Loading ...

Home National

പാകിസ്താനെതിരെ സൈനിക നടപടിക്ക് മന്‍മോഹന്‍ തയാറെടുത്തെന്ന് മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പാകിസ്താനെതിരെ സൈനിക നടപടിക്ക് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തയാറെടുത്തിരുന്നതായി മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്‍റെ വെളിപ്പെടുത്തല്‍. 'ഫോര്‍ ദ് റെക്കോര്‍ഡ്' എന്ന ഒാര്‍മക്കുറിപ്പുകള്‍ അടങ്ങിയ പുസ്തകത്തിലാണ് മന്‍മോഹനെ കുറിച്ച്‌ പ്രതിപാദിക്കുന്നത്. 2011ലെ മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് മന്‍മോഹന്‍ സിങ് ശക്തമായി നടപടിക്ക് തീരുമാനിച്ചിരുന്നു. മറ്റൊരു ആക്രമണം കൂടി ഉണ്ടായാല്‍ പാകിസ്താനെതിരെ സൈനിക നടപടി ഉണ്ടാകുമെന്ന് മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി തന്നോട് പറഞ്ഞിരുന്നതായും കാമറൂണ്‍ വ്യക്തമാക്കി. മന്‍മോഹന്‍ സിങ് ഒരു വിശുദ്ധ മനുഷ്യനാണെന്നും അദ്ദേഹവുമായി അടുത്ത ബന്ധമാണ് ഉണ്ടായിരുന്നതെന്നും ഡേവിഡ് കാമറൂണ്‍ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുമായി പുതിയ പങ്കാളിത്തം ആവശ്യമാണെന്ന നിലപാടാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ താന്‍ സ്വീകരിച്ചത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യവും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവും തമ്മിലുള്ള ബന്ധത്തിന്‍റെ സാധ്യതകളാണ് താന്‍ തേടിയത്. യു.എസുമായുള്ള പ്രത്യേക ബന്ധത്തിന് പകരം ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുമായുള്ള സവിശേഷ ബന്ധമായിരുന്നു താന്‍ ആഗ്രഹിച്ചതെന്നും ഡേവിഡ് കാമറൂണ്‍ വിശദീകരിക്കുന്നു. ബ്രിട്ടീഷ് അധിനിവേശ കാലത്ത് കൂട്ടക്കൊല നടന്ന ജാലിയന്‍വാലാബാഗ് സന്ദര്‍ശിച്ചതിനെ കുറിച്ചും പുസ്തകത്തില്‍ കാമറൂണ്‍ വിശദീകരിക്കുന്നുണ്ട്. ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമാണ് ജാലിയന്‍വാലാബാഗില്‍ നടന്നതെന്ന് താന്‍ രേഖപ്പെടുത്തിയിരുന്നു. തന്‍റെ ഈ നിലപാട് ബ്രിട്ടണില്‍ സൃഷ്ടിക്കാന്‍ പോകുന്ന പ്രതികരണത്തെ കുറിച്ച്‌ ബോധ്യമുണ്ടായിരുന്നു. എന്നാല്‍, സന്തോഷത്തോടെയാണ് ഈ നിലപാട് സ്വീകരിച്ചതെന്നും കാമറൂണ്‍ ചൂണ്ടിക്കാട്ടുന്നു. ബ്രിട്ടീഷ് പ്രധാനമന്ത്രി എന്ന നിലയില്‍ ഡേവിഡ് കാമറൂണ്‍ മൂന്നു തവണ ഇന്ത്യയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. യൂറോപ്യന്‍ യൂണിയന്‍ വിടാനുള്ള ബ്രെക്സിറ്റിനായി 2016ല്‍ നടത്തിയ ജനഹിത പരിശോധനക്ക് പിന്നാലെ പ്രധാനമന്ത്രി പദം കാമറൂണ്‍ രാജിവെച്ചു.

Related News