Loading ...

Home Kerala

റേഷന്‍ ശേഖരണ-വിതരണ വാഹനങ്ങളില്‍ അമിതഭാരം കയറ്റരുതെന്നു സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ഉത്തരവ്

തൃശൂര്‍: റേഷന്‍ ശേഖരണ-വിതരണ വാഹനങ്ങളില്‍ അമിതഭാരം കയറ്റരുതെന്ന ഉത്തരവ് അഞ്ചാം തവണയും ഇറക്കി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ (സപ്ലൈകോ).2017ല്‍ ദേശീയ ഭക്ഷ്യ ഭദ്രത നിയമം (എന്‍.എഫ്.എസ്.എ) കേരളത്തില്‍ നടപ്പാക്കിയതിന് പിന്നാലെ വിവിധ ഘട്ടങ്ങളില്‍ നാലുതവണ ഇറക്കിയ ഉത്തരവ് പാലിക്കപ്പെടാത്ത സാഹചര്യത്തിലാണ് വീണ്ടും ഉത്തരവ് ഇറക്കേണ്ട ഗതികേടുണ്ടായത്. ഉദ്യോഗസ്ഥരും വാഹന കരാറുകാരും തമ്മിലെ ഒത്തുകളിയില്‍ ഇക്കാര്യം നിരന്തരം ലംഘിക്കപ്പെടുകയാണ്.ഹൈകോടതി ഉത്തരവു പോലും കാറ്റില്‍ പറത്തിയാണ് വാഹനങ്ങളില്‍ അമിതഭാരം കയറ്റുന്നത്. ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍റെ ഉത്തരവിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സപ്ലൈകോക്ക് ഇത് സംബന്ധിച്ച്‌ നിര്‍ദേശം നല്‍കിയെങ്കിലും തുടര്‍ നടപടി സ്വീകരിച്ചിരുന്നില്ല. വാഹനങ്ങളില്‍ അമിതഭാരം കയറ്റിയ 1500 രേഖകള്‍ ഹരജിക്കാരന്‍ ഹൈകോടതിയില്‍ ഹാജരാക്കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നിര്‍ദേശം നല്‍കിയതോടെയാണ് സപ്ലൈകോക്ക് വീണ്ടും ഉത്തരവ് ഇറക്കേണ്ടി വന്നത്. നേരത്തെ ഇറക്കിയവയില്‍ നിന്നും ഭിന്നമായി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവില്‍ അമിത ഭാരം കയറ്റിനല്‍കരുതെന്ന് ഉേദ്യാഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശമുണ്ട്. വാഹനങ്ങളില്‍ അനുവദിക്കപ്പെട്ടതില്‍ അധികം ഭക്ഷ്യധാന്യങ്ങള്‍ കയറ്റി അയക്കുന്ന എന്‍.എഫ്.എസ്.എ ഗോഡൗണ്‍ ഓഫിസ് ഇന്‍ചാര്‍ജുമാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. എഫ്.സി.ഐകളില്‍ നിന്നും സ്വകാര്യ മില്ലുകളില്‍ നിന്നും റേഷന്‍ വസ്തുക്കള്‍ ഗോഡൗണുകളില്‍ എത്തിക്കുകയും റേഷന്‍കടകളിലേക്ക് വിതരണം ചെയ്യുകയും ചെയ്യുന്ന വാഹനങ്ങളില്‍ ഇരട്ടിയില്‍ അധികം ലോഡ് കയറ്റുന്നതായാണ് പരാതി.10 ടണിന് പകരം 20ല്‍ അധികം ടണ്‍ കയറ്റുന്നതിന് ഉദ്യോഗസ്ഥ ഒത്താശയുമുണ്ട്. അമിതഭാരത്തില്‍ ട്രിപ്പുകള്‍ കുറക്കുകയും അതേസമയം കരാര്‍ അനുസരിച്ച്‌ അനുവദനീയമായ ട്രിപ്പിന് തുക ഈടാക്കുകയുമാണ് കരാറുകാര്‍ ചെയ്യുന്നത്. ഇതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി കൃത്യമായി ലഭിക്കുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ ഫിറ്റ്നസ് ഇല്ലാത്ത വാഹനങ്ങളില്‍ പോലും ഭക്ഷ്യധാന്യ വിതരണത്തിന് അനുമതി നല്‍കുന്ന പ്രവണതയാണ് ഉദ്യോഗസ്ഥര്‍ക്കുള്ളത്.

Related News