Loading ...

Home Gulf

കൊവിഡ് 19; ഗള്‍ഫില്‍ രോഗബാധിതരുടെ എണ്ണം 1000 കടന്നു, യാത്രാ വിലക്കുകളും മറ്റു മുന്‍കരുതല്‍ നടപടികളും ഊര്‍ജിതമാക്കി

റിയാദ്:  ഗള്‍ഫില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം 1000 കടന്നു. ചൊവ്വാഴ്ച മാത്രം ആറ് ഗള്‍ഫ് രാജ്യങ്ങളിലുമായി 74 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഗള്‍ഫില്‍ രോഗബാധിതരുടെ എണ്ണം 1185 ആയി. ഗള്‍ഫില്‍ രോഗബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി യാത്രാ, വിസാ വിലക്കുകളും മറ്റു മുന്‍കരുതല്‍ നടപടികളും ഊര്‍ജിതമാക്കി. സൗദിയില്‍ 38, യുഎഇയില്‍ 15, ഒമാനില്‍ ഒമ്പത്, കുവൈത്തില്‍ ഏഴ്, ഖത്തറില്‍ മൂന്ന്, ബഹ്‌റൈനില്‍ രണ്ട് എന്നിങ്ങനെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചവരുടെ കണക്ക്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ ഏതാനും ഇന്ത്യക്കാരും ഉള്‍പ്പെടും.

യുഎഇയില്‍ നേരത്തെ അനുവദിച്ച വിസിറ്റ് ഉള്‍പ്പെടെ എല്ലാതരം വിസകളും തല്‍ക്കാലം റദ്ദാക്കി. യുഎഇയില്‍ വിസാ വിലക്ക് കൂടുതല്‍ കര്‍ക്കശമാക്കി. ബഹ്‌റൈനില്‍ യാത്രാനിയന്ത്രണം ബുധനാഴ്ച പ്രാബല്യത്തില്‍ വരും. ബഹ്‌റൈന്‍ ബുധനാഴ്ച മുതല്‍ വിമാന സര്‍വീസുകള്‍ പരിമിതപ്പെടുത്തും. വിസ ഓണ്‍ അറൈവല്‍ സംവിധാനം നിലയ്ക്കും. രോഗബാധയുടെ പശ്ചാത്തലത്തില്‍ പ്രധാന മാളുകളുടെ സമയം ഉച്ചക്ക് 12 മുതല്‍ രാത്രി എട്ടു വരെയായി ചുരുക്കി. സൗദിയിലും പള്ളികളില്‍ പ്രാര്‍ഥന നിര്‍ത്തി. ഇരു ഹറമുകള്‍ക്കും വിലക്ക് ബാധകമായിരിക്കില്ല. ഒമാനിലും പള്ളികള്‍ അടക്കാന്‍ നിര്‍ദേശിച്ചു.

കൊവിഡ് 19 ബാധയുടെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഭക്ഷ്യോല്‍പന്നങ്ങളും മറ്റും വില്‍ക്കുന്നവ ഒഴികെ എല്ലാ സ്ഥാപനങ്ങളും അടച്ചിട്ടു. കടകളും ടൂറിസ്റ്റ് കേന്ദ്രങ്ങളും ജിമ്മുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയും അടച്ചു. ഒമാനികളല്ലാത്തവര്‍ക്ക് രാജ്യത്തേക്ക് പ്രവേശനം വിലക്കി. അടുത്ത മൂന്നു മാസത്തെ സ്വദേശികളുടെയും വിദേശികളുടെയും വൈദ്യുതി, ജല ബില്ലുകള്‍ സര്‍ക്കാര്‍ അടക്കുമെന്ന് ബഹ്‌റൈന്‍ അറിയിച്ചു.

Related News