്നൈ, ഹൈദരാബാദ് കേന്ദ്രീകരിച്ച് മലയാള സിനിമയിലേക്കുള്ള ധനപ്രവാഹം നിലച്ചമട്ടാണ്. കൈവായ്പയെടുത്ത് സിനിമ പിടിച്ചിരുന്ന നിര്‍മാതാക്കളാണ് പ്രതിസന്ധിയിലായത്. നിവിന്‍ പോളി നായകനാകുന്ന  സഖാവ്, ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്നിവയാണ് നോട്ട് പ്രതിസന്ധിമൂലം മാറ്റിവയ്ക്കേണ്ടിവന്നത്. പുതുവര്‍ഷത്തിന്റെ ആദ്യപകുതി ചലച്ചിത്രനിര്‍മാണത്തിന് നല്ലകാലമല്ലെന്ന് ഏതാണ്ടുറപ്പായി.

à´ˆ വര്‍ഷത്തെ ആദ്യ റിലീസായ 'മറുപുറം' മുതല്‍ ഡിസംബറില്‍ റിലീസായ 'പോളേട്ടന്റെ വീട'് വരെ പരിശോധിക്കുമ്പോള്‍ മൂന്ന് ദിവസത്തില്‍ ഒരു സിനിമവീതമാണ് 2016ല്‍ പിറന്നത്. തമ്മിലടിമൂലം റിലീസ്ചെയ്യാനാകാതെപോയ ആറ് ചിത്രങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാല്‍ ആകെ  124 സിനിമ. ഇവയില്‍ 22ല്‍ അധികം ചിത്രങ്ങള്‍ ബോക്സ്ഓഫീസ് വിജയംവരിച്ചു. ഇത്രയേറെ ചിത്രങ്ങള്‍ ഒറ്റവര്‍ഷം സാമ്പത്തികവിജയം വരിക്കുന്നത് ചരിത്രം. എല്ലാ സിനിമകള്‍ക്കുംകൂടി ഏകദേശം ഏഴുനൂറ് കോടിയോളം രൂപയെങ്കിലും ചലച്ചിത്രവ്യവസായത്തിലൊഴുകിയെത്തി. വിജയചിത്രങ്ങള്‍ എല്ലാംകൂടി 350കോടിയെങ്കിലും സമാഹരിച്ചിട്ടുണ്ടാകുമെന്നാണ് ചലച്ചിത്രസാമ്പത്തികവിദഗ്ധരുടെ കണക്ക്. ഇതില്‍ മൂന്നിലൊന്നും മലയാളത്തിലെ എക്കാലത്തെയും മികച്ച ലാഭചിത്രം 'പുലിമുരുക'ന്റെ സംഭാവന. വൈശാഖ് സംവിധാനം ചെയ്ത സിനിമ ഇതിനോടകം 150കോടി ക്ളബ്ബില്‍ സ്ഥാനം ഉറപ്പിച്ചു. സിനിമാസമരം വിലങ്ങുതടിയായില്ലെങ്കില്‍ കേരള തിയറ്ററുകളില്‍നിന്നുമാത്രം 'പുലിമുരുകന്‍' നൂറുകോടി സമാഹരിക്കുമെന്നാണ് പ്രതീക്ഷ.  

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍

സിനിമാവിജയത്തിന് സൂപ്പര്‍താരങ്ങള്‍ അത്യന്താപേക്ഷിതമല്ലെന്ന് തെളിയിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ത്തന്നെയാണ് മുഖ്യധാരാചിത്രങ്ങളുടെ പരമ്പരാഗതചേരുവകളുമായി മോഹന്‍ലാല്‍ തുടര്‍ച്ചയായ നേട്ടമുണ്ടാക്കിയത്. ലാലിന്റെ 'ഒപ്പം' വമ്പന്‍ പരാജയങ്ങളില്‍നിന്നുള്ള പ്രിയദര്‍ശന്റെ തിരിച്ചുവരവ് പ്രഖ്യാപിച്ചു. വിസ്മയം, ജനതാ ഗ്യാരേജ് എന്നീ ചിത്രങ്ങളിലൂടെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലേക്കും മോഹന്‍ലാല്‍ സ്വന്തം വിപണി വലുതാക്കി. പുതിയ നിയമവും തോപ്പില്‍ ജോപ്പനും കസബയും മമ്മൂട്ടിക്ക് ഭേദപ്പെട്ട വിജയം സമ്മാനിച്ചു. എന്നാല്‍, കോടികള്‍ മുടക്കിയ 'വൈറ്റ്' വന്‍ പതനമായി. എങ്കിലും യുവജനങ്ങളുടെയും പുതിയ പ്രമേയങ്ങളുടെയും തള്ളിക്കയറ്റത്തിനിടയിലും സൂപ്പര്‍താരങ്ങള്‍ അപ്രസക്തരല്ലെന്ന് മോഹന്‍ലാലിനും മമ്മൂട്ടിക്കും പ്രഖ്യാപിക്കാനായി.

