Loading ...

Home Kerala

തുലാവര്‍ഷം;സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അവധി പ്രഖ്യാപിച്ചു

തിരുവനന്തപുരം:അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിക്കുന്നതിനാല്‍ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി ശക്തമായ മഴ പെയ്യുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശൂര്‍ ജില്ലകളിലാണ് പൂര്‍ണവും ഭാഗികവുമായ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ജില്ലയിലെ കേന്ദ്ര സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കുമെന്ന് കലക്ടര്‍ അറിയിച്ചിട്ടുണ്ട്. എറണാകുളത്ത് സ്റ്റേറ്റ്, സിബിഎസ്‌ഇ, ഐസിഎസ്‌ഇ, ഐ എസ് ഇ സ്‌കൂളുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ എന്നിവയ്ക്കാണ് അവധി. കോളേജുകള്‍ക്ക് അവധിയില്ലെന്ന് കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അംഗന്‍വാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസുകള്‍ ഉച്ചയ്ക്ക് 2.30 ന് അവസാനിപ്പിക്കണമെന്നാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. തൃശൂരില്‍ അംഗനവാടികള്‍ക്കും സി.ബി.എസ്.ഇ, കേന്ദ്രീയ വിദ്യാലയ എന്നിവയുള്‍പ്പെടെ എല്ലാ വിഭാഗം സ്‌കൂളുകള്‍ക്കുമാണ് അവധി. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് ഇന്നും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂരും കാസര്‍ഗോഡും ഒഴികെ മറ്റ് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടായിരിക്കുമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു.

Related News