Loading ...

Home Music

ഉപാധികളില്ലാത്ത സ്നേഹവുമായി സംഗീതത്തിന്റെ ലോകം തീര്‍ക്കുന്ന കെന്ദുളി ബാവുള്‍ മേളയ്ക്ക് പോകാം

ഉപാധികളില്ലാത്ത സ്നേഹത്താല്‍ പരസ്പരം കെട്ടുപിണഞ്ഞു കിടക്കുന്നവരാണ് ബാവുളുകള്‍. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും സംഗീതത്തിന്റെ മാത്രമായ ലോകം തീര്‍ക്കുന്നവര്‍.. ബാവുളുകള്‍ സ്‌നേഹത്തിന്റെ സംഗീത ലോകം തീര്‍ക്കുന്ന ജൊയ്ദേബ് (ജയദേവ്) കെന്ദുളി മേള എല്ലാ വര്‍ഷവും ജനുവരി മധ്യത്തിലാണ്. ഇത്തവണയും പതിവ് തെറ്റാത്തെ മേളയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. ജനുവരി 14 മുതല്‍ 17 വരെയുള്ള ദിവസങ്ങളിലാണ് കെന്ദുളിയിലെ ബാവുള്‍ മേള നടക്കുന്നത്.
പശ്ചിമ ബംഗാളിലെ ബിര്‍ഭൂം ജില്ലയില്‍ അജോയ് നദികരയിലുള്ള ജൊയ്‌ദേബ് കെന്ദുളി ഗ്രാമം ബാവുളുകളുടെ പ്രിയപ്പെട്ട കേന്ദ്രമാണ്. രബീന്ദ്രനാഥ് ടാഗോറിന്റെ ശാന്തിനികേതനില്‍ (ബോല്‍പൂര്‍) നിന്നും ഏതാണ്ട് 40-50 മിനുട്ട് നേരത്തെ യാത്രയാണ് കെന്ദുളിയിലേയ്ക്കുള്ളത്. ഗീതാഗോവിന്ദം എന്ന ഒറ്റ കൃതി മാത്രം എഴുതിയ ജയദേവ കവിയുടെ പേരിലാണ് ഈ കെന്ദുളി അറിയപ്പെടുന്നത്. നിരവധി ക്ഷേത്രങ്ങളും ആശ്രമങ്ങളുമുള്ള ഈ പ്രദേശത്ത് ഒരു ബാവുള്‍ കോളനിയുമുണ്ട്. മകരസംക്രാന്തിയോട് അടുപ്പിച്ചാണ് കെന്ദുളി മേള അരങ്ങേറുന്നത്. ബംഗാളി കലണ്ടര്‍ പൗഷ മാസം (ഏതാണ്ട് ഡിസംബര്‍ പകുതിയ്ക്ക് ശേഷം ജനുവരി പകുതിവരെ) ആരംഭിച്ച്‌ മാഘ മാസത്തിലെ (ജനുവരി പകുതി മുതല്‍ ഫെബ്രുവരി പകുതി വരെ) ആദ്യ രണ്ടാഴ്ച വരെ പല ബാവുള്‍ മേളകളും അരങ്ങേറാറുണ്ടെങ്കിലും മകരസംക്രാന്തി ദിവസത്തിലെ കെന്ദുളിയിലെ ബാവുള്‍ മേളയാണ് ഏറെ പ്രശസ്തം.

Related News