Loading ...

Home health

കേരളത്തില്‍ മരണാനന്തര അവയവദാനം ഇരട്ടിയായി

കൊച്ചി: സംസ്ഥാനത്ത് മരണാനന്തര അവയവദാനം മുന്‍വര്‍ഷത്തെക്കാള്‍കൂടി. കഴിഞ്ഞവര്‍ഷം എട്ടുദാതാക്കളായിരുന്നത് ഈ വര്‍ഷം ഇതുവരെ 16 പേരായി. മൂന്നുമാസംമുമ്ബ് ടി.പി.എം.(ട്രാന്‍സ്പ്‌ളാന്റ് പ്രോക്യുര്‍മെന്റ് മാനേജ്മെന്റ്) സംവിധാനം നടപ്പാക്കിയത് നിരക്ക് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടെന്നാണ് മൃതസഞ്ജീവനി അധികൃതര്‍ പറയുന്നത്. മസ്തിഷ്‌കമരണം നേരത്തേ തിരിച്ചറിയാനും അവയവങ്ങള്‍ സുരക്ഷിതമായെടുക്കാനുമാണ് ടി.പി.എം. ഉപയോഗിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ അവയവദാനം നടക്കുന്ന സ്പെയിനില്‍നിന്നുള്ള വിദഗ്ധസംഘം കേരളത്തിലെത്തി ഇതുമായി ബന്ധപ്പെട്ട ഡോക്ടര്‍മാര്‍ക്ക് പരിശീലനവും നല്‍കിയിരുന്നു. ടി.പി.എം. സംവിധാനം കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലുമാണുള്ളത്. ടി.പി.എം. പരിശീലനം ലഭിച്ചവര്‍ ഡോക്ടറുടെ സഹായത്തോടെ മസ്തിഷ്‌കമരണം സംഭവിക്കുന്നവരുടെ ബന്ധുക്കളുമായി സംസാരിക്കുകയും അവരിലുണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറ്റുകയും ചെയ്യുന്നത് വലിയ അളവില്‍ ഗുണംചെയ്യുന്നുണ്ട്.സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം റോഡപകടങ്ങളില്‍ മരിച്ചത് 4303 പേരാണ്. ഇതില്‍, കുറഞ്ഞത് 200 പേരിലെങ്കിലും മസ്തിഷ്‌കമരണം സംഭവിച്ചിട്ടുണ്ടാകുമെന്നാണ് മൃതസഞ്ജീവനി അധികൃതര്‍ പറയുന്നത്. വൃക്ക ലഭിക്കാനായിമാത്രം 1400-ലേറെ ആളുകളാണ് നിലവില്‍ രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കുന്നത്.

Related News