Loading ...

Home Gulf

ദുബൈയില്‍ പൊതുബസുകള്‍ ഓടിക്കാന്‍ വനിതകളും

ദുബൈ: ദുബൈയിലെ പൊതു ബസുകളില്‍ മൂന്ന് വനിതാ ഡ്രൈവര്‍മാര്‍. ഇതോടെ മധ്യപൗരസ്ത്യ ദേശത്തെ ആദ്യവനിതാ ഡ്രൈവര്‍മാരെ നിയമിച്ച അതോറിറ്റിയെന്ന ഖ്യാതി ദുബൈ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി സ്വന്തമാക്കി. സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായുള്ള ആദ്യ ബാച്ചുകാരാണ് മൂന്നു വനിതാ ഡ്രൈവര്‍മാര്‍. ബസുകള്‍ ഇവര്‍ വെള്ളിയാഴ്ച മുതല്‍ ഓടിച്ചുതുടങ്ങിയതായി അധികൃതര്‍ അറിയിച്ചു. പുരുഷ ഡ്രൈവര്‍മാരെ പോലെ മികച്ച വനിതാ ഡ്രൈവര്‍മാരെയും വാര്‍ത്തെടുക്കുന്നതായി പബ്ലിക് ട്രാന്‍സ്‌പോര്‍ട് ഏജന്‍സി സിഇഒ അഹമദ് ഹാശിം ബഹ്‌റൂസിയാന്‍ പറഞ്ഞു. പുരുഷ മേല്‍ക്കോയ്മയുള്ള മേഖലയില്‍ വനിതകള്‍ക്കും തുല്യ സ്ഥാനം നല്‍കുന്നു. കൂടാതെ, പൊതുഗതാഗതം പ്രോത്സാഹിപ്പിക്കുകയും ലക്ഷ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് റൂട്ടുകളില്‍ മൂന്നു വനിതാ ഡ്രൈവര്‍മാര്‍ ബസ് ഓടിക്കും. സര്‍ക്കുലര്‍ റൂട്ട് 77 ആണ് ആദ്യത്തേത്. ബനിയാസ്, ദേര സിറ്റി സെന്റര്‍, ടി 1, ടി3 എന്നിവയെ ബന്ധപ്പെടുത്തിയുള്ളതാണ് ഈ റൂട്ട്. മെട്രോ ലിങ്ക് റൂട്ടായ എഫ്36 ആണ് രണ്ടാമത്തേത്. ഈ റൂട്ട് മാള്‍ ഓഫ് ദി എമിറേറ്റ്‌സ്, ദുബൈ സയന്‍സ് പാര്‍ക്ക്, അല്‍ ബര്‍ഷ സൗത്ത് എന്നീ സ്ഥലങ്ങള്‍ ബന്ധപ്പെട്ടാണ് ഈ റൂട്ടിലൂടെ ബസ് സഞ്ചരിക്കുക.റൂട്ട് എഫ്70 ആണ് മൂന്നാമത്തേത്. മെട്രോ ലിങ്ക് സര്‍വീസായ ഈ റൂട്ട് ബുര്‍ജുമാന്‍, ബര്‍ ദുബൈ, അല്‍ ഫഹീദി എന്നിവയെ ബന്ധിപ്പിക്കുന്നു. നിലവില്‍ ആര്‍ടിഎയുടെ കീഴില്‍ ഒട്ടേറെ വനിതാ ഡ്രൈവര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടാക്‌സി ഡ്രൈവര്‍മാര്‍ 165. ലിമോസ് ഡ്രൈവര്‍മാര്‍ 41. സ്‌കൂള്‍ ബസ് ഡ്രൈവര്‍1. വരും ദിനങ്ങളില്‍ കൂടുതല്‍ വനിതാ ബസ് ഡ്രൈവര്‍മാരെ നിരത്തുകളില്‍ കാണാമെന്നും അല്‍ ബഹ്‌റൂസിയാന്‍ കൂട്ടിച്ചേര്‍ത്തു.

Related News