Loading ...

Home Gulf

പ്രവാസി സാഹിത്യ പ്രേമികളുടെ മനം കവര്‍ന്ന് പ്രിയ എഴുത്തുകാര്‍

ദുബൈ: കഥയുടെയും കവിതയുടെയും ആസ്വാദനത്തിന്‍െറ പുതുവഴികള്‍ തുറന്നും പ്രവാസി സാഹിത്യത്തിന്‍െറ ഗതിവിഗതികള്‍ ചര്‍ച്ച ചെയ്തും അക്ഷരക്കൂട്ടം സാഹിത്യശില്‍പശാലയുടെ രണ്ടാംദിനം. പ്രശസ്ത കഥാകൃത്ത് എന്‍.എസ്. മാധവന്‍െറയും കവി കുരീപ്പുഴ ശ്രീകുമാറിന്‍െറയും സാന്നിധ്യം ശില്‍പശാലക്ക് താരശോഭ പകര്‍ന്നു. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് പെരുമ്പടവം ശ്രീധരനും കഥാകാരനും സംവിധായകനും നടനുമായ മധുപാലും ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളിലത്തെിയ അക്ഷരപ്രേമികളുടെ മനം നിറച്ചു. പ്രിയ സാഹിത്യകാരന്മാരുടെ വാക്കുകളും കവിതകളും കേള്‍ക്കാനും അവരുമായി സംവദിക്കാനും നൂറുകണക്കിന് പേരാണ് എത്തിയിരുന്നത്. മൂന്ന് ദിവസം നീളുന്ന ശില്‍പശാല ശനിയാഴ്ച സമാപിക്കും. 
എവിടെ ഇരുന്ന് എഴുതുന്നു എന്നതല്ല, എന്തെഴുതുന്നു എന്നതാണ് പ്രധാനമെന്ന് ‘കുടിയേറ്റവും അതിജീവനവും: എഴുത്തിലും കലയിലും’ എന്ന വിഷയത്തില്‍ സംസാരിച്ച എന്‍.എസ്. മാധവന്‍ പറഞ്ഞു. പ്രവാസി സാഹിത്യവും എഴുത്തുകാരും അരികുവത്കരിക്കപ്പെടുന്നുവെന്ന ആശങ്കക്ക് അടിസ്ഥാനമില്ല. എഴുത്തില്‍ കാമ്പുണ്ടെങ്കില്‍ ഏത് രചനയും കാലാതിവര്‍ത്തിയായി നിലകൊള്ളും. അതിന് ദേശത്തിന്‍െറയും ഭാഷകളുടെയും അതിരുകളില്ല. പ്രവാസി സാഹിത്യം ആത്മവേദനകള്‍ പ്രകാശിപ്പിക്കാനുള്ള ഇടം മാത്രമായി മാറാന്‍ പാടില്ല. 
നാം ജീവിക്കുന്ന ലോകത്തെ സസൂക്ഷ്മം വിലയിരുത്തുകയും കൃത്യമായ നിലപാട് കൈക്കൊണ്ട് അത് രചനകളിലൂടെ പ്രകാശിപ്പിക്കുകയും വേണം. സാമൂഹിക, സാംസ്കാരിക മേഖലകളെല്ലാം ഇത്തരം വിശകലനങ്ങള്‍ക്ക് വിധേയമാകണം. 
ആഗോള പ്രാധാന്യമുള്ള വിഷയങ്ങള്‍ എഴുത്തില്‍ കടന്നുവരണം. കുടിയേറ്റങ്ങള്‍ ജനതയുടെ സാമൂഹിക, സാംസ്കാരിക മേഖലകളില്‍ വന്‍ പരിവര്‍ത്തനങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. എന്നാല്‍ ഇത് എഴുത്തിനെ എത്രമാത്രം സ്വാധീനിച്ചുവെന്ന കാര്യം സമഗ്രമായ വിശകലനത്തിന് ശേഷം മാത്രമേ വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു. പ്രവാസി എഴുത്തുകാര്‍ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയും പുസ്തകം പ്രസിദ്ധീകരിക്കാന്‍ അനുഭവിക്കുന്ന പ്രയാസങ്ങളും അദ്ദേഹവുമായുള്ള സംവാദത്തില്‍ വിഷയമായി. 
