Loading ...

Home National

എണ്ണയ്ക്കായി ഇനി ഗള്‍ഫ് രാജ്യങ്ങള്‍ മാത്രം പോര, കണ്ണ് തുറന്ന് ഇന്ത്യ,നിര്‍ണായക നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സൗദിയുടെ പൊതുമേഖലാ എണ്ണക്കമ്ബനിയായ അരാംകോയുടെ എണ്ണപ്പാടത്തിനും എണ്ണ സംസ്കരണശാലയ്ക്കും നേരെയുണ്ടായ ഡ്രോണാക്രമണത്തിന് തൊട്ടുപിന്നാലെയുണ്ടായ എണ്ണപ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയെ റഷ്യ സഹായിക്കും. റഷ്യയുടെ എറ്റവും വലിയ എണ്ണകമ്ബനിയായ റോസ്‌നെഫ്റ്റാണ് ഇന്ത്യയ്ക്ക് എണ്ണ നല്‍കുക. സൗദിയിലെ എണ്ണപ്രതിസന്ധി ഇന്ത്യയെ ബാധിച്ച പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാനും റോസ്‌നെഫ്റ്റ് ചെയര്‍മാന്‍ ഇഗര്‍ സേച്ചിയും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടിക്കാഴ്ചയിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്നുണ്ടായ എണ്ണവില വര്‍ദ്ധനവ് ഇന്ത്യയെ സാരമായി ബാധിച്ചിട്ടുണ്ടെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. മൊത്തം ഉപഭോഗത്തിന്റെ 80ശതമാനം ക്രൂഡോയിലും 18 ശതമാനം പ്രകൃതി വാതകവും ഗള്‍ഫ് മേഖലയില്‍ നിന്ന് മാത്രം ഇന്ത്യ ഇറക്കുമതി ചെയ്യുന്നുണ്ട്. അതിനാല്‍ത്തന്നെ ആക്രമണം മൂലം ക്രൂഡ് ഓയിലിന്റെ വിലയില്‍ ഉണ്ടായ പെട്ടെന്നുള്ള വര്‍ദ്ധന ഇന്ത്യയെ സാരമായി ബാധിച്ചു. ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചിലവുകളെയും വ്യാപാര കമ്മിയെയുമാണ് ഇത് കാര്യമായി ബാധിക്കുക. എണ്ണവിലയില്‍ ഉണ്ടാകുന്ന ഓരോ ഡോളര്‍ വിലവര്‍ദ്ധനയും ഒരു വര്‍ഷത്തില്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതി ചെലവുകളില്‍ 10,700 കോടിയുടെ വര്‍ദ്ധനവ്‌ വരുത്തും. 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ മാത്രം 111.9 ബില്ല്യണ്‍ ഡോളറാണ് ഇന്ത്യ എണ്ണ ഇറക്കുമതിക്കായി ചിലവഴിച്ചത്. ഹൂതി വിമതര്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് എണ്ണ ഉത്പാദനം പകുതിയായിരുന്നു. ഇതോടെ പ്രതിദിനം 57 ലക്ഷം ബാരല്‍ എണ്ണയാണ് നഷ്ടമാവുക. സൗദിയുടെ പ്രതിദിന എണ്ണ ഉത്പാദനം 98 ലക്ഷം ബാരലില്‍ നിന്ന് 41ലക്ഷം ബാരലായി കുറയും. കനത്ത നാശനഷ്ടമുണ്ടായ ബുഖ്‍യാഖ് പ്ലാന്റിലും ഖുറൈസ് എണ്ണപ്പാടത്തും പുനരുദ്ധാരണ നടപടികള്‍ പുരോഗമിക്കുകയാണ്. ലോകത്തെ ഏറ്റവും വലിയ ക്രൂഡ് ഓയില്‍ സ്റ്റെബിലൈസേഷന്‍ പ്ലാന്റാണ് ബുഖ്‍യാഖിലേത്. ലോകത്തെ പ്രതിദിന എണ്ണ വിതരണം പത്ത് കോടി ബാരലാണ്. അതിന്റെ പത്ത് ശതമാനം ആണ് സൗദി ഉല്‍പ്പാദിപ്പിക്കുന്നത്.

Related News