Loading ...

Home health

കൊറോണ വൈറസ് ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം

കൊറോണ വൈറസ് ഹൃദയത്തെ ഗുരുതരമായി ബാധിക്കുന്നുവെന്ന് പുതിയ പഠനം. ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തെയും വൃക്കകള്‍, മസ്തിഷ്‌കം തുടങ്ങിയ മറ്റ് അവയവങ്ങളെയും വൈറസ് ബാധിക്കുന്നുവെന്നാണ് പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്. കോവിഡ് 19 ഭേദമായ 78 ശതമാനം രോഗികളിലും അവരുടെ ഹൃദയത്തിന് കാര്യമായ വ്യത്യാസങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഒരു ജര്‍മന്‍ പഠനത്തില്‍ പറയുന്നു. രോഗം ഭേദമായ നൂറില്‍ 76 പേരുടെയും ഹൃദയത്തിന് ഒരു ഹൃദയാഘാതം ഉണ്ടായതുപോലെയുള്ള ലക്ഷണങ്ങള്‍ ഉണ്ടായിരുന്നതായി പഠനത്തില്‍ പറയുന്നു. ജര്‍മനിയില്‍ തന്നെ നടത്തിയ രണ്ടാമത്തെ പഠനത്തിലും കണ്ടെത്തിയത് കോവിഡ് ബാധിച്ച്‌ മരിച്ചവരിലെ പകുതിയിലേറെ പേര്‍ക്കും ഹൃദയത്തില്‍ വലിയ തോതില്‍ കൊറോണ വൈറസ് സാന്നിധ്യം ഉണ്ടായിരുന്നുവെന്നാണ്. എന്നാല്‍, ഹൃദയത്തിനുണ്ടാകുന്ന ഈ പരിക്ക് എത്രകാലം നീണ്ടുനില്‍ക്കും, പക്ഷാഘാതമോ മറ്റ് ജീവന് ഭീഷണിയാകാനിടയുള്ള ഹൃദയസംബന്ധമായ പ്രശ്‌നമോ ഉണ്ടാകാനിടയുണ്ടോ തുടങ്ങിയവയെ സംബന്ധിച്ചൊന്നും കൃത്യമായ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ജര്‍മനിയിലെ ഫ്രാങ്ക്ഫുര്‍ട്ട് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലെ ഗവേഷകര്‍ നടത്തിയ ആദ്യ പഠനത്തില്‍ കോവിഡ് ഭേദമായ നൂറുപേരുടെ ഹൃദയാരോഗ്യത്തെക്കുറിച്ചാണ് വിലയിരുത്തിയത്. ഈ ഗ്രൂപ്പില്‍ കൊറോണ വൈറസ് ബാധിക്കുന്നതിന് മുന്‍പ് ആരോഗ്യവാന്‍മായിരുന്ന അമ്ബത് പേരാണ് ഉണ്ടായിരുന്നത്. മറ്റൊരു 50 പേര്‍ക്ക് ഹൃദയസംബന്ധമായ അപകടസാധ്യതകള്‍ ഉണ്ടായിരുന്നു. കോവിഡ് മുക്തരായ നൂറില്‍ 78 പേരുടെയും എം.ആര്‍.ഐ. സ്‌കാനില്‍ ഹൃദയത്തിന് പ്രശ്‌നങ്ങളുണ്ടായതിന്റെ ലക്ഷണങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. ഹൃദയാഘാത സമയത്ത് ഉണ്ടാകുന്ന ട്രോപ്പോനിന്‍ എന്ന പ്രോട്ടീന്‍ നില 76 ശതമാനം പേരിലും വലിയ അളവില്‍ ഗവേഷകര്‍ കണ്ടെത്തി. ഗവേഷണത്തില്‍ പങ്കെടുത്ത അറുപതു പേരില്‍ കൊറോണ വൈറസ് ബാധിച്ച്‌ 71 ദിവസത്തിന് ശേഷവും ഹൃദയത്തില്‍ അണുബാധ കണ്ടെത്തി. രണ്ടാമത്തെ പഠനം നടത്തിയത് ജര്‍മനിയിലെ ഹാംബര്‍ഗിലെ യൂണിവേഴ്‌സിറ്റിയിലെ ഹാര്‍ട്ട് ആന്‍ഡ് വാസ്‌കുലര്‍ സെന്ററിലെ ഗവേഷകരാണ്. കൊറോണ വൈറസ് ബാധിച്ച്‌ മരണമടഞ്ഞ 39 പേരിലും ഹൃദയപ്രശ്‌നങ്ങള്‍ പഠനസംഘം തിരിച്ചറിഞ്ഞു. എന്നാല്‍ ഹൃദയത്തിനുണ്ടാകുന്ന കടുത്ത വൈറല്‍ അണുബാധയായ അക്യൂട്ട് മയോകാര്‍ഡിറ്റിസ് ഇവരില്‍ കണ്ടെത്തിയില്ല. പക്ഷേ, ഹൃദയത്തില്‍ വൈറസ് എത്തിച്ചേര്‍ന്നതായുള്ള ലക്ഷണങ്ങള്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. കോവിഡ് ബാധിച്ച 24 രോഗികളുടെ ഹൃദയപേശികളില്‍ വൈറസിനെ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. 16 പേരുടെ ഹൃദയത്തില്‍ കൊറോണ വൈറസ് വലിയ അളവിലുള്ളതായി ഗവേഷകര്‍ കണ്ടെത്തി. രോഗിയുടെ മരണം വരെയും ഈ വൈറസ് ഹൃദയപേശികള്‍ക്കുള്ളില്‍ പെരുകിക്കൊണ്ടിരുന്നതിന്റെ തെളിവുകളും പഠനസംഘത്തിന് ലഭിച്ചു. കോവിഡ് രോഗികളില്‍ ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളതായി യു.എസിലെ ഡോക്ടര്‍മാരും നിരീക്ഷിച്ചിട്ടുണ്ട്.

Related News