Loading ...

Home Gulf

സൗദി ഡിജിറ്റല്‍ പണമിടപാടിലേക്ക്; മുഴുവന്‍ കേന്ദ്രങ്ങളിലും ഇലക്‌ട്രോണിക് പെയ്മെന്റ്

ഇന്നു മുതല്‍ സൗദി അറേബ്യയിലെ മുഴുവന്‍ ചില്ലറ വില്‍പ്പന കേന്ദ്രങ്ങളും ഡിജിറ്റല്‍ പണമിടപാടിലേക്ക് മാറും. ഇതിനായി മുഴുവന്‍ സ്ഥാപനങ്ങളിലും ഇലക്‌ട്രോണിക് പെയ്മെന്റ് സംവിധാനം പ്രാബല്യത്തില്‍ വരും. പദ്ധതി നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളിലും ഘട്ടം ഘട്ടമായി ഇ-പെയ്മെന്റ് സംവിധാനം നടപ്പിലാക്കുന്ന പദ്ധതി കഴിഞ്ഞ വര്‍ഷം ജൂലൈ മാസം മുതലാണ് ആരംഭിച്ചത്. നേരിട്ടുളള പണമിടപാട് കുറക്കുകയും, ബിനാമി ഇടപാടുകള്‍ ഇല്ലാതാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് പദ്ധതി. ഈ മാസത്തോടെ രാജ്യത്തെ എല്ലാ കച്ചവട സ്ഥപാനങ്ങളിലും നിര്‍ബന്ധമായും ഇലക്‌ട്രോണിക് പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കണമെന്ന് വ്യാപാര മന്ത്രാലയവും, തീവ്രവാദ വിരുദ്ധ പ്രോഗ്രാമും നേരത്തെ അറിയിച്ചിരുന്നു. ഇതിനായി വാണിജ്യ നിക്ഷേപ മന്ത്രാലയം, മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം, സൗദി അറേബ്യന്‍ നാണയ ഏജന്‍സി തുടങ്ങിയവയുടെ സഹകരണത്തോടെ 14 മാസത്തിനകം പൂര്‍ത്തീകരിക്കാനാകുംവിധം ആരംഭിച്ച പദ്ധതിയുടെ പൂര്‍ത്തീകരണമാണ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നത്. ഇതിന്റെ മുന്നോടിയായി ഉപഭോക്താക്കള്‍ക്ക് ഗുണപരമായ നിരവധി ചട്ടങ്ങളും സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സി കഴിഞ്ഞ മാസം പുറത്തിറക്കിയിരുന്നു.

Related News