Loading ...

Home cinema

സിനിമകൊണ്ട് ജീവിക്കാം, പക്ഷേ... by സി അജിത്

സിനിമയുടെ വെള്ളിവെളിച്ചത്തെ ചുറ്റിപ്പറ്റി ജോജു ജോര്‍ജ് അലഞ്ഞത് 21 വര്‍ഷം. അഭിനയം ഒരു 'ഭ്രാന്തായി' മനസ്സില്‍ കൂടിയത് മുതല്‍ സിനിമയ്ക്ക് പിന്നാലെ. അവസരത്തിനായി മുട്ടാത്ത വാതിലില്ല. സിനിമ ഒരു സ്വപ്നവും ജീവിതം യാഥാര്‍ഥ്യവുമായി മുന്നില്‍ വന്നപ്പോഴും സ്വപ്നത്തിലേക്കുള്ള വഴിയാണ് തേടിയത്. അപ്രസക്ത റോളില്‍ സിനിമയുടെ അരികുകളില്‍ കഴിയേണ്ടി വന്നപ്പോഴും തനിക്കായി ഒരു പുലരി പിറക്കുമെന്ന് ഉറച്ച് വിശ്വസിച്ചു. കഠിനാധ്വാനം മാത്രമായിരുന്നു കൈമുതല്‍. കഷ്ടപ്പാടുകള്‍ക്കു മുന്നില്‍ പകച്ചുനില്‍ക്കാതെ മുണ്ടുമുറുക്കി മുന്നോട്ടു പോയി. വഴിപിഴച്ചില്ല. രണ്ടുപതിറ്റാണ്ടിന്റെ വിയര്‍പ്പിന് ഫലംകണ്ടു. സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശം നേടിയ ജോജു ഇന്ന് മലയാളത്തിന്റെ പ്രിയ നടനാണ്. തനതുശൈലിയിലൂടെ പ്രേക്ഷക മനസ്സില്‍ ഇടംനേടാന്‍ ഈ താരത്തിനായി. കനല്‍വഴിയിലൂടെയുള്ള സിനിമാസഞ്ചാരത്തെക്കുറിച്ച് ജോജു മനസ്സ് തുറക്കുന്നു.

സിനിമ കണ്ട് തുടങ്ങി

തൃശൂര്‍ മാളയാണ് സ്വദേശം. സ്കൂള്‍ പഠനകാലത്തുതന്നെ സിനിമയോട് കമ്പം തോന്നിത്തുടങ്ങി. വീടിനടുത്തുള്ള സിനിമ കൊട്ടകയില്‍ രണ്ട് ആഴ്ച കൂടുമ്പോഴെങ്കിലും പോകുമായിരുന്നു. വീട് ഗ്രാമത്തിലായതിനാല്‍ മലയാളം ഒഴികെയുള്ള സിനിമ കാണാന്‍ അവസരമില്ല. മമ്മൂട്ടിയും മോഹന്‍ലാലും തന്നെ ഹീറോസ്. അവരുടെ കഥാപാത്രങ്ങള്‍ മനസ്സില്‍ ആഴത്തില്‍ സ്പര്‍ശിച്ചു. ഇതു തന്നെയാകണം സിനിമയിലേക്ക് ആകര്‍ഷിച്ചതും. സ്കൂള്‍ പഠനം കഴിഞ്ഞതു മുതല്‍ അഭിനയമോഹവുമായി ഇറങ്ങി. എന്റെ വഴി സിനിമ തന്നെയെന്ന് നിശ്ചയിച്ചു.മാനത്തെ കൊട്ടാരത്തിന്റെ ഷൂട്ടിങ് നടക്കുമ്പോഴാണ് ആദ്യമായി സിനിമയുടെ സെറ്റില്‍ പോകുന്നത്. കൊതിയോടെ പോയ എനിക്ക് പക്ഷേ, പരിസരത്തുപോലും എത്താന്‍ കഴിഞ്ഞില്ല.  ഞാന്‍ പഠിച്ച ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലായിരുന്നു 'മഴവില്‍ക്കൂടാര'ത്തിന്റെ ഷൂട്ടിങ്. à´ˆ ചിത്രത്തില്‍ മുഖം കാണിക്കാന്‍ അവസരം ലഭിച്ചു. പിന്നീടും ഒരുപാട് അലഞ്ഞു. ചെറിയ à´šà´¿à´² വേഷങ്ങള്‍ കിട്ടിയെന്നല്ലാതെ കാര്യമായ പുരോഗതിയുണ്ടായില്ല.

പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും

2013ല്‍ പുറത്തിറങ്ങിയ പുള്ളിപ്പുലിയും ആട്ടിന്‍കുട്ടികളും എന്ന ലാല്‍ജോസ് സിനിമയിലെ ചക്ക സുകു എന്ന കഥാപാത്രമാണ് ബ്രേക്ക് ആയത്. അപ്പോഴും സിനിമ ഏക വരുമാന മാര്‍ഗമാക്കി മുന്നോട്ടുകൊണ്ടു പോകാന്‍ കഴിയുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. മക്കളുടെ പഠിപ്പും മറ്റുമൊക്കെ ആയതോടെ പ്രതിസന്ധി രൂക്ഷമായി. സിനിമ നിര്‍ത്തിയാലോ എന്നുവരെ ചിന്തിച്ച സാഹചര്യത്തിലാണ് 2014ല്‍ മമ്മൂക്കയോടൊപ്പം രാജാധിരാജയില്‍ അയ്യപ്പന്‍ എന്ന കഥാപാത്രം ലഭിക്കുന്നത്. ഏറെ ശ്രദ്ധിക്കപ്പെട്ട ഈ കഥാപാത്രമാണ് സിനിമയില്‍ തുടരാന്‍ എനിക്ക് ശക്തിപകര്‍ന്നത്.

2015 ഭാഗ്യവര്‍ഷം

2015 എന്റെ ഭാഗ്യവര്‍ഷമാണെന്ന് വേണമെങ്കില്‍ പറയാം. മനസ്സിനിണങ്ങിയ നിരവധി മികച്ച കഥാപാത്രങ്ങള്‍ ലഭിച്ച വര്‍ഷമാണിത്. മിലി, ലുക്കാ ചൂപ്പി, ഒരു സെക്കന്‍ഡ് ക്ളാസ് ട്രെയിന്‍ യാത്ര, ലോഹം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചു. ഒന്നിനൊന്ന് മെച്ചപ്പെട്ട കഥാപാത്രങ്ങള്‍. ഇതിന്റെ തുടര്‍ച്ചയായി 2016 ആദ്യം പുറത്തിറങ്ങിയ ആക്ഷന്‍ ഹീറോ ബിജുവിലെ മിനിമോന്‍ എന്ന പൊലീസുകാരന്റെ വേഷം പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഈ സിനിമ കണ്ട ചില പൊലീസുകാര്‍ക്ക് എന്നെ കാണുമ്പോള്‍ വലിയ സന്തോഷമാണ്. പൊലീസ് ജോലിക്കൊപ്പം വീട്ടില്‍ അല്‍പ്പം കൃഷിയും ചെയ്യുന്ന മിനിയെപ്പോലെയാണ് ഞങ്ങളുമെന്ന് അവര്‍ പറയുമ്പോള്‍ ആ കഥാപാത്രം അംഗീകരിക്കപ്പെട്ടുവെന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ്.

അവാര്‍ഡ്: സന്തോഷവും ദുഃഖവും

ലുക്കാ ചൂപ്പി, ഒരു സെക്കന്‍ഡ് ക്ളാസ് ട്രെയിന്‍ യാത്ര എന്നീ ചിത്രങ്ങളിലെ അഭിനയത്തിനാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ജൂറി പരാമര്‍ശത്തിന് അര്‍ഹനായത്. ജയസൂര്യക്കും ജോയ് മാത്യുവിനുമൊപ്പമാണ് പുരസ്കാരം ലഭിച്ചത്. ഇത് ഏറെ സന്തോഷം നല്‍കി. പ്രചോദനവും. അതേസമയം, മറ്റുള്ളവരെല്ലാം ചാനലുകളില്‍ നിറഞ്ഞുനിന്നപ്പോള്‍ എന്റെ മുന്നില്‍ ഒരു മാധ്യമപ്രവര്‍ത്തകനും വന്നില്ല. ഇത് വേദനിപ്പിച്ചു. എംപിയായിരുന്ന സിപിഐ എം എറണാകുളം ജില്ലാ സെക്രട്ടറി പി രാജീവ് സമ്മാനിച്ച മെമന്റോ മാത്രമാണ് അവാര്‍ഡിന് അംഗീകാരം എന്ന നിലയില്‍ ആകെ ലഭിച്ചത്.

