Loading ...

Home charity

വിശപ്പ് രഹിത കേരളം: 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ ആരംഭിക്കുമെന്ന് ബജറ്റ് പ്രഖ്യാപനം. കുടുംബശ്രീയുടെ ആഭിമുഖ്യത്തിലായിരിക്കും ഭക്ഷണ ശാലകള്‍ ആരംഭിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു. വിശക്കുന്നവന് ഭക്ഷണവും, ദാഹിക്കുന്നവന് വെള്ളവും തണുക്കുന്നവന് പുതപ്പും, തളരുന്നവന് കിടപ്പും എന്നാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വാതന്ത്ര്യത്തിന് നല്‍കിയ നിര്‍വചനം. ഈ കാഴ്ചപ്പാടാണ് സര്‍ക്കാരിന്. ലോക പട്ടിണി സൂചികയില്‍ താഴേക്ക് പോകുന്ന രാജ്യത്തില്‍ വിശപ്പ് രഹിത സംസ്ഥാനമായി കേരളത്തെ മാറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിശപ്പ് രഹിത കേരളം പദ്ധതിക്കായി ഭക്ഷ്യവകുപ്പ് പദ്ധതികള്‍ തയ്യാറാക്കി. സന്നദ്ധ സംഘടനകളും സ്ഥാപനങ്ങളും മുഖാന്തിരം ഇവ നടപ്പിലാക്കും. കിടപ്പുരോഗികള്‍ക്കും മറ്റും സൗജന്യമായി ഭക്ഷണം വീട്ടിലെത്തിച്ച്‌ നല്‍കും. അതല്ലെങ്കില്‍ പരമാവധി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന ഭക്ഷണ ശാലകള്‍ തുടങ്ങും. 10 ശതമാനം ഊണുകള്‍ സൗജന്യമായി സ്‌പോണ്‍സര്‍മാരെ ഉപയോഗിച്ച്‌ നല്‍കണം. ഇതിനായി സന്നദ്ധ സംഘടനകളെയും സ്ഥാപനങ്ങളെയും തിരഞ്ഞെടുത്താല്‍ റേഷന്‍ വിലയ്ക്ക് സാധനങ്ങള്‍ സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നല്‍കും. ഈയൊരു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ അമ്ബലപ്പുഴ- ചേര്‍ത്തല താലൂക്കുകളെ വിശപ്പ് രഹിത മേഖലകളായി ഏപ്രില്‍ മാസം മുതല്‍ പ്രഖ്യാപിക്കും. 2020-21 വര്‍ഷം ഈ പദ്ധതി കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിനായി പ്രത്യേക ധനസഹായമായി 20 കോടി വകയിരുത്തുമെന്നും ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു.

Related News