Loading ...

Home Kerala

പെട്രോകെമിക്കല്‍ ഹബ്ബാകാന്‍ കൊച്ചി, ബി.പി.സി.എല്‍ പെട്രോകെമിക്കല്‍ പദ്ധതി കമ്മിഷനിംഗിലേക്ക്

കൊച്ചി: ബി.പി.സി.എല്‍ കൊച്ചി റിഫൈനറിക്ക് അനുബന്ധമായി 5,246 കോടി രൂപ ചെലവില്‍ ഒരുക്കുന്ന പ്രൊപ്പിലീന്‍ ഡെറിവേറ്റീവ്‌സ് പെട്രോകെമിക്കല്‍ പ്രൊജക്‌ടിന്റെ (പി.ഡി.പി.പി) കമ്മിഷനിംഗ് ഈ മാസം 15ന് ആരംഭിക്കും. അടുത്ത മാര്‍ച്ച്‌-ഏപ്രിലോടെ കമ്മിഷനിംഗ് പൂര്‍ണമാകും. പി.ഡി.പി.പിയുടെ ഉത്‌പന്നങ്ങളായ അക്രിലിക് ആസിഡ് ഡിസംബറിലും അക്രിലേറ്റ് 2020 മാര്‍ച്ച്‌-ഏപ്രിലിലും വിപണിയിലെത്തുമെന്ന് കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ പ്രസാദ് കെ. പണിക്കര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. നിഷ് പെട്രോകെമിക്കലുകള്‍ ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യ റിഫൈനറിയാണ് കൊച്ചി ബി.പി.സി.എല്‍. നിലവില്‍, നിഷ് പെട്രോകെമിക്കലുകള്‍ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. വര്‍ഷം 4,500 കോടി രൂപയുടേതാണ് ഇറക്കുമതി. പി.ഡി.പി.പി കമ്മിഷന്‍ ചെയ്യുന്നതോടെ, ഈ ചെലവ് ലാഭിക്കാം. മൂന്ന് യൂണിറ്റുകളാണ് പി.ഡി.പി.പിയിലുള്ളത്. ഇതില്‍ പ്രതിവര്‍ഷം 160 കിലോടണ്‍ ശേഷിയുള്ള അക്രിലിക് ആസിഡ് യൂണിറ്റ് ലോകത്തെ ഏറ്റവും വലുതും ഇന്ത്യയിലെ ആദ്യത്തെയുമാണ്. 212 കിലോടണ്‍ ശേഷിയുള്ള ഓക്‌സോ ആല്‍ക്കഹോള്‍ യൂണിറ്റ്, 190 കിലോടണ്‍ ശേഷിയുള്ള അക്രിലെറ്റ്‌സ് യൂണിറ്റ് എന്നിവയാണ് മറ്റു യൂണിറ്റുകള്‍. ഓക്‌സോ ആല്‍ക്കഹോള്‍ യൂണിറ്റ് ഇന്ത്യയിലെ ഏറ്റവും വലുതും ലോകത്തെ രണ്ടാമത്തേതുമാണ്. ജനറല്‍ മാനേജര്‍ (പ്രൊജക്‌ട് ടെക്‌നിക്കല്‍) എ.എന്‍. ശ്രീറാം, ജനറല്‍ മാനേജര്‍ (പി.ആര്‍ ആന്‍ഡ് അഡ്‌മിന്‍) ജോര്‍ജ് തോമസ്, എക്‌സിക്യൂട്ടീവ് ഡയറക്‌ടര്‍ (റിഫൈനറി ഓപ്പറേഷന്‍സ്) പി. മുരളി മാധവന്‍, ചീഫ് ജനറല്‍ മാനേജര്‍ (പ്രൊജക്‌ട്‌സ്) സുരേഷ് ജോണ്‍ എന്നിവരും പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

Related News