Loading ...

Home charity

'ജിഷാഭവനം' മുഖ്യമന്ത്രി നാളെ കൈമാറും

പെരുമ്പാവൂര്‍ : ജിഷയുടെ അമ്മ രാജേശ്വരിക്ക് സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കുന്ന വീടിന്റെ താക്കോല്‍ദാനം ശനിയാഴ്ച മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് ഗവണ്‍മെന്റ് പ്രഖ്യാപനത്തില്‍മാത്രം ഒതുക്കിയ വാഗ്ദാനമാണ് എല്‍ഡിഎഫ് ഗവണ്‍മെന്റ് സാക്ഷാത്കരിക്കുന്നത്.

അധികാരമേറ്റെടുത്ത് മെയ് 25നു ചേര്‍ന്ന ആദ്യ മന്ത്രിസഭായോഗ തീരുമാനത്തില്‍ 45 ദിവസത്തിനകം വീട്നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നു ഉറപ്പ് നല്‍കിയിരുന്നു. ഇതാണ് സര്‍ക്കാരിന് 45 ദിവസം തികയുന്ന ശനിയാഴ്ച നടപ്പാക്കുന്നത്.

എറണാകുളം കലക്ടര്‍ എം ജി രാജമാണിക്യത്തിന്റെയും ജിഷയുടെ അമ്മ രാജേശ്വരിയുടെയും സംയുക്ത അക്കൌണ്ടിലൂടെ സമാഹരിച്ച 38.43 ലക്ഷം രൂപയില്‍നിന്ന് പതിനൊന്നരലക്ഷം രൂപ ചെലവഴിച്ചാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.

ജിഷ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഏപ്രില്‍ 28 മുതല്‍ പെരുമ്പാവൂര്‍ ഗവണ്‍മെന്റ് താലൂക്ക് ആശുപത്രിയില്‍ കഴിയുന്ന രാജേശ്വരിക്ക് ദീര്‍ഘനാളത്തെ ആശുപത്രിവാസത്തിനും ഇതോടെ വിരാമമാവും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എന്‍ സി മോഹനനോട് അമ്മ രാജേശ്വരി ആവശ്യപ്പെട്ടതനുസരിച്ച് കലക്ടറുമായി സംസാരിച്ച് വീടിന് 'ജിഷാഭവനം' എന്നു നാമകരണംചെയ്തിട്ടുണ്ട്.

മുടക്കുഴ പഞ്ചായത്തിലെ തൃക്കേപ്പാറയില്‍ പണിത വീടിന്റെ നിര്‍മാണം കാക്കനാട് നിര്‍മിതികേന്ദ്രയുടെ മേല്‍നോട്ടത്തിലാണ് നടന്നത്. അശാസ്ത്രീയമായി പകുതിയോളം പണിതുയര്‍ത്തിയ വീടും തറയും പൂര്‍ണമായും പൊളിച്ചുമാറ്റിയാണ് നിര്‍മിതികേന്ദ്രയുടെ എന്‍ജിനിയര്‍ വീട് നിര്‍മിച്ചത്.
രാത്രി എട്ടിന് തൃക്കേപ്പാറയില്‍ നടക്കുന്ന താക്കോല്‍ദാനച്ചടങ്ങില്‍ എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എ അധ്യക്ഷനാകും. ഇന്നസെന്റ് എംപി മുഖ്യപ്രഭാഷണം നടത്തും.

Related News