പ്രവാസി സാഹിത്യം എന്ന ലേബലില്‍ രചനകള്‍ മാറ്റിനിര്‍ത്തപ്പെടേണ്ടതുണ്ടോ എന്ന വിഷയത്തില്‍ ചൂടേറിയ ചര്‍ച്ചയാണ് നടന്നത്. പുസ്തകം പ്രസിദ്ധീകരിക്കാന്‍ പ്രവാസികളില്‍ നിന്ന് പ്രസിദ്ധീകരണാലയങ്ങള്‍ പണം വാങ്ങുന്നുവെന്ന വിഷയമാണ് ഒരാള്‍ക്ക് ചൂണ്ടിക്കാണിക്കാനുണ്ടായിരുന്നത്. ഇതിന് മാറ്റം വരുത്താന്‍ കേരള സാഹിത്യ അക്കാദമി ഇടപെടണമെന്നും ആവശ്യമുയര്‍ന്നു. സോണിയ റഫീഖ് മോഡറേറ്ററായിരുന്നു. 
ചെറുതും വലുതുമായ കവിതകളിലൂടെ സംവദിച്ചാണ് കവി കുരീപ്പുഴ ശ്രീകുമാര്‍ സദസ്യരെ കൈയിലെടുത്തത്. കര്‍ഷക തൊഴിലാളികളുടെ ഗാനം ആലപിച്ച് സദസ്യരെക്കൊണ്ട് ഏറ്റുചൊല്ലിച്ചാണ് അദ്ദേഹം തുടങ്ങിയത്. കവിത പിറന്നത് വയലുകളിലാണെന്ന് കുരീപ്പുഴ പറഞ്ഞു. കര്‍ഷക തൊഴിലാളികളാണ് കവിതയുടെ മാതാപിതാക്കള്‍. നാടോടി സംഗീതത്തില്‍ നിന്നാണ് കവിത രൂപപ്പെട്ടുവന്നത്. കേരളത്തില്‍ കടത്തനാടാണ് കവിതയുടെ ഉദ്ഭവ സ്ഥാനമെന്നാണ് കണക്കാക്കപ്പെടുന്നത്. തന്‍െറ സരസമായ പല കവിതകളും അദ്ദേഹം ചൊല്ലിയപ്പോള്‍ ചിരിയോടെയാണ് സദസ്യര്‍ സ്വീകരിച്ചത്. കവിയുടെ ചിന്തകള്‍ വാക്കായും വരിയായും മൊഴിയായും കവിതയായും രൂപാന്തരപ്പെടുകയാണെന്ന് ‘കവിത അതെവിടെയാണ്’ എന്ന വിഷയത്തില്‍ സദസ്യരുമായി നടത്തിയ സംഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ആത്മാവിന്‍െറ മുട്ടലും ഹൃദയത്തിന്‍െറ ഭാഷയുമാണ് കവിത. ഒച്ചയില്ലാത്തവരുടെ ശബ്ദവും ജീവിതം നഷ്ടമായവരുടെ ജീവിതവുമാണത്. ചെറിയവരുടെയും ഒറ്റപ്പെട്ടവരുടെയും ഒളിയിടമാണ്. ഭാഷയുടെ നവീകരണത്തിലൂടെ വൈചാരികവും വൈകാരികവുമായ പുതുലോക നിര്‍മിതി അത് സാധ്യമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജേഷ് ചിത്തിര മോഡറേറ്റായിരുന്നു. കുട്ടികളുടെ സാഹിത്യ രചനാ മത്സരങ്ങളും ശനിയാഴ്ച നടന്നു.

Related News