Loading ...

Home health

ആരോഗ്യമേഖലയ്ക്ക് വീണ്ടും അംഗീകാരം; ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് വീണ്ടും അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ കേരളവും ഇടംനേടി. കോഴിക്കോട് മെഡിക്ക ല്‍ കോളജിലെ ഇഎന്‍ടി വിഭാഗത്തിനാണ് വേള്‍ഡ് ഹിയറിംഗ് ഫോറത്തില്‍ അംഗത്വം ലഭിച്ചത്.ഇവിടെ നടപ്പിലാക്കിയ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍, ന്യൂബോണ്‍ സ്‌ക്രീനിംഗ്, സ്പീച്ച്‌ തെറാപ്പി, സര്‍ക്കാര്‍ പദ്ധതികള്‍ എന്നിവ വിലയിരുത്തിയാണ് അംഗീകാരം. ആരോഗ്യ രംഗത്ത് ലഭിക്കുന്ന മറ്റൊരു അപൂര്‍വ അംഗീകാരമാണിത്. രണ്ട് വര്‍ഷത്തെ ഈ അംഗത്വത്തിലൂടെ കേരളത്തിലെ ഹിയറിംഗ് മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ ലോകത്തെ വിവിധ രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടന മാതൃകയായി അവതരിപ്പിക്കും.എയിംസിനോട് കിടപിടിക്കുന്ന സൗകര്യങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഇ.എന്‍.ടി. വിഭാഗത്തില്‍ സജ്ജമാക്കിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഈ വലിയ നേട്ടം കൈവരിച്ച കോഴിക്കോട് മെഡിക്കല്‍ കോളജിനേയും ഇ.എന്‍.ടി. വിഭാഗത്തേയും അഭിനന്ദിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.മികച്ച സൗകര്യങ്ങളാണ് കോഴിക്കോട് മെഡിക്കല്‍ കൊളേജിലെ ഇ.എന്‍.ടി വിഭാഗത്തില്‍ ഉള്ളത്. ഇവിടെ നിന്നും 355 പേര്‍ക്കാണ് കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയത്. സാമൂഹ്യ സുരക്ഷ മിഷന്റെ ശ്രുതിതരംഗം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 300 ഓളം പേര്‍ക്ക് സൗജന്യമായാണ് കോക്ലിയര്‍ ഇപ്ലാന്റേഷന്‍ നടത്തി.കേരളത്തില്‍ ഏറ്റവുമധികം ഇംപ്ലാന്റേഷന്‍ നടത്തിയതും കോഴിക്കോട് മെഡിക്കല്‍ കോളജിലാണ്.
4,000 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണത്തില്‍ വിശാലമായ പോസ്റ്റ് ഇംപ്ലാന്റ് ആന്റി വെര്‍ബല്‍ തെറാപ്പി സെന്റര്‍ ഈ സര്‍ക്കാര്‍ സാമൂഹ്യ സുരക്ഷ മിഷന്റെ സഹകരണത്തോടെ സജ്ജമാക്കിയിട്ടുണ്ട്. ഇംപ്ലാന്റ് കഴിഞ്ഞ 120 കുട്ടികള്‍ക്കാണ് ഇവിടെ റഗുലര്‍ തെറാപ്പി നല്‍കിവരുന്നത്.സര്‍ക്കാരിന്റെ പദ്ധതിയിലൂടെ 500 പേര്‍ക്ക് കേള്‍വി സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തിട്ടുണ്ട്. ബോണ്‍ കണ്ടക്ഷന്‍ ഹിയറിംഗ് എയ്ഡ് സര്‍ജറി നടത്തുന്ന കേരളത്തിലെ ഏക മെഡിക്കല്‍ കോളേജ് കൂടിയാണിത്. 13 ഓളം കുട്ടികള്‍ക്ക് ഈ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. 4,000ത്തോളം മേജര്‍ ഹിയര്‍ സര്‍ജറികളാണ് ഇവിടെ പ്രതിവര്‍ഷം നടത്തുന്നത്.
സാമൂഹ്യ സുരക്ഷ മിഷന്റെ കാതോരം പദ്ധതിയിലൂടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 15,000ത്തോളം നവജാത ശിശുക്കളുടെ കേള്‍വി പരിശോധനകളാണ് പ്രതിവര്‍ഷം നടത്തി മതിയായ ഇടപെടലുകള്‍ നടത്തുന്നത്.

Related News