കൌമാരപ്രായക്കാരെ തിയറ്ററുകളിലേക്ക് എത്തിച്ച നിവിന്‍പോളി à´ˆ വര്‍ഷവും തൊട്ടതെല്ലാം പൊന്നാക്കി. 'ആക്ഷന്‍ ഹീറോ ബിജു' 2016ലെ ആദ്യ സൂപ്പര്‍ഹിറ്റായി. വിനീത്-നിവിന്‍ കൂട്ടുകെട്ടിന്റെ 'ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യ'വും കുടുംബപ്രേക്ഷകരെ ആകര്‍ഷിച്ചു. 

വിസ്മയകരമായ വിജയമാണ് 'മഹേഷിന്റെ പ്രതികാരം' നേടിയത്. 2016ന്റെ ഈടുവയ്പ്. നിരൂപകരുടെയും ബോക്സ് ഓഫീസിന്റെയും കൈയടി ഒരുപോലെ നേടാന്‍ ഫഹദ് ഫാസില്‍-ദിലീഷ് പോത്തന്‍ ടീമിനായി. വര്‍ഷാദ്യമിറങ്ങിയ 'മണ്‍സൂണ്‍ മാംഗോസി'ന്റെ പരാജയത്തിനുശേഷം സൂക്ഷ്മതയോടെ ചുവടുവച്ച ഫഹദിന്റെ വിജയം.

'കമ്മട്ടിപ്പാട'ത്തിലൂടെയും 'കലി'യിലൂടെയും ദുല്‍ഖര്‍ സല്‍മാന്‍ നേട്ടമുണ്ടാക്കി. ഒന്നിനുപുറകെ ഒന്നായി വിജയംവരിച്ചുകൊണ്ടിരുന്ന പൃഥ്വിരാജിന് ഈവര്‍ഷം ഹിറ്റുകളുടേതല്ല. 'പാവാട' ഭേദപ്പെട്ട വിജയം നേടി. ജെയിംസ് ആന്‍ഡ് ആലിസ്, ഡാര്‍വിന്റെ പരിണാമം, ജീത്തു ജോസഫിനൊപ്പം വീണ്ടും ഒന്നിച്ച 'ഊഴം' എന്നിവ പ്രതീക്ഷിച്ച നേട്ടം കൊയ്തില്ല.

സ്ഥിരം രസക്കൂട്ടുകളില്‍ത്തന്നെ വിശ്വാസം അര്‍പ്പിച്ച് ദിലീപ് 'കിങ്ലയറി'ലൂടെ സാമ്പത്തികനേട്ടമുണ്ടാക്കി. എന്നാല്‍, അതേ ശ്രേണിയില്‍വന്ന 'വെല്‍ക്കം ടു സെന്‍ട്രല്‍ ജയില്‍' പാളി. 'പ്രേത'ത്തിലൂടെ ജയസൂര്യയും ഹിറ്റൊരുക്കി.

