Loading ...

Home health

മുംബയില്‍ കൊവിഡ് ബാധിച്ച കുട്ടികളില്‍ കാവസാക്കി രോഗലക്ഷണങ്ങള്‍

മുംബയ്: ആഗോള മഹാമാരിക്കു പിന്നാലെ മുംബയില്‍ കാവസാക്കി രോഗവും. കൊവിഡ് ബാധിച്ച കുട്ടികളില്‍ 'കവാസാക്കി' രോഗത്തിനു സമാനമായ ലക്ഷണങ്ങളും കണ്ടെത്തിയിരിക്കുന്നു. കൊവിഡ് ബാധിച്ച മുംബയിലെ വാഡിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ച നൂറോളം കുട്ടികളില്‍ 18 പേര്‍ക്ക് കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുംബയ്ക്കു പുറമെ ഡല്‍ഹിയിലെ പ്രധാന ശിശുരോഗ ആശുപത്രികളിലൊന്നായ 'കലാവതി സരണി'ല്‍ ആറ് കുട്ടികള്‍ക്കും ഗംഗാറാം ആശുപത്രിയില്‍ നാല് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. പനി, ദേഹത്ത് ചുവന്ന പാടുകളും തടിപ്പും, ശ്വാസകോശത്തിനും കുടലിനും പ്രശ്നങ്ങള്‍, അടര്‍ന്നിളകുന്ന തൊലി തുടങ്ങിയവയാണ് ആശങ്കയുളവാക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കൊവിഡ് ബാധിച്ച കുട്ടികള്‍ക്കു കാവസാക്കി ലക്ഷണം കണ്ടെത്തിയിരുന്നു. പ്രധാന ലക്ഷണങ്ങള്‍ രക്തക്കുഴലുകള്‍ക്കുണ്ടാകുന്ന വീക്കമാണു പ്രധാന പ്രശ്നം. ചര്‍മത്തില്‍ തിണര്‍പ്പോടു കൂടിയ കടുത്ത പനിയാണ് കാവസാക്കിയുടെ പ്രധാന സൂചന. കണ്ണുകളില്‍ ചുവപ്പും തളര്‍ച്ചയും വയറിളക്കവും ഉണ്ടാകും. രക്തക്കുഴലുകളിലെ വീക്കത്തിനും ഹൃദയധമനി തകരാറിനും ഈ രോഗം കാരണമാകും. പീഡിയാട്രിക് മള്‍ട്ടിസിസ്റ്റം ഇന്‍ഫ്ലമേറ്ററി സിന്‍ഡ്രം (പി എം ഐ എസ്) എന്നതാണ് ഈ രോഗവാസ്ഥ. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്നു ഡോക്ടര്‍മാര്‍ പറയുന്നു. പി എം ഐ എസ് ബാധിക്കുന്ന കുട്ടികള്‍ക്കു കടുത്ത വയറുവേദന, വയറിളക്കം എന്നിവയോടെ മുന്നു നാലു ദിവസം പനി ഉണ്ടാകുമെന്ന് ഡോ. അമിഷ് വോറ പറഞ്ഞു. മുഴുവന്‍ രോഗികള്‍ക്കും പനിയുണ്ടാകും. 80% പേര്‍ക്ക് വയറിളക്കം, ഛര്‍ദി എന്നിവയും 60% കുട്ടികള്‍ക്കു കണ്ണില്‍ ചുവപ്പ്, വായില്‍ പൊള്ളല്‍, ത്വക്കില്‍ തിണര്‍പ്പ് എന്നിവ അനുഭവപ്പെടുമെന്നും ഡോക്ടര്‍ പറഞ്ഞു. മുംബയില്‍ പി എം ഐ എസ് ബാധിച്ച്‌ രണ്ടു കുട്ടികള്‍ മരിച്ചിരുന്നു. ഇതില്‍ ഒരാള്‍ക്കു കൊവിഡും കാന്‍സറും ഉണ്ടായിരുന്നു. രണ്ടാമത്തെ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിലാണു വാഡിയ ആശുപത്രിയിലെത്തിച്ചതെന്നും ആറു മണിക്കൂറിനുള്ളില്‍ മരിച്ചുവെന്നും മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ശകുന്തള പ്രഭു പറഞ്ഞു. അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്കാണു സാധാരണയായി പി എം ഐ എസ് റിപ്പോര്‍ട്ട് ചെയ്യാറുള്ളത്. എന്നാല്‍ ഇന്ത്യയില്‍ പത്തു മാസം മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്കു രോഗം പ്രകടമാകുന്നുണ്ട്. ഐ സി എം ആര്‍ ഇതേക്കുറിച്ചു പഠനം നടത്തുകയാണ്.

Related News