Loading ...

Home charity

അന്നദായിനി ഈ അമ്മ

എരിയുന്ന വയറിന്‍റെ വിശപ്പടക്കുന്നതില്‍ ആത്മസംതൃപ്തി കണ്ടെത്തി വീട്ടമ്മ. തന്‍റെയടുത്ത് അന്നം തേടിയെത്തുന്നവര്‍ക്ക് സാമ്പത്തികലാഭം നോക്കാതെ ഭക്ഷണം വിളമ്പുകയാണ് ഇവര്‍. പത്ത് വര്‍ഷമായി കൊല്ലം തേവള്ളി രാമവര്‍മ ക്ലബിന് സമീപം ആര്‍.വി.സി.എ.ആര്‍.എ നഗറിലെ വീട്ടില്‍ അന്നം തേടിയെത്തുന്നവര്‍ക്ക് ഭക്ഷണം തയാറാക്കുന്നതിന്‍റെ തിരക്കിലാണ് യശോദ. ആരുടെയും സഹായമില്ലാതെ ഒറ്റക്കാണ് ദൗത്യം.വിദ്യാര്‍ഥികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഭക്ഷണം കഴിക്കാന്‍ ഇവിടെ എത്തുന്നുണ്ട്. ഉച്ചക്ക് ഊണും രാത്രി കഞ്ഞിയും പയറുമാണ് ആഹാരം. ഊണിനൊപ്പം മീന്‍കറി, മീന്‍ വറുത്തത്, മരച്ചീനി, അവിയല്‍, തോരന്‍, നാരങ്ങ അച്ചാര്‍, സാമ്പാര്‍, പുളിശേരി, മോര് തുടങ്ങിയ വിഭവങ്ങളുണ്ടാകും. തയാറാക്കിവെച്ചിരിക്കുന്ന ഭക്ഷണം ആവശ്യക്കാര്‍ തന്നെ എടുത്തുകഴിക്കണം. വയറുനിറഞ്ഞോ എന്ന ഒരു ചോദ്യം മാത്രമേ 65 കാരിയായ യശോദക്കുള്ളൂ.മറ്റുള്ളവര്‍ക്ക് വയറുനിറയെ ഭക്ഷണം നല്‍കുന്നതാണ് തന്‍റെ സന്തോഷവും സംതൃപ്തിയുമെന്ന് ഇവര്‍ പറയുന്നു. ഭക്ഷണത്തിന് സാമ്പത്തികം നോക്കാറില്ല. ഭക്ഷണശേഷം പണം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ഇടാനായി ഒരു പ്ലാസ്റ്റിക് കൂടവെച്ചിട്ടുണ്ടെന്നുമാത്രം. ഭക്ഷണശേഷം ആളുകള്‍ എത്ര രൂപയിട്ടെന്ന് നോക്കാറില്ല. രാത്രി കൂടയിലുള്ള പണം എത്രയായാലും അതാണ് ഭക്ഷണത്തിനുള്ള വരുമാന മാര്‍ഗം. പലപ്പോഴും 30, 40 രൂപ വരെ കൂടയില്‍ നിക്ഷേപിക്കാറുണ്ടെന്ന് ഇവിടെയെത്തുന്നവര്‍ പറയുന്നു. പരിസരത്തെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് ഇവിടെ ഭക്ഷണം കഴിക്കാനെത്തുന്നവരില്‍ ഭൂരിഭാഗവും.യശോദയുടെ ഭര്‍ത്താവ് ചന്ദ്രാംഗനന്‍ പത്തുവര്‍ഷം മുമ്പ് മരിച്ചു. മക്കളുടെ വിവാഹവും കഴിഞ്ഞു. അതിനു ശേഷമാണ് വീട്ടില്‍ ഭക്ഷണം തയാറാക്കി നല്‍കാന്‍ തുടങ്ങിയത്. ഒരിക്കല്‍ ഒരു വിദ്യാര്‍ഥി ഉച്ചഭക്ഷണം തയാറാക്കിത്തരുമോ എന്ന് യശോദയോട് ചോദിച്ചു. അന്നുമുതലാണ് താന്‍ ആഹാരം തയാറാക്കി വിളമ്പാന്‍ തുടങ്ങിയതെന്ന് ഇവര്‍ പറയുന്നു. സാധനങ്ങളുടെ വില ക്രമാതീതമായി കുതിച്ചുയരുമ്പോഴും ഭക്ഷണം മുടക്കാന്‍ ഈ അമ്മ തയാറല്ല. തനിക്ക് കഴിയുന്നിടത്തോളം കാലം വിശക്കുന്ന വയറുകള്‍ക്ക് അന്നമൂട്ടുകയാണ് അഭിലാഷമെന്നും യശോദ പറയുന്നു.

തയാറാക്കിയത്: നവാസ് കൊല്ലം

Related News