Loading ...

Home Kerala

പുതുക്കിയ മദ്യനയം അംഗീകരിച്ചു: ഐ ടി പാര്‍ക്കുകളില്‍ പബ്ബുകള്‍ വരും,​ മദ്യശാലകളുടെ എണ്ണം കൂട്ടും

തിരുവനന്തപുരം: പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഐടി മേഖലയില്‍ പബ്ബ് അനുവദിക്കാനും മദ്യശാലകളുടെ എണ്ണം കൂട്ടാനും തീരുമാനിച്ചു.പത്ത് വര്‍ഷം പ്രവൃത്തി പരിചയമുള്ളതും മികച്ച പേരുള്ളതുമായ ഐടി സ്ഥാപനങ്ങള്‍ക്കാകും പബ്ബ് അനുവദിക്കുക. ഇവിടേക്ക് പുറത്ത് നിന്നുള്ളവര്‍ക്ക് പ്രവേശനമുണ്ടാകില്ല.
വീര്യം കുറഞ്ഞ മദ്യമെത്തിക്കാനും ഔട്ട്‌ലെറ്റുകളുടെ സൗകര്യം കൂട്ടാനും തീരുമാനമായിട്ടുണ്ട്. ബിവറേജസ് കോര്‍പറേഷന് 170 ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കണമെന്ന നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു.സ്ഥലസൗകര്യമുള്ളിടത്ത് ആധുനിക സംവിധാനങ്ങളോടെ ഔട്ട്‌ലെറ്റുകള്‍ ആരംഭിക്കാന്‍ അനുമതി നല്‍കാനാണ് തീരുമാനം. പാര്‍ക്കിംഗ് സൗകര്യവും ആളുകള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങുന്നതിനുള്ള സൗകര്യവും ഒരുക്കും. വിമാനത്താവളങ്ങളില്‍ പ്രീമിയം കൗണ്ടറുകള്‍ തുടങ്ങും.കാര്‍ഷിക ഉത്പന്നങ്ങളില്‍ നിന്നും മദ്യം ഉല്‍പ്പാദിപ്പിക്കാനും 2016ല്‍ പൂട്ടിയ 72 ഔട്ട് ലെറ്റുകള്‍ തുറക്കാനും തീരുമാനമായി. അതേസമയം, കള്ളു ഷാപ്പുകളുടെ ദൂരപരിധി കുറയ്‌ക്കുന്നതില്‍ തീരുമാനമെടുത്തിട്ടില്ല. എല്ലാ മാസവും ഒന്നാം തീയതിയിലെ ഡ്രൈ ഡേ തുടരും.
ഡ്രൈ ഡേ വേണ്ടതില്ലെന്ന് കരട് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ ആവശ്യത്തെ തുടര്‍ന്ന് തുടരാന്‍ തീരുമാനിക്കുകയായിരുന്നു. കാര്‍ഷികമേഖലയുടെ പുനരുജ്ജീവനത്തിനായി ധാന്യങ്ങള്‍ ഒഴികെയുള്ള തനത് കാര്‍ഷികോല്‍പ്പന്നങ്ങളില്‍ നിന്ന് വീര്യം കുറഞ്ഞ മദ്യം, വൈന്‍ ഉത്പാദിപ്പിക്കുന്നതിനും അനുമതി നല്‍കും.

Related News