Loading ...

Home health

വൃക്ക സംരക്ഷണദൗത്യം ജനങ്ങളിലേയ്ക്ക്

ആഗോളതലത്തില്‍ ഏതാണ്ട് 85 കോടി വൃക്കരോഗികള്‍ ഉണ്ടെന്നാണ് കണക്ക്. പൊതു സമൂഹത്തില്‍ പത്തുപേരില്‍ ഒരാള്‍ക്ക് നിര്‍ണയിക്കപ്പെടുന്നതോ അല്ലാത്തതോ ആയ വൃക്ക രോഗം ഉണ്ടെന്നതാണ് വസ്തുത. ബഹുഭൂരിപക്ഷം പേരിലും സ്ഥായിയായ വൃക്കരോഗഘട്ടം ആകുന്നതു വരെ നിര്‍ണയം നടക്കുന്നില്ല. ആരംഭഘട്ടത്തില്‍ പ്രത്യേകിച്ച്‌ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടാവാറില്ലെന്നതും രോഗനിര്‍ണയം വൈകാന്‍ ഇടയാകുന്നു. സ്ഥായിയായ വൃക്കരോഗത്തിന് ഡയാലിസിസ്, വൃക്കമാറ്റി വയ്ക്കല്‍ തുടങ്ങിയ സങ്കീര്‍ണവും ചെലവേറിയതുമായ ചികിത്സാരീതികള്‍ ആവശ്യമായി വരുന്നു. ഒരു ശരാശരി കുടുംബത്തിന് താങ്ങാവുന്നതിലും അധികമാണ് ഇതിനെല്ലാം വേണ്ടി വരുന്ന ചികിത്സാചെലവുകള്‍. സമയാസമയം രോഗലക്ഷണങ്ങള്‍ നിരീക്ഷിക്കുക, വൃക്ക ക്ഷമത നിര്‍ണയത്തിനുള്ള രക്തമൂത്ര പരിശോധനകള്‍ നടത്തുക എന്നതാണ് പ്രാഥമിക പ്രതിരോധം എന്ന് ഉദേശിക്കുന്നത്. എന്നാല്‍ ലളിതവും സര്‍വത്ര ലഭ്യവും ചെലവ് ചുരുങ്ങിയതുമായ ഈ പരിശോധനകള്‍ പോലും പ്രമേഹരോഗമുള്ളവര്‍ ചെയ്യാറില്ല എന്നതാണ് വാസ്തവം. വൃക്കരോഗം ബാധിച്ചതിന് ശേഷം അമിതമായി ആശങ്കപ്പെടുന്ന രീതിയാണ് നമ്മുടെ രോഗികളില്‍ കണ്ടുവരുന്നത്. ഇതില്‍ മാറ്റമുണ്ടാവണം. വൃക്കരോഗത്തിലേയ്ക്ക് നയിക്കാനുള്ള സാഹചര്യങ്ങളെക്കുറിച്ച്‌ നമ്മള്‍ ബോധവാന്മാരാകണം. ഭയന്ന് മാറി നില്‍കാതെ ആവശ്യമുള്ള പരിശോധനകള്‍ നടത്തി രോഗം മൂര്‍ച്ഛിക്കുന്നത് തടയണം. അവിടെയാണ് മേല്‍പറഞ്ഞ ബോധവത്ക്കരണ യജ്ഞങ്ങളുടെ പ്രസക്തി. മറ്റ് ഏതൊരു അസുഖത്തെയും പോലെ വൃക്ക പരിരക്ഷണ ദൗത്യവും സമൂഹം ഏറ്റെടുത്തെങ്കിലേ ഭാവി തലമുറയെ ബാധിച്ചേക്കാവുന്ന വലിയൊരു ആരോഗ്യവിപത്തിനെ തടയാന്‍ പറ്റൂ. ഈ സാഹചര്യത്തില്‍ മാര്‍ച്ച്‌ 12 ലോക വൃക്കദിനമായി ആചരിക്കപ്പെടുകയാണ്. വൃക്കരോഗങ്ങള്‍ നിര്‍ണയിക്കാനും പ്രതിരോധിക്കാനുമുള്ള ഒരു ആഗോള പ്രചാരണ ദൗത്യമാണ് ലോക വൃക്ക ദിനം. വൃക്കരോഗം വര്‍ധിക്കാനുള്ള സാഹചര്യങ്ങളെ കുറിച്ചും പ്രതിരോധ മാര്‍ഗങ്ങളെ കുറിച്ചും ജനങ്ങളില്‍ അവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ 2006 മുതല്‍ മാര്‍ച്ച്‌ മാസത്തിലെ രണ്ടാം വ്യാഴാഴ്ച ലോകമെമ്ബാടും വിവിധതരത്തിലുള്ള പ്രചാരണ പരിപാടികള്‍ നടന്നു വരുന്നു. 'ആരോഗ്യമുള്ള വൃക്കകള്‍ എവിടേയും എല്ലാവര്‍ക്കും- രോഗപ്രതിരോധം മുതല്‍ നിര്‍ണയം വരെ: തുല്യ പരിരക്ഷണത്തിന്റെ ലഭ്യത' എന്നതാണ് ഈ വര്‍ഷത്തെ ലോക വൃക്കദിനത്തിന്റെ പ്രമേയം. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉള്‍പ്പെടുത്തിയുള്ള പ്രചാരണ ദൗത്യമാണിത്. ഇതിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ വൃക്കരോഗ വിദഗ്ധരുടെ കൂട്ടായ്മയായ അസോസിയേഷന്‍ ഓഫ് കൊച്ചിന്‍ നെഫ്രോളജിസ്റ്റ്സ് (A.C.N) വൃക്കസംരക്ഷണ ദൗത്യം ജനങ്ങളിലേയ്ക്ക് എന്ന ലക്ഷ്യവുമായി വിപുലമായ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

Related News