Loading ...

Home cinema

റോട്ടര്‍ഡാം അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നെറ്റ് പാക്ക് പുരസ്കാരം നേടി 'നസീര്‍'

റോട്ടര്‍ഡാമില്‍ ഇന്നലെ സമാപിച്ച അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ അരുണ്‍ കാര്‍ത്തിക്ക് സംവിധാനം നിര്‍വ്വഹിച്ച തമിഴ് ചിത്രം 'നസീര്‍' ഏറ്റവും മികച്ച ഏഷ്യന്‍ സിനിമയ്ക്കുള്ള നെറ്റ്പാക്ക് അവാര്‍ഡ് നേടി. കോയമ്ബത്തൂര്‍ സ്വദേശിയായ അരുണിന്റെ രണ്ടാമത്തെ സിനിമയാണ് 'നസീര്‍'. ആദ്യ സിനിമയായ 'ശിവപുരാണ' ത്തിന് നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ചലച്ചിത്രമേളയില്‍ മികച്ച ആദ്യ ചിത്രത്തിനുള്ള പുരസ്കാരവും ലഭിച്ചിരുന്നു. ഈ വര്‍ഷം ചലച്ചിത്രോത്സവത്തിലെ പ്രധാന മത്സരത്തിലേയ്ക്ക് (ടൈഗര്‍ അവാര്‍ഡ്) ലോകത്താകെ നിന്നും തിരഞ്ഞെടുക്കപ്പെട്ട മികച്ച പത്ത് ചലച്ചിത്രങ്ങളില്‍ ഒന്ന് 'നസീര്‍' ആയിരുന്നു. വലതുപക്ഷ തീവ്രവാദം പടരുന്ന ഒരു നഗരത്തിലെ ജൗളിക്കടയില്‍ ജോലിയെടുക്കുന്ന മധ്യവയസ്‌കനായ നസീറിന്റെ സംഘര്‍ഷങ്ങളുടെ കഥയാണ് സിനിമ പറയുന്നത്.
                ഇന്‍ഡോ-ഫ്രഞ്ച് നാടക സംവിധായകനും നടനുമായ കുമരനെ വളവനെയാണ് നസീറായി അഭിനയിച്ചത്. നസീറിന്റെ ഭാര്യയുടെ വേഷത്തില്‍ എത്തിയത് സുധാ രംഗനാഥന്‍ ആണ്. പതിവ് സിനിമാസങ്കേതങ്ങളില്‍ നിന്നും അകല്‍ച്ച പാലിക്കുന്ന ചിത്രം 4:3 എന്ന അനുപാതത്തിലാണ് ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. പ്രശസ്ത തമിഴ് എഴുത്തുകാരനായ ദിലീപ്‌കുമാറിന്റെ ഒരു കഥയെ അവലംബിച്ച്‌ നിര്‍മ്മിച്ച സിനിമയുടെ ചിത്രീകരണം മുഴുവനും കോവൈ നഗരത്തിലായിരുന്നു. പോസ്റ്റ് പ്രൊഡക്ഷന്‍ ഗ്രാന്‍ഡായ നെതര്‍ലന്‍ഡ്സ് ഫിലിം ഫണ്ടും പ്രശസ്തമായ ഹ്യുഗോ ബാല്‍സ് ഫണ്ടും നേരത്തെ തന്നെ à´ˆ ചിത്രം കരസ്ഥമാക്കിയിരുന്നു. നസീറിന്റെ ശബ്ദലേഖനം നിര്‍വ്വഹിച്ചിട്ടുള്ളത് മുംബയില്‍ സ്ഥിരതാമസമാക്കിയിട്ടുള്ള മലയാളിയായ ഗൗതം നായര്‍ ആണ്. അസിസ്റ്റന്റ് സിനിമാട്ടോഗ്രാഫര്‍ ആയ അനൂപാണ് ചിത്രത്തിലെ മറ്റൊരു മലയാളി സാന്നിധ്യം. റോട്ടര്‍ഡാം അന്താരാഷ്‌ട്ര ചലച്ചിത്രമേളയില്‍ ഇതിന് മുന്‍പ് 2017ല്‍ സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത 'സെക്സി ദുര്‍ഗ്ഗ'യ്ക്ക് ഏറ്റവും നല്ല ചിത്രത്തിനുള്ള ടൈഗര്‍ അവാര്‍ഡ് ലഭിച്ചിരുന്നു. 1995ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം നിര്‍വ്വഹിച്ച 'വിധേയനും' ഏറ്റവും നല്ല ഏഷ്യന്‍ ചലച്ചിത്രത്തിനുള്ള നെറ്റ്പാക്ക് അവാര്‍ഡ് സ്വന്തമാക്കിയിരുന്നു. മണി കൗളിന്റെ 'ദി സെര്‍വന്റ്സ് ഷര്‍ട്ട്' (1999) എന്ന ചിത്രവും നെറ്റ്പാക്ക് അവാര്‍ഡ് കരസ്ഥമാക്കിയിരുന്നു.

Related News