പുതുമുഖവിജയം

ചെറുപ്പക്കാരുടെയും പുതുമുഖങ്ങളുടെയും വര്‍ഷമാണ് വിടവാങ്ങുന്നത്. 'മഹേഷിന്റെ പ്രതികാരം', 'കമ്മട്ടിപ്പാടം', 'ആനന്ദം', 'ഒരു മുത്തശ്ശി à´—à´¦', 'കട്ടപ്പനയിലെ ഋത്വിക്റോഷന്‍' തുടങ്ങിയ വിജയചിത്രങ്ങളില്‍ തിളങ്ങിയത് പുതുമുഖങ്ങളാണ്. പുതുമുഖം ഖാലിദ് റഹ്മാന്റെ 'അനുരാഗ കരിക്കിന്‍വെള്ളം', നാദിര്‍ഷായുടെ രണ്ടാംചിത്രം 'കട്ടപ്പനയിലെ ഋത്വിക്റോഷന്‍', മിഥുന്‍ മാനുവേല്‍ തോമസിന്റെ 'ആന്‍മരിയ കലിപ്പിലാണ്' എന്നിവയും വിജയംവരിച്ചു. ഒമറിന്റെ 'ഹാപ്പി വെഡ്ഡിങ്' അപ്രതീക്ഷിതമായ നേട്ടമുണ്ടാക്കി. ചെറുപ്പക്കാരുടെ കൂട്ടായ്മയിലൂടെ വിനീത് ശ്രീനിവാസന്‍ ആദ്യമായി നിര്‍മാതാവായ ആനന്ദം യുവജനങ്ങള്‍ ഏറ്റെടുത്തു. ഒരു മുത്തശ്ശി à´—à´¦, മരുഭൂമിയിലെ ആന, ഉദയ പിക്ചേഴ്സിന്റെ മടങ്ങിവരവ് പ്രഖ്യാപിച്ച കൊച്ചൌവ്വ പൌലോ അയ്യപ്പ കൊയ്ലോ തുടങ്ങിയവയും ശ്രദ്ധിക്കപ്പെട്ടു. 

രാജീവ് രവി ഇഫക്ട്

മലയാളത്തില്‍ നല്ല സിനിമകളൊരുക്കുക എന്ന ദൌത്യം ഏറ്റെടുത്ത രാജീവ് രവി മികച്ച സിനിമകളുടെ ഊര്‍ജകേന്ദ്രമായി മാറി. രാജീവ് രവി, മധു നീലകണ്ഠന്‍, ബി അജിത്കുമാര്‍ തുടങ്ങിയവരുടെ കൂട്ടായ്മയായ കളക്ടീവ് ഫെയ്സ് രണ്ട് മികച്ച ചിത്രങ്ങള്‍ à´ˆ വര്‍ഷം മലയാളത്തിന് സമ്മാനിച്ചു. രാജീവ് രവി ഒരുക്കിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കമ്മട്ടിപ്പാടം പുതിയ സിനിമയുടെ വഴി വെട്ടിത്തുറക്കുന്നു. ഷാനവാസ് ബാവക്കൂട്ടി സംവിധാനംചെയ്ത, കേരളത്തിലെ ദളിത്ജീവിതം തുറന്നുകാട്ടിയ 'കിസ്മത്' എന്ന ചെറിയ ചിത്രവും പ്രേക്ഷകര്‍ സ്വീകരിച്ചു. 

പെണ്‍മുന്നേറ്റം

മഞ്ജുവാര്യരെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിച്ച് à´ˆ വര്‍ഷമിറങ്ങിയ രണ്ട് ചിത്രങ്ങളും ഭേദപ്പെട്ട വിജയംവരിച്ചു. അന്തരിച്ച സംവിധായകന്‍ രാജേഷ്പിള്ളയുടെ അവസാനചിത്രം 'വേട്ട'യിലെ കുറ്റാന്വേഷകയായും കരിങ്കുന്നം സിക്സസിലെ വോളിബോള്‍ പരിശീലകയായും മഞ്ജു തിളങ്ങി. എന്നാല്‍, പോയവര്‍ഷത്തെ ശക്തമായ കഥാപാത്രം ലഭിച്ചത് റീമ കല്ലിംഗലിനാണ്. ഡോ. ബിജുവിന്റെ 'കാടുപൂക്കുന്ന നേരം' റീമയുടെ മികച്ച പ്രകടനങ്ങളിലൊന്നാണ്. 'കമ്മട്ടിപ്പാട'ത്തില്‍ ഷോണ്‍ റോമിയും 'ഒഴിവുദിവസത്തെ കളി'യില്‍ ആഭിജയും 'കലി'യില്‍ സായ്പല്ലവിയും മികച്ച കഥാപാത്രങ്ങള്‍ക്ക് ജീവന്‍നല്‍കി. 