ഇഷ്ടം പഴയ സിനിമ

രണ്ടു തലമുറയിലെ താരങ്ങളുമായി അടുത്തിടപെടാനും പ്രവര്‍ത്തിക്കാനും എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. വളരെ പ്രതിഭാശാലികളായ സംവിധായകരുടെയും അഭിനേതാക്കളുടേയും ചിത്രം കണ്ട്  തുടങ്ങിയ എനിക്ക് à´† സിനിമകളെല്ലാം ഇപ്പോഴും അത്ഭുതങ്ങളാണ്. ഭരതനും പത്മരാജനും ലോഹിതദാസും ഐ വി ശശിയും ജോഷിയുമെല്ലാം പ്രതിഭാസങ്ങളാണ്. അന്നത്തെ സിനിമകള്‍ നമ്മുടെ മനസ്സിനെ പിടിച്ചുലയ്ക്കാറുണ്ട്. ഓരോ കഥാപാത്രങ്ങളും ദിവസങ്ങളോളം നമ്മെ പിന്തുടരാറുണ്ട്. പുതുതലമുറയിലും മികച്ച സിനിമകള്‍ ഉണ്ടാകുന്നുണ്ട്. മികച്ച സംവിധായകരും അഭിനേതാക്കളും ഉണ്ട്. എങ്കിലും പഴയ ചിത്രങ്ങളാണ് എന്നെ സ്വാധീനിച്ചവയും പ്രിയപ്പെട്ടതും.

സിനിമകൊണ്ട് ജീവിക്കുന്നവര്‍ കുറവ്

ഡിജിറ്റല്‍ കാലത്തും അല്ലാത്തപ്പോഴും സിനിമയില്‍ അഭിനയിച്ചിട്ടുള്ളയാളാണ് ഞാന്‍. വീട്ടില്‍ ഫോണൊന്നും ഉണ്ടായിരുന്നില്ല. 'പി പി' നമ്പര്‍ (അടുത്ത വീട്ടിലെ ഫോണ്‍ നമ്പര്‍) ആണ് എല്ലാവര്‍ക്കും കൊടുക്കുക. അവസരം വരുമ്പോള്‍ അടുത്ത വീട്ടിലാണ് ഫോണ്‍ വരിക. അക്കാലത്ത് സിനിമയില്‍ അഭിനയിക്കുകയെന്നത്  ഏറെ ബുദ്ധിമുട്ടാണ്. എത്രയോ കാലം കഴിഞ്ഞാണ് എനിക്ക് ഒരു ഡയലോഗ് ലഭിച്ചത്. എന്നാല്‍, ഇക്കാലത്ത് ഒരു വര്‍ഷം മെനക്കെട്ടാല്‍ സിനിമയില്‍ ആര്‍ക്കും മുഖം കാണിക്കാം. പക്ഷേ, സിനിമ കൊണ്ട് ജീവിക്കാമെന്ന് കരുതിവരുന്നവര്‍ ആത്മപരിശോധന നടത്തി വേണം à´ˆ രംഗത്തേക്ക് വരാന്‍. ഇപ്പോള്‍ത്തന്നെ മലയാള സിനിമയില്‍ ആയിരത്തിലധികം പേര്‍ അഭിനയരംഗത്തുണ്ട്. എന്നാല്‍, സിനിമ കൊണ്ട് ജീവിക്കുന്നവര്‍  അമ്പതോളം പേരെ കാണൂ. ആത്മപരിശോധന നടത്താതെ ചലച്ചിത്രരംഗത്തേക്ക് എടുത്തുചാടിയ ആളാണ് ഞാന്‍. പിന്നീട്, അനുഭവത്തില്‍നിന്നാണ് സിനിമ പഠിച്ചത്. ഇപ്പോഴും പഠിക്കുകയാണ്. സിനിമ കൊണ്ട് ജീവിക്കുന്നയാളാണ് ഞാന്‍.  à´œà´¯à´¸àµ‚ര്യയോടൊപ്പം ഇടി, അനൂപ് മേനോനെപ്പം പത്തു കല്‍പ്പനകള്‍, ലാല്‍, ഷൈന്‍ ടോം ചാക്കോ എന്നിവരോടൊപ്പം ദം എന്നിവയാണ് പുതിയ ചിത്രങ്ങള്‍. ഇപ്പോള്‍ എറണാകുളത്താണ് താമസം. ഭാര്യ: അബ്ബ. മക്കള്‍: അപ്പു, പാത്തു, പപ്പു.

ajithdesh@gmail.com


Related News