Loading ...

Home Gulf

ഗള്‍ഫില്‍ 19 പേര്‍ക്ക് കോവിഡ്-19: ബഹ്‌റൈനിലും കുവൈത്തിലും വൈറസ് സ്ഥിരീകരിച്ചു

ജിദ്ദ: യു.എ.ഇ.യ്ക്കുപിന്നാലെ ബഹ്‌റൈനിലും കുവൈത്തിലും ഒമാനിലും കോവിഡ്-19 സ്ഥിരീകരിച്ചു. കുവൈത്തില്‍ മൂന്നുപേര്‍ക്കും ഒമാനില്‍ രണ്ടുപേര്‍ക്കും ബഹ്‌റൈനില്‍ ഒരാള്‍ക്കുമാണിത്. ഇതോടെ ഗള്‍ഫ് മേഖലയില്‍ വൈറസ് ബാധിച്ചവരുടെ എണ്ണം 19 ആയി. യു.എ.ഇ.യില്‍മാത്രം 13 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. ഇറാനില്‍നിന്നു കുവൈത്തിലെത്തിയവരിലാണ് വൈറസ് ബാധ കണ്ടെത്തിയത്. മൂന്നുപേരില്‍ ഒരാള്‍ 53 വയസ്സുള്ള കുവൈത്ത് പൗരനാണ്. മറ്റൊരാള്‍ 61 വയസ്സുള്ള സൗദിപൗരനാണ്. മൂന്നാമത്തെയാളുടെ സ്വദേശം പുറത്തുവിട്ടിട്ടില്ല. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും പ്രത്യേക നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. സൗദിപൗരന്‍ സുഖംപ്രാപിക്കുന്നതുവരെ കുവൈത്തില്‍ തുടരുമെന്ന് സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, സൗദിയില്‍ ഇതുവരെ പുതിയ കോവിഡ്-19 കേസുകള്‍ റിപ്പോര്‍ട്ടുചെയ്തിട്ടില്ല. ബഹ്‌റൈനില്‍ ഇറാനില്‍നിന്നെത്തിയ ആള്‍ക്ക് കോവിഡ്-19 ഉണ്ടെന്ന് സംശയം നിലനിന്നിരുന്നു. അതാണ് ഇപ്പോള്‍ സ്ഥിരീകരിച്ചത്. ഇയാള്‍ ബഹ്‌റൈന്‍ പൗരനാണ്. കൂടുതല്‍ പരിശോധനകള്‍ക്കായി രോഗിയെ ഇബ്രാഹിം ഖലീല്‍ കനോ മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. ഒമാനില്‍ രണ്ടു സ്വദേശിവനിതകളിലാണ് കോവിഡ്-19 കണ്ടെത്തിയത്. ഇറാനില്‍നിന്ന് തിരിച്ചെത്തിയവരാണ് ഇരുവരും. ഇവര്‍ക്ക് ആവശ്യമായ ചികിത്സകള്‍ വീട്ടില്‍ത്തന്നെ നല്‍കിവരുന്നതായി ഒമാന്‍ അധികൃതര്‍ അറിയിച്ചു. കൂടുതല്‍പേരിലേക്ക് വൈറസ് പകരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രാലയങ്ങള്‍ സ്വീകരിക്കുന്നുണ്ട്. കോവിഡ്-19 സ്ഥിരീകരിച്ചതിനുപിന്നാലെ വെള്ളിയാഴ്ച കുവൈത്ത്-ഇറാന്‍ അതിര്‍ത്തി അടച്ചിരുന്നു.

Related News