'മുത്തശ്ശിഗദ'യില്‍ രഞ്ജിനി ചാണ്ടി എന്ന പുതുമുഖം തിളങ്ങിയപ്പോള്‍ ഡബ്ബിങ് കലാകാരി ഭാഗ്യലക്ഷ്മി ക്യാമറയ്ക്ക് മുന്നിലെത്തി. 'ആനന്ദ'ത്തിലെ താരങ്ങളും മഹേഷിന്റെ പ്രതികാരത്തിലൂടെ അപര്‍ണ ബാലമുരളിയും അനുരാഗ കരിക്കിന്‍വെള്ളത്തിലെ രജിഷ വിജയനും അരങ്ങേറ്റം ഭംഗിയാക്കി.

ക്യാമറയ്ക്കുപിന്നില്‍ വിധു വിന്‍സെന്റ് അംഗീകാരംനേടി. മാന്‍ഹോള്‍ എന്ന കന്നി സിനിമയിലൂടെ വിധു അന്തരാഷ്ട്രചലച്ചിത്രോത്സവവേദിയില്‍ ശ്രദ്ധിക്കപ്പെട്ടു.

മണികണ്ഠനും വിനായകനും

കമ്മട്ടിപ്പാടത്തിലൂടെ വിനായകനും പുതുമുഖം മണികണ്ഠനും വിസ്മയകരമായ പ്രകടനമാണ് പുറത്തെടുത്തത്. മലയാള സിനിമയിലെ മികച്ച അഭിനേതാക്കളുടെ നിരയില്‍ ഇരുവരും സ്ഥാനംപിടിച്ചു. വ്യത്യസ്തമായ കഥാപാത്രങ്ങളെ മികച്ചതാക്കാന്‍ ബിജുമേനോന് കഴിഞ്ഞു. 'ലീല'യും അനുരാഗ കരിക്കിന്‍വെള്ളവും മരുഭൂമിയിലെ ആനയുമെല്ലാം ബിജുവിന്റെ സാധ്യത ചൂഷണംചെയ്തു. 

കട്ടപ്പനയിലെ ഋത്വിക് റോഷന്‍ വിഷ്ണു ഉണ്ണിക്കൃഷ്ണന്‍ എന്ന അഭിനേതാവിന്റെ കഴിവ് വെളിപ്പെടുത്തി. ആക്ഷന്‍ഹീറോ ബിജുവില്‍ രണ്ടു സീനില്‍ മാത്രമേ ഉള്ളൂവെങ്കിലും സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രം പ്രേക്ഷകമനസ്സ് നീറ്റി. മഹേഷിന്റെ പ്രതികാരത്തിലൂടെ അലന്‍സിയറും സൌബിന്‍ ഷാഹിറും അയത്നലളിതമായ പ്രകടനം പുറത്തെടുത്തു. രണ്‍ജി പണിക്കര്‍ക്കും ചെമ്പന്‍ വിനോദിനും വിനയ്ഫോര്‍ട്ടിനും ഷറഫുദ്ദീനും നീരജ് മാധവനും മികച്ച കഥാപാത്രങ്ങള്‍ ലഭിച്ചു. 

ചെലവ് ചുരുക്കി ചെറിയ സിനിമയുണ്ടാക്കി ഭേദപ്പെട്ട വിജയംനേടുകയെന്ന ശൈലി ഉപേക്ഷിച്ച് വലിയ സ്വപ്നംകാണാന്‍ മലയാളത്തിന്റെ നിര്‍മാതാക്കളെ 'പുലിമുരുകന്‍' പ്രേരിപ്പിക്കുന്നുണ്ട്. മറ്റ് തെന്നിന്ത്യന്‍ ഭാഷാവിപണികൂടി ലക്ഷ്യംവച്ചുള്ള ബിഗ്ബജറ്റ് സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നു.


Related News