Loading ...

Home Gulf

പ്രവാസി മലയാളികളെ ചേര്‍ത്തുനിര്‍ത്തി,സഹായമെത്തിച്ച് നോര്‍ക്ക ഹെല്‍പ് ഡെസ്ക്

ദുബായ്: കോവിഡ് വൈറസ് വ്യാപനം ശക്തിപ്പെട്ടിരിക്കുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ആരംഭിച്ച നോര്‍ക്ക ഹെല്‍പ്പ് ഡെസ്ക്കുകള്‍ പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി മാറുന്നു. നോര്‍ക്ക ഡയറക്ടര്‍മാരുടേയും, വ്യവസായ പ്രമുഖരുടേയും, ലോക കേരള സഭ അംഗങ്ങളുടേയും, മറ്റു അംഗീകൃത സംഘടനകളുടേയും, കോളേജ് അലുമിനികള്‍, നാട്ടു കൂട്ടായ്മകള്‍ എന്നിവയടക്കമുള്ള സാമൂഹ്യ സാംസ്കാരിക രംഗത്തെ വിവിധ കൂട്ടായ്മകളുടേയും സഹകരണത്തോടെയാണ് ഈ പ്രവര്‍ത്തനങ്ങള്‍ ഗള്‍ഫ് രാജ്യങ്ങളിലൊന്നാകെ നടക്കുന്നത്. യു എ ഇ യില്‍ എല്ലാ എമിറേറ്റുകളിലും ഹെല്‍പ്പ് ഡെസ്ക് പ്രവര്‍ത്തനം സജീവമാണ്. രോഗം ബാധിച്ചവരെ ഐസോലേഷന്‍ സെന്ററിലേക്ക് നീക്കം ചെയ്യുന്നതിന് വേണ്ടി സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുക , ഭക്ഷണം ആവശ്യമുള്ളവര്‍ക്ക് അത് എത്തിച്ചു കൊടുക്കുക, ആശങ്കകള്‍ പരിഹരിക്കുന്നതിന് വേണ്ടി ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കുക, വ്യത്യസ്ത രീതിയില്‍ അവശത അനുഭവിക്കുന്ന ആളുകള്‍ക്ക് അതിന് ആവശ്യമായ പരിഹാരങ്ങള്‍ നിര്‍ദേശിച്ചു കൊണ്ട് ടെലിഫോണ്‍ വൈദ്യ ഉപദേശങ്ങള്‍ നല്‍കുക, മാനസിക സമ്മര്‍ദ്ദം അനുഭവിക്കുന്നവരെ കൗണ്‍സലിംഗ് നടത്തുക എന്നിങ്ങനെ വിവിധ പ്രയാസങ്ങള്‍ നേരിടുന്നവരെ ചേര്‍ത്തു നിര്‍ത്തി നോര്‍ക്ക ഹെല്‍പ് ഡെസ്ക് പ്രവാസി മലയാളികള്‍ക്ക് ആശ്വാസമെത്തിച്ചു കൊണ്ടിരിക്കുകയാണ്. കോവിഡ് പ്രതിരോധത്തില്‍ ലോകത്തിനു മാതൃകയായി കേരളം സംസ്ഥാനത്തിനകത്ത് ശക്തമായി പ്രവര്‍ത്തിക്കുമ്ബോഴും രാജ്യത്തിനു പുറത്തുള്ള മലയാളികളെ ചേര്‍ത്തു നിര്‍ത്താന്‍ കാണിക്കുന്ന ജാഗ്രത എല്ലാവരാലും പ്രശംസിക്കപ്പെടുന്നുണ്ട്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളൊന്നും അവരുടെ പൗരന്മാര്‍ക്കുവേണ്ടി ഇത്ര ശക്തമായി വിദേശ രാജ്യങ്ങളില്‍ ഇടപെടുന്നില്ല.

യു എ ഇ സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങളും, മലയാളികളുടെ കൂട്ടായ്മ സ്വഭാവവും ഒത്തുചേര്‍ന്ന് കോവിഡിനെതിരെയുള്ള യുദ്ധത്തില്‍ പ്രവാസി മലയാളികള്‍ പൊരുതി മുന്നേറുകയാണ്. സ്വന്തം സുരക്ഷ മറന്നും മറ്റുള്ളവരെ സ്നേഹിക്കാനുള്ള വലിയ മനസ്സ് മലയാളികള്‍ കാണിക്കുന്നതിനാല്‍ ഏതു പ്രതിസന്ധിയും തരണം ചെയ്യാന്‍ മലയാളിക്ക് കഴിയും. അവശതയനുഭവിക്കുന്നവരെ ചേര്‍ത്തു നിര്‍ത്തുന്നതിനുള്ള മലയാളികളുടെ മനസ്ഥിതിയെ ഇവിടുത്തെ ഭരണാധികാരികള്‍ തന്നെ നല്ല നിലയിലാണ് നോക്കിക്കാണുന്നത്. കോവിഡിനെതിരെയുള്ള യുദ്ധനിരയില്‍ യു എ ഇ സര്‍ക്കാരിന്റെ വോളന്റീര്‍മാരായി ഒട്ടേറെ മലയാളികളാണ് ഉള്ളത്. തങ്ങള്‍ക്ക് രോഗം പകരുമോ എന്ന ഭീതി മൂലം പല ആളുകളും മാറി നില്‍ക്കുമ്ബോള്‍ അവരെ ചേര്‍ത്ത് നിര്‍ത്താനും ജീവിതത്തിലേക്ക് കൊണ്ട് തിരികെ കൊണ്ടുവരാനും മുന്‍നിരയില്‍ നില്‍ക്കുന്നത് മലയാളികളാണ്.